മതമൈത്രിയാണീ അഞ്ചല മുദ്ര...
text_fieldsകൊല്ലം: മതമൈത്രിയും മാനവികതയുമാണ് അഞ്ചലയുടെ കലാമുദ്ര. അതാണ് മുസ്ലിം കുടുംബത്തിൽ ജനിച്ച അഞ്ചല ഹൈന്ദവ പുരാണത്തിലെ കംസവധം നങ്ങ്യാർകൂത്തിലൂടെ അരങ്ങിലെത്തിച്ചത്. മാതാവ് റഹീന മകളുടെ ഇഷ്ടങ്ങൾക്ക് പൂർണ പിന്തുണ നൽകി ഒപ്പം നിന്നതോടെ മലപ്പുറം പോട്ടൂർ മോഡേൺ എച്ച്.എസ്.എസിലെ ഈ വിദ്യാർഥി കലോത്സവത്തിൽ മുഖാഭിനയവും മുദ്രാഭിനയവും പകർന്നാടി തിളങ്ങി.
കുട്ടിക്കാലത്ത് ടി.വിയിൽ കൈലാസം സീരിയൽ കണ്ട് അതിലെ ശിവതാണ്ഡവം ഇഷ്ടമായതോടെയാണ് അഞ്ചല നൃത്തരംഗത്തേക്ക് ചുവടുവെച്ചത്. നാടോടിനൃത്തത്തിലായിരുന്നു തുടക്കം. കേരള നടനത്തിലും നാടോടിനൃത്തത്തിലും ഇത്തവണ ജില്ല വരെയെത്തി. ഹൈസ്കൂൾ വിഭാഗം നങ്ങ്യാർകൂത്തിൽ ജില്ലയിൽ ഒന്നാമതായി കൊല്ലത്തേക്കും വണ്ടികയറി. ഇത്തവണയും സ്കൂൾ അധികൃതർ പത്തോളം പേരെ പരിശീലകയായ കലാമണ്ഡലം സംഗീത ടീച്ചറെ ഏൽപിച്ചുവെങ്കിലും, പ്രതിഭ കണ്ട് ടീച്ചർ അഞ്ചലയെ തെരഞ്ഞെടുക്കുകയായിരുന്നു. സാമ്പത്തികപ്രശ്നമടക്കം മാതാവ് റഹീനയെ അലട്ടിയെങ്കിലും സ്കൂളിലെ അധ്യാപകരായ സി.എച്ച്. അബ്ബാസിന്റെയും കെ.വി. വിജിയുടെയും പൂർണപിന്തുണയിൽ പ്രതിസന്ധികൾ വഴിമാറി.
കംസനെ കൊല്ലാൻ കൃഷ്ണൻ ഭൂമിയിൽ ജനിച്ചു എന്നറിയുമ്പോൾ മധുര നിവാസികളുടെ മുഖത്തെ രൗദ്രം, ശ്യംഗാരം, വീരം, കരുണം, ഭയം എന്നീ ഭാവങ്ങളാണ് ഇരുപത് മിനിറ്റിലെ പകർന്നാട്ടത്തിൽ അഞ്ചല അടയാളപ്പെടുത്തിയത്. ഭാവിയിൽ ഡോക്ടറാവാനും കലാരംഗത്ത് ചുവടുറപ്പിക്കാനുമാണ് ഈ ഒമ്പതാം ക്ലാസുകാരിയുടെ ആഗ്രഹം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.