കേന്ദ്രനയങ്ങൾ ശ്വാസംമുട്ടിക്കുന്നു; അടിവരയിട്ട് മുഖ്യമന്ത്രിയും ധനമന്ത്രിയും
text_fieldsതിരുവനന്തപുരം: കേന്ദ്ര സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തെ ശ്വാസംമുട്ടിക്കുന്നെന്ന് അടിവരയിട്ട് നിയമസഭയിൽ മുഖ്യമന്ത്രിയും ധനമന്ത്രിയും. ബജറ്റിതര വിഭവ സമാഹരണം കേന്ദ്രത്തിനാകാം, എന്നാൽ കേരളത്തിനായിക്കൂടാ എന്നാണ് കേന്ദ്രസർക്കാർ നിലപാടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കേന്ദ്രസർക്കാറിനെക്കുറിച്ച് 2022ലെ സി.എ.ജി റിപ്പോർട്ടിലെ പരാമർശം ചൂണ്ടിക്കാട്ടിയാണ് ചോദ്യോത്തര വേളയിൽ മുഖ്യമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. എയർ ഇന്ത്യ ഹോൾഡിങ് കമ്പനി, ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപറേഷൻ, ദേശീയപാത അതോറിറ്റി തുടങ്ങിയവ കടമെടുക്കുന്ന തുക കേന്ദ്രസർക്കാർ കണക്കിൽ കാണിച്ചിട്ടില്ല.
എയർ ഇന്ത്യ ഹോൾഡിങ് കമ്പനി 14985 കോടി രൂപ കടമെടുത്തത് രേഖകളിൽ ഉൾപ്പെടുത്തിയിട്ടില്ല. ആകെ 21985 കോടി കടമെടുത്തപ്പോൾ 7000 കോടി മാത്രമാണ് സ്റ്റേറ്റ്മെന്റിൽ കാണിച്ചത്. ഉൾപ്പെടുത്താത്ത 14985 കോടിക്ക് കേന്ദ്രസർക്കാർ ഗ്യാരന്റിയും നൽകിയിട്ടുണ്ട്.
ഇന്ത്യൻ റെയിൽവേസ് ഫിനാൻസ് കോർപറേഷനാകട്ടെ വിഭവ സമാഹരണത്തിനായി എടുത്ത 36400 കോടി കടവും സ്റ്റേറ്മെന്റിൽ കാണിച്ചിട്ടില്ല. റെയിൽവേ മന്ത്രാലയത്തിന് ഇന്ത്യൻ ഫിനാൻസ് കോർപറേഷൻ ബജറ്റിലൂടെ നൽകുന്ന തുക ഉപയോഗിച്ചാണ് ഈ വായ്പയുടെ തിരിച്ചടവ്. 2016-17 വർഷത്തിൽ കേന്ദ്രസർക്കാർ 79167 കോടിയും 2017-18 ൽ 88095 കോടിയും 2018-19 ൽ 162605 കോടിയും 2019-20 ൽ 148316 കോടിയുമാണ് ബജറ്റിതര വിഭവസമാഹരണത്തിനായി കടമെടുത്തത്. കേന്ദ്രത്തിനിതാകാം നമുക്കിതായിക്കൂടാ എന്നാണോ കേന്ദ്ര നിലപാടെന്നും മുഖ്യമന്തി ചോദിച്ചു.
കേന്ദ്രസർക്കാർ പിന്തുടരുന്ന സാമ്പത്തിക നയങ്ങൾ സംസ്ഥാനത്തെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ പറഞ്ഞു.
സംസ്ഥാന റവന്യൂ വരുമാനത്തിന്റെ പ്രധാന സ്രോതസ്സ് കേന്ദ്രത്തിൽനിന്നുള്ള നികുതി വിഹിതവും കേന്ദ്രാവിഷ്കൃത പദ്ധതികളിലൂടെയുള്ള വിഭവ കൈമാറ്റവുമാണ്. കുറേ വർഷങ്ങളായി കേരളത്തിന് ലഭിക്കേണ്ട വിഹിതത്തിൽ കുറവ് ഉണ്ടായിട്ടുണ്ട്. കേന്ദ്ര ആസൂത്രണ കമീഷൻ നിലവിലുണ്ടായിരുന്നപ്പോൾ ലഭിച്ചിരുന്ന ഒറ്റത്തവണ കേന്ദ്രസഹായം, അധിക കേന്ദ്രസഹായം, സാധാരണ കേന്ദ്രസഹായം എന്നിവ ഇതിനകം നിർത്തലാക്കി.
ചരക്ക് സേവനനികുതി നടപ്പാക്കിയതോടെ സംസ്ഥാനങ്ങൾക്ക് നികുതി വർധനക്കുള്ള ഇടപെടലുകൾക്ക് പരിമിതിയും നിയന്ത്രണവുമുണ്ടായി. പെട്രോളിയം ഉൽപന്നങ്ങൾ, മദ്യം തുടങ്ങി ചുരുക്കം ഇനങ്ങൾക്ക് മാത്രമാണ് സംസ്ഥാനങ്ങൾക്ക് നികുതി ഏർപ്പെടുത്താൻ അധികാരമുള്ളതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.