കൽപറ്റ നാരായണനും ഹരിത സാവിത്രിക്കും സാഹിത്യ അക്കാദമി പുരസ്കാരം
text_fieldsതൃശൂർ: 2023ലെ കേരള സാഹിത്യ അക്കാദമി അവാർഡിന് പ്രമുഖ കവി കൽപറ്റ നാരായണനും നോവലിസ്റ്റ് ഹരിത സാവിത്രിയും അർഹരായി. കൽപറ്റ നാരായണന്റെ ‘തെരഞ്ഞെടുത്ത കവിതകൾ’ എന്ന കൃതിക്കും ഹരിത സാവിത്രിയുടെ ‘സിൻ’ എന്ന നോവലിനുമാണ് പുരസ്കാരം.
മറ്റ് അവാർഡ് ജേതാക്കൾ: ചെറുകഥ -എൻ. രാജൻ (ഉദയ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്), നാടകം -ഗിരീഷ് പി.സി. പാലം (ഇ ഫോർ ഈഡിപ്പസ്), സാഹിത്യവിമർശനം -പി. പവിത്രൻ (ഭൂപടം തലതിരിക്കുമ്പോൾ), വൈജ്ഞാനിക സാഹിത്യം -ബി. രാജീവൻ (ഇന്ത്യയെ വീണ്ടെടുക്കൽ), ജീവചരിത്രം/ആത്മകഥ -കെ. വേണു (ഒരന്വേഷണത്തിന്റെ കഥ), യാത്രാവിവരണം -നന്ദിനി മേനോൻ (ആംചൊ ബസ്തർ), വിവർത്തനം -എ.എം. ശ്രീധരൻ (കഥാകദികെ), ബാലസാഹിത്യം -ഗ്രേസി (പെൺകുട്ടിയും കൂട്ടരും), ഹാസസാഹിത്യം -സുനീഷ് വാരനാട് (വാരനാടൻ കഥകൾ). 25,000 രൂപയും സാക്ഷ്യപത്രവും ഫലകവുമാണ് പുരസ്കാരങ്ങൾ.
എം.ആർ. രാഘവവാരിയർ, സി.എൽ. ജോസ് എന്നിവർക്കാണ് അക്കാദമി വിശിഷ്ടാംഗത്വം. 50,000 രൂപയും രണ്ടു പവൻ സ്വർണപ്പതക്കവും പ്രശസ്തിപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. കെ.വി. കുമാരൻ, പ്രേമ ജയകുമാർ, പി.കെ. ഗോപി, ബക്കളം ദാമോദരൻ, എം. രാഘവൻ, രാജൻ തിരുവോത്ത് എന്നിവർക്ക് സമഗ്ര സംഭാവനക്കുള്ള പുരസ്കാരം ലഭിച്ചു. 30,000 രൂപയും സാക്ഷ്യപത്രവും പൊന്നാടയും ഫലകവുമാണ് പുരസ്കാരം. മലയാള സാഹിത്യത്തിന് ഗണ്യമായ സംഭാവനകൾ അർപ്പിച്ച, 70 വയസ്സ് പിന്നിട്ട എഴുത്തുകാരെയാണ് സമഗ്ര സംഭാവന വിഭാഗത്തിൽ പരിഗണിക്കുന്നത്.
ലേഖനത്തിനുള്ള സി.ബി. കുമാർ അവാർഡിന് (3000 രൂപ) കെ.സി. നാരായണൻ (മഹാത്മാ ഗാന്ധിയും മാധവിക്കുട്ടിയും), വൈദികസാഹിത്യത്തിനുള്ള കെ.ആർ. നമ്പൂതിരി അവാർഡിന് (2000 രൂപ) കെ.എൻ. ഗണേശ് (തഥാഗതൻ), വൈജ്ഞാനിക സാഹിത്യത്തിനുള്ള ജി.എൻ. പിള്ള അവാർഡിന് (3000 രൂപ) ഉമ്മുൽ ഫായിസ (ഇസ്ലാമിക ഫെമിനിസം), ചെറുകഥക്കുള്ള ഗീതാ ഹിരണ്യൻ അവാർഡിന് (10,000 രൂപ) എ.വി. സുനു (ഇന്ത്യൻ പൂച്ച), യുവകവിത അവാർഡിന് (10,000 രൂപ) ആദി (പെണ്ണപ്പൻ), സാഹിത്യവിമർശനത്തിനുള്ള പ്രഫ. എം. അച്യുതൻ എൻഡോവ്മെന്റിന് (25,000 രൂപ) ഒ.കെ. സന്തോഷ് (അനുഭവങ്ങൾ അടയാളങ്ങൾ), പ്രബന്ധത്തിനുള്ള തുഞ്ചൻ സ്മാരക പുരസ്കാരം (5000 രൂപ) കെ.ടി. പ്രവീൺ (സീത - എഴുത്തച്ഛന്റെയും വാല്മീകിയുടെയും കുമാരനാശാന്റെയും) എന്നിവർ അർഹരായി. നോവൽ പഠനത്തിനുള്ള വിലാസിനി പുരസ്കാരത്തിന് (50,000 രൂപ) അർഹമായ കൃതി ഇക്കുറിയില്ലെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ, സെക്രട്ടറി സി.പി. അബൂബക്കർ, വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ എന്നിവർ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.