സിൽവർ ലൈൻ: ഗുരുതര പ്രത്യാഘാതം വരുത്തുമെന്ന് ആവർത്തിച്ച് പരിഷത്ത്
text_fieldsകൊച്ചി: സില്‍വര്‍ലൈൻ പദ്ധതിക്ക് കേരളത്തിന്റെ വികസനത്തിൽ മുൻഗണനയല്ലെന്ന നിലപാട് ആവർത്തിച്ച് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത്. പദ്ധതി സംബന്ധിച്ച് സംഘടന നടത്തിയ പുതിയ പഠനത്തിൽ അതുണ്ടാക്കുന്ന പരിസ്ഥിതി, സാമൂഹിക പ്രത്യാഘാത സാധ്യതകള്‍ ഗൗരവമേറിയതും കേരളത്തിന്റെ കെട്ടുറപ്പിനെ സാരമായി ബാധിക്കുന്നതുമാണെന്ന് കണ്ടെത്തി. തുടർന്ന് എറണാകുളം കടയിരുപ്പിൽ നടന്ന 59ാം സംസ്ഥാന സമ്മേളനം സിൽവർ ലൈനുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ജനങ്ങളുമായി ചർച്ചചെയ്യാൻ തയാറാകണമെന്ന് സർക്കാറിനോട് ആവശ്യപ്പെട്ടു.
സിൽവർലൈൻ കടന്നുപോകുന്ന 30 മീറ്റർ പ്രദേശത്തെയും അതിനു ഇരുവശവും വരുന്ന 85 മീറ്റർ വീതമുള്ള പ്രദേശത്തെയും പ്രത്യേകമായി എടുത്താണ് സംഘടന പുതിയ പഠനം നടത്തിയത്. പാത കടന്നുപോകുന്ന 202 കിലോമീറ്റർ പ്രളയസാധ്യത പ്രദേശമാണ്. ഇവിടെത്തന്നെ 1050 ഏക്കറിൽ എംബാങ്ക്മെന്റുകളോ കട്ടിങ്ങുകളോ ആണ് നിർമിക്കുന്നതെന്നത് പ്രതിസന്ധി വർധിപ്പിക്കും. പാത 204 ഇടത്ത് അരുവികളെയും 57 ഇടത്ത് നദികളെയോ മറ്റു ജലാശയങ്ങളെയോ മുറിക്കുന്നുണ്ട്.
500ഓളം അടിപ്പാതകളും 500ഓളം പാലങ്ങളും പദ്ധതിയുടെ ഭാഗമായി പുതുതായി നിർമിക്കേണ്ടി വരും. ഇവയാക്കെ നീരൊഴുക്കിന്റെ സ്വാഭാവികതയിൽ വരുത്താവുന്ന മാറ്റങ്ങളെപ്പറ്റി ഡി.പി.ആറില്‍ കാര്യമായാന്നും പറയുന്നില്ല. നെല്‍വയലുകള്‍, ചതുപ്പുകള്‍, നദീമുഖങ്ങള്‍, കണ്ടല്‍ക്കാടുകള്‍, ചെങ്കല്‍കുന്നുകള്‍, വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ആവാസവ്യവസ്ഥകള്‍, ജൈവ വൈവിധ്യ സങ്കേതങ്ങള്‍ എന്നിവയിലൂടെയെല്ലാം സില്‍വര്‍ലൈന്‍ കടന്നുപോകുന്നുണ്ട്.
പാത പോകുന്ന സ്ഥലത്ത് 30 മീറ്റർ പരിധിയില്‍ 8469 കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റേണ്ടി വരുമെന്നും അടക്കമുള്ള നിരവധി കാര്യങ്ങൾ പഠനം വിശദീകരിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.