രാജ്യത്തെ ആദ്യ ‘ആർട്ടിസ്റ്റ് ഡേറ്റ ബാങ്കു’മായി കേരള സംഗീത നാടക അക്കാദമി
text_fieldsതൃശൂർ: കേരള സംഗീത നാടക അക്കാദമിക്കു കീഴിൽ രാജ്യത്തെ ആദ്യ ആർട്ടിസ്റ്റ് ഡേറ്റ ബാങ്ക് നിലവിൽവന്നു. അക്കാദമി പരിധിയിലെ വിവിധ കലാമേഖലകളില്‍ പ്രശംസനീയ സംഭാവനകള്‍ നല്കിയ കലാകാരന്മാരെക്കുറിച്ച വിവരങ്ങള്‍ ഉള്‍ക്കൊള്ളുന്നതാണ് ‘കേരള ആര്‍ട്ടിസ്റ്റ് ഡേറ്റ ബാങ്ക്’. കഴിഞ്ഞ ദിവസം നടന്ന അക്കാദമി പുരസ്കാര സമര്‍പ്പണ ചടങ്ങിലാണ് മന്ത്രി സജി ചെറിയാന് അക്കാദമി വെബ്സൈറ്റിന്റെയും ഡേറ്റ ബാങ്കിന്റെയും ഉദ്ഘാടനം നിര്‍വഹിച്ചത്.
ഭാവിയില്‍ സര്‍ക്കാര്‍ സേവനങ്ങളും ആനുകൂല്യങ്ങളും കലാകാരന്മാര്ക്ക് ലഭിക്കാനുള്ള പ്രാഥമിക സ്രോതസ്സായി ഇത് മാറുമെന്ന് അക്കാദമി സെക്രട്ടറി കരിവെള്ളൂര്‍ മുരളി പറഞ്ഞു. അക്കാദമിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralasangeethanatakaakademi.inല്‍ കയറി ആര്‍ട്ടിസ്റ്റ് ഡേറ്റ ബാങ്ക് എന്ന ലിങ്ക് വഴി ഗൂഗ്ള്‍ ഫോം പൂരിപ്പിച്ചുനല്‍കി കലാകാരന്മാർക്ക് ഇതിന്റെ ഭാഗമാകാം. 20 വയസ്സിന് മുകളിലുള്ളവർക്കാണ് പേര് ചേര്‍ക്കാന്‍ അവസരം.
ഗൂഗ്ള്‍ ഫോമില്‍ 41 ചോദ്യങ്ങളുണ്ട്. ഇവക്ക് ഉത്തരം നല്കി ‘സബ്മിറ്റ്’ ബട്ടണ്‍ അമര്‍ത്തിയാല്‍ ഡേറ്റ ബാങ്കിലേക്കുള്ള വിവരസമര്പ്പണത്തിന്റെ പ്രാഥമികഘട്ടം പൂര്‍ത്തിയാകും. തുടര്‍ന്ന് അക്കാദമിയിലെ വിദഗ്ധ പാനല്‍ ഗൂഗ്ള്‍ ഫോം പരിശോധിച്ചശേഷമാകും ഡേറ്റ ബാങ്കില്‍ ഉൾപ്പെടുത്തണമോ വേണ്ടയോ എന്ന് തീരുമാനിക്കുക. വിവരങ്ങള്‍ ഓഫ് ലൈനായി സ്വീകരിക്കില്ല.
കേരളത്തിനകത്തും മറ്റു സംസ്ഥാനങ്ങളിലും വിദേശത്തുമുള്ള മലയാളി കലാകാരന്മാർക്ക് നേരിട്ടോ ചുമതലപ്പെടുത്തുന്ന വ്യക്തികള്‍ വഴിയോ ഗൂഗ്ള്‍ ഫോം പൂരിപ്പിച്ച് സബ്മിറ്റ് ചെയ്യാം. വരുംമാസങ്ങളില്‍ ഇതിൽ ഉൾപ്പെടുത്തിയ കലാകാരന്മാരുടെ പ്രൊഫൈല്‍ പൊതുജനങ്ങള്‍ക്ക് കാണാനാകുമെന്ന് സെക്രട്ടറി അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.