ശമ്പളപരിഷ്കരണത്തിന് തുക ബജറ്റിൽ; സാമ്പത്തിക സ്ഥിതികൂടി പരിഗണിച്ച് കമീഷൻ
text_fieldsതിരുവനന്തപുരം: ശമ്പളപരിഷ്കരണ ബാധ്യത നേരിടാൻ ബജറ്റിൽതന്നെ തുക വകയിരുത്തിയിട്ടുണ്ടെങ്കിലും വരുംവർഷങ്ങളിലും സർക്കാർ സാമ്പത്തികമായി ഞെരുങ്ങും. ശമ്പളം, പെൻഷൻ എന്നിവയുടെ വിഹിതത്തിൽ 15,398 കോടി രൂപയാണ് അധികം ഉൾക്കൊള്ളിച്ചത്. ശമ്പള ഇനത്തിൽ 11,705 കോടിയും പെൻഷന് 3695.53 കോടിയും. ഡി.എ, ലീവ് സറണ്ടർ കുടിശ്ശികകളും നൽകാനുണ്ട്. ഇതിനുകൂടിയാണ് ബജറ്റിലെ തുക.
സാമ്പത്തികസാഹചര്യം പരിഗണിച്ച് 4810 കോടി രൂപയുടെ അധിക ബാധ്യയാണ് പരിഷ്കരണത്തിലൂടെ കമീഷൻ നിർദേശിച്ചത്. കഴിഞ്ഞ കമീഷൻ 5277 കോടിയുടെ അധികബാധ്യതാനിർദേശങ്ങളാണ് നൽകിയതെങ്കിലും നടപ്പാക്കിയപ്പോൾ 7500കോടി വേണ്ടിവന്നു. ഇക്കൊല്ലം ശമ്പള ഇനത്തിൽ 28,026.05 കോടിയാണ് ആവശ്യം.
അത് അടുത്തവർഷം 39,731.46 കോടിയായി ഉയർത്തി. പെൻഷന് 19,412.45 കോടിയിൽനിന്ന് 23,105.98 കോടിയും. സാമ്പത്തികസ്ഥിതി കൂടി പരിഗണിച്ചാണ് കമീഷെൻറ ശിപാർശ. സർവിസ് വെയിറ്റേജ്, സിറ്റി കോമ്പൻസേറ്ററി അലവൻസ് എന്നിവ നിർത്തി. കഴിഞ്ഞ കമീഷൻ 80 ശതമാനം ക്ഷാമബത്ത അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിച്ചിരുന്നു.
ഇക്കുറി 28 ശതമാനം മാത്രമാണ് ലയിപ്പിക്കുന്നത്. 2020ന് ശേഷം നൽകാനുള്ള ക്ഷാമബത്ത അനുവദിച്ചിട്ടുമില്ല. അത് നൽകണോ എന്നതിൽ തീരുമാനം സർക്കാറിന് വിട്ടു. 10ാം ശമ്പള കമീഷൻ 10 വർഷത്തേക്കാണ് പരിഷ്കരണം ശിപാർശ ചെയ്തത്. സർക്കാർ അത് അംഗീകരിച്ചില്ല. പുതിയ കമീഷൻ 2026ൽ കേന്ദ്ര ശമ്പള പരിഷ്കരണത്തിന് ശേഷമേ കമീഷനെ നിയോഗിക്കാവൂവെന്ന് ശിപാർശ ചെയ്തിട്ടുണ്ട്.
കഴിഞ്ഞ കമീഷൻ നൽകിയ നിയന്ത്രണ നിർദേശങ്ങൾ തെരഞ്ഞെടുപ്പിന് മുമ്പായതിനാൽ നടപ്പായില്ല. പുതിയ കമീഷൻ തെരഞ്ഞെടുപ്പിനുശേഷം ഇത് നൽകുമെന്നാണ് വ്യക്തമാക്കുന്നത്. തെരഞ്ഞെടുപ്പ് ഭീഷണിയില്ലാതെ പുതിയ സർക്കാറിന് ഇത് പരിശോധിക്കാനാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.