ഓട്ടം നിലച്ച് ‘കേരള സവാരി’
text_fieldsകൊച്ചി: സർക്കാർ ഉടമസ്ഥതയിലുള്ള രാജ്യത്തെ ആദ്യ ഓൺലൈൻ ഓട്ടോ-ടാക്സി സർവിസ് എന്ന പേരിൽ തുടങ്ങിയ ‘കേരള സവാരി’യുടെ ഓട്ടം നിലച്ചു.
യാത്രാനിരക്കിനെ ചൊല്ലി ഡ്രൈവർമാർ ഇടഞ്ഞതും പദ്ധതിക്കായി രൂപകൽപന ചെയ്ത മൊബൈൽ ആപ്ലിക്കേഷനിലെ പ്രശ്നങ്ങളുമാണ് ഒന്നര വർഷം മുമ്പ് പരീക്ഷണാടിസ്ഥാനത്തിൽ തലസ്ഥാന നഗരത്തിൽ ആരംഭിച്ച ‘കേരള സവാരി’യുടെ യാത്രക്ക് തടസ്സമായത്.
പരീക്ഷണം വിജയിച്ചാൽ എറണാകുളം, തൃശൂർ ജില്ലകളിലേക്ക് വ്യാപിപ്പിക്കാൻ ലക്ഷ്യമിട്ട പദ്ധതി ഏറെക്കുറെ നിർജീവാവസ്ഥയിലാണ്.
2022 ആഗസ്റ്റ് 17ന് തിരുവനന്തപുരം നഗരസഭ പരിധിയിലാണ് കേരള സവാരിക്ക് തുടക്കമിട്ടത്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ തൊഴിൽവകുപ്പും പൊതുമേഖല സ്ഥാപനമായ പാലക്കാട് ഇന്ത്യൻ ടെലിഫോൺ ഇൻഡസ്ട്രീസും (ഐ.ടി.ഐ) ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. പരീക്ഷണാടിസ്ഥാനത്തിൽ ആറ് മാസത്തേക്ക് ആരംഭിച്ച പദ്ധതി ഒരു വർഷം പിന്നിട്ടിട്ടും വിജയം കാണാതെ വന്നതോടെയാണ് പാതിവഴിയിൽ നിലച്ചത്. കരാർ പ്രകാരം സർക്കാർ നിശ്ചയിച്ച മിനിമം നിരക്ക് ഓട്ടോക്ക് 30 രൂപയും ടാക്സി കാറിന് അഞ്ച് കിലോമീറ്റർ വരെ 200 രൂപയും എട്ട് ശതമാനം സർവിസ് ചാർജുമാണ്. 5,314 ഡ്രൈവർമാർ പദ്ധതിയിൽ രജിസ്റ്റർ ചെയ്തു. എന്നാൽ, നിരക്ക് കൂട്ടിനൽകണമെന്ന ആവശ്യം നിരസിക്കപ്പെട്ടതോടെ ഡ്രൈവർമാർ ബുക്കിങ് സ്വീകരിക്കാതായി. ആപ് പ്രവർത്തനം താളം തെറ്റിയതോടെ യാത്രക്കാർക്കും താൽപര്യമില്ലാതായി.
അതേസമയം, സ്വകാര്യ ഓൺലൈൻ ടാക്സികൾ യാത്രക്കാർക്ക് ഓഫറുകളും ഡ്രൈവർമാർക്ക് കൂടുതൽ കമീഷനും ഇൻസെന്റീവും വാഗ്ദാനം ചെയ്ത് കളംപിടിച്ചു. ഇതോടെ പദ്ധതിക്കായി തെരഞ്ഞെടുത്ത് പരിശീലനം നൽകിയ ഡ്രൈവർമാർ ഭൂരിഭാഗവും ‘കേരള സവാരി’യെ കൈയൊഴിഞ്ഞു.
പ്രതിമാസം ശരാശരി പത്ത് ലക്ഷം രൂപ പ്രവർത്തനച്ചെലവുള്ള പദ്ധതി നിലനിർത്താൻ പ്രീപെയ്ഡ് സ്റ്റാന്റുകളിലെ നിരക്കെങ്കിലും ഈടാക്കാൻ അനുവദിക്കണമെന്ന തൊഴിൽ വകുപ്പിന്റെ ആവശ്യവും ഗതാഗത വകുപ്പ് അംഗീകരിച്ചില്ല. ഇതോടെയാണ് പദ്ധതി നിലച്ചത്.
തൊഴിൽ, ഗതാഗത മന്ത്രിമാരുടെ സാന്നിധ്യത്തിൽ ഇത് സംബന്ധിച്ച് രണ്ട് മാസം മുമ്പ് യോഗം ചേർന്നിരുന്നു. പദ്ധതി നടത്തിപ്പ് ഏജൻസിയായ തൊഴിൽ വകുപ്പ് സാഹചര്യങ്ങൾ വിലയിരുത്തി സ്വന്തം നിലക്ക് നിരക്ക് നിശ്ചിക്കാനാണ് ധാരണ.
സ്വകാര്യ ഓൺലൈൻ ടാക്സി കമ്പനികളോട് കിടപിടിക്കുംവിധം ആപ്ലിക്കേഷൻ ആധുനികവത്കരിച്ചും നിരക്ക് കാലാനുസൃതമായി പുതുക്കിയും പദ്ധതി വൈകാതെ പുനരാരംഭിക്കുമെന്നാണ് തൊഴിൽ വകുപ്പ് അധികൃതർ പറയുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.