ചവിട്ടുനാടകത്തിൽ ദളവ; പുത്തൻ വിളംബരവുമായി തമ്പിയാശാൻ
text_fieldsമധ്യയൂറോപ്പിലെ നാടക കലാരൂപങ്ങളിലെ ഇതിഹാസ കഥകളാണ് മിക്ക ചവിട്ടുനാടകങ്ങൾക്കും ആധാരമാകാറുള്ളത്. എന്നാൽ, കൊല്ലത്ത് ചവിട്ടുനാടകത്തിൽ വേലുത്തമ്പി ദളവയുടെ ഇതിഹാസത്തിന് പുനർജന്മമായി. നാലു പതിറ്റാണ്ടായി ചവിട്ടുനാടക വേദിയിലുള്ള തമ്പി പയ്യപ്പിള്ളിയാണ് വേലുത്തമ്പി ദളവയുടെ കഥയെ അവതരിപ്പിച്ചത്. സ്കൂൾ കലോത്സവത്തിൽ ചവിട്ടുനാടകം ഉൾപ്പെടുത്തിയതു മുതൽ തമ്പിയാശാന്റെ കുട്ടികൾ അരങ്ങ് തകർക്കുന്നുണ്ട്. വ്യത്യസ്ത കഥകൾ ഇതിവൃത്തമാക്കിയിട്ടുള്ള അദ്ദേഹം ഇത്തവണയും പതിവ് തെറ്റിച്ചില്ല.
ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിൽ മാത്രം കേരളത്തിലെ അങ്ങോളമിങ്ങോളമുള്ള എട്ട് സ്കൂളുകളിലെ ടീമുമായാണ് അദ്ദേഹമെത്തി വിജയം കൊയ്തത്. കാറൾസ് മാൻ ചരിതം മുതൽ വിവിധ ചരിത്രങ്ങളെ പശ്ചാത്തലമാക്കിയിട്ടുള്ള അദ്ദേഹം കൊല്ലത്തെത്തിയപ്പോഴും പതിവ് തെറ്റിച്ചില്ല.
കുണ്ടറ വിളംബരവും വേലുത്തമ്പി ദളവയുടെ കഥയും ഇതിവൃത്തമാക്കിയാണ് കോഴിക്കോട് സെൻറ് ജോസഫ് ആംഗ്ലോ ഇന്ത്യൻസ് സ്കൂൾ വിദ്യാർഥികളെ അദ്ദേഹം സംസ്ഥാനതലത്തിലെത്തിച്ചത്. ചവിട്ടുനാടകത്തിന് വിവിധ കഥകൾ പശ്ചാത്തലമാക്കാനാകുമെന്ന് അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. ആറുമാസം മുമ്പാണ് വേലുത്തമ്പി ദളവയുടെ കഥയെടുത്ത് ചവിട്ടുനാടകത്തിനായി എഴുതി തയാറാക്കിയത്. പാട്ടിന്റെ വരികളെഴുതി ചുവടുകൾ നിശ്ചയിച്ച് കുട്ടികളെ പരിശീലിപ്പിച്ചു.
കൂടാതെ, അലക്സാണ്ടർ ചക്രവർത്തിയുടെയും ജൂലിയസ് സീസറുടെയുമൊക്കെ കഥകൾ ഇതിവൃത്തമാക്കിയും കുട്ടികളെ അദ്ദേഹം എത്തിച്ചു. കാർമൽ എച്ച്.എസ്.എസ് തിരുവനന്തപുരം, കൊല്ലം കുണ്ടറ എൽ.എഫ് സ്കൂൾ, ഇടുക്കി കൂമ്പംപാറ ഫാത്തിമ മാതാ, കോട്ടയം മൗണ്ട് കാർമൽ എച്ച്.എസ്.എസ്, ഡി.എസ് ഗുരുകുലം ആലത്തൂർ പാലക്കാട്, പൊന്നാനി വിജയമാത, കോഴിക്കോട് സെന്റ് ജോസഫ്, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ എന്നിങ്ങനെ സ്കൂളുകളാണ് എച്ച്.എസ് വിഭാഗത്തിൽ തമ്പി പയ്യപ്പിള്ളിയുടെ പരിശീലനത്തിൽ സംസ്ഥാന തലത്തിലെത്തിയത്. മികച്ച വിജയമാണ് സ്കൂളുകൾ നേടിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.