പനിയിലും തളർന്നിട്ടില്ല, പിന്നല്ലേ പാട്ടുമാറിയാൽ...
text_fieldsകൊല്ലം: കടുത്ത പനിയും ചുമയുമായാണ് തിരുവനന്തപുരം നെയ്യാറ്റിൻകര സെന്‍റ് തെരേസാസ് കോൺവെന്‍റ് സ്കൂളിലെ വിദ്യാർഥിനി നന്ദന നാടോടിനൃത്ത മത്സരത്തിനെത്തിയത്. വേദിയിൽ ചെസ്റ്റ് നമ്പർ വിളിച്ചപ്പോൾ ആളില്ല. പനി കൂടി തളർന്നുവീണിരുന്നു. ആശുപത്രിയിൽ പോയി ഡ്രിപ്പിട്ട ശേഷമാണ് മടങ്ങിവന്നത്. വിവരമറിയിച്ചിരുന്നതിനാൽ സംഘാടകർ വീണ്ടും അവസരം നൽകി.
പ്രോപ്പർട്ടിയായ കുലച്ച വാഴയുമായി സ്റ്റേജിൽ കയറി നൃത്തം തുടങ്ങിയപ്പോ ദേ വരുന്നു വേറെ ഏതോ പാട്ട്. അന്തംവിട്ടുനിന്ന നന്ദന പാട്ടുമാറി എന്നറിയിച്ചതോടെ പെട്ടെന്ന് കർട്ടൻ താഴ്ത്തി. തുടർന്ന് ശരിയായ പാട്ടിട്ട് നൃത്തമാടിതീർത്തു.
വാഴയിലയിൽ ഉണ്ണാൻ ആഗ്രഹിച്ച് മകൻ ഇല മുറിക്കുന്നതും ഇതിനിടെ പാമ്പുകടിയേറ്റ് മരിക്കുന്നതും മൃതദേഹം ആ ഇലയിൽ കിടത്തുന്നതുമെല്ലാമായിരുന്നു നൃത്തത്തിന്‍റെ ഇതിവൃത്തം. ഒമ്പതാം ക്ലാസ് വിദ്യാർഥിയായ നന്ദന ആദ്യമായാണ് സംസ്ഥാന കലോത്സവത്തിൽ മത്സരിക്കുന്നത്.
നെയ്യാറ്റിൻകര സ്റ്റേഷനിലെ എ.എസ്.ഐ ആയിരുന്ന ബിനുകുമാർ ആണ് പിതാവ്. രണ്ടു വർഷം മുമ്പാണ് ഇദ്ദേഹം ഹൃദയാഘാതം വന്നുമരിച്ചത്. സഹകരണബാങ്ക് ജീവനക്കാരിയായ ജിജിയാണ് മാതാവ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.