നജീബിനെ കണ്ടില്ലെങ്കിലും ആ ഹൃദയം അനന്തനുണ്ണിക്കറിയാം
text_fieldsബെന്യാമിന്റെ ‘ആടുജീവിതം’ നോവലിന് കാരണക്കാരനായ നജീബിന്റെ നാടായ കാർത്തികപ്പള്ളിയിലേക്ക് ചെട്ടിക്കുളങ്ങരയിൽ നിന്ന് അരമണിക്കൂറിൽ താഴെയാണ് ദൂരം. നജീബിനെ അനന്തനുണ്ണി നേരിൽ കണ്ടിട്ടില്ല പക്ഷേ, നജീബിന്റെ നോവും നൊമ്പരവും നിസ്സഹായതയും മറ്റാരെക്കാളും അനന്തനുണ്ണിക്കറിയാം. ‘ആടുജീവിത’ത്തിലൂടെ മലയാളി വായിച്ചറിഞ്ഞ മരുക്കാട്ടിലെ തീവ്രമായ അതിജീവന കഥക്ക് നാടോടിനൃത്തത്തിലൂടെ ദൃശ്യഭാഷ്യമേകിയാണ് കാർത്തികപ്പള്ളിക്കാരനായ അനന്തനുണ്ണി അരങ്ങിൽ വൈകാരികമായി ആടിപ്പാടിയത്.
അക്ഷരങ്ങളിലൂടെ വായനലോകം ഹൃദയം കൊണ്ടേറ്റുവാങ്ങിയ ചോരപൊടിയുന്ന ജീവിതാനുഭവങ്ങളെ അതേ തീവ്രതയോടെ സദസ്സ് നേരിട്ടനുഭവിച്ചു. നാടോടി മത്സര വേദികളിലെ പരമ്പരാഗത ഇതിവൃത്തങ്ങളിൽ നിന്ന് വ്യത്യസ്തമായി പച്ചയായ ജീവിത യാഥാർഥ്യങ്ങളിലേക്കുള്ള ചൂണ്ടുപലക എന്നതായിരുന്നു അവതരണത്തെ വേറിട്ടതാക്കിയത്. ആലപ്പുഴ കാർത്തികപ്പള്ളി കൊയ്പള്ളി വി.എസ്.എസ്.എച്ച്.എസിലെ എട്ടാം ക്ലാസ് വിദ്യാർഥിയായ അനന്തനുണ്ണി രണ്ടുമാസം കൊണ്ടാണ് നൃത്തം പരിശീലിച്ചത്. നാടോടി നൃത്തത്തിലെ പതിവ് സങ്കേതങ്ങളായ അരിവാളിനും പങ്കായത്തിനും കുറത്തിയുടെ തത്തപ്പെട്ടിക്കും പകരം ആടും തൊഴുത്തും പാത്രങ്ങളും അമ്മയുടെ ഫോട്ടോയുമടക്കം വേദിയിലെത്തിച്ച് വൈകാരികമായിരുന്നു അവതരണം. ഇന്നലെകളെക്കുറിച്ച് വ്യാകുലപ്പെടുകയോ നാളയെക്കുറിച്ച് ആകാംക്ഷപ്പെടുകയോ ചെയ്യാതെ ഇന്നിനെ കുറിച്ച് മാത്രം ചിന്തിച്ച നജീബായി അനന്തനുണ്ണി മാറുകയായിരുന്നു. എഴുത്തുകാരൻ ബെന്യാമിനെ നേരിൽ കാണണമെന്ന് മോഹമുണ്ട്.
ബെന്യാമിന്റെ നാടായ കുളനട സമീപ ജില്ലയിലാണ്. ആഗ്രഹം സാക്ഷാത്കാരിക്കാൻ മാതാവ് തുഷാരയും പിതാവ് അശോക് കുമാറും സന്നദ്ധതയറിയിച്ചതാണ് ഏറെ സന്തോഷം. ഫുട്ബാളിനെ ഏറെ ഇഷ്ടപ്പെടുന്ന അനന്തനുണ്ണി കരിമുട്ടം അറ്റ്ലസ് ക്ലബ് ടീമിന്റെയും ചത്തിയറ സാന്റോസിന്റെയും റൈറ്റ് വിങ് പ്ലയറാണ്. ഒപ്പം അർജന്റീന ഫാനും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.