അനീതികൾക്കെതിരെ വിരൽചൂണ്ടി നാടകവേദി
text_fieldsകൊല്ലം ജില്ലയുടെ നാടക പാരമ്പര്യം ഉൾക്കൊണ്ട് ഒഴുകിയെത്തിയ നിറഞ്ഞ സദസ്സിന്റെ മനസ്സ് നിറച്ച് ഒന്നിനൊന്ന് മികച്ച അവതരണങ്ങൾ. കലോത്സവത്തിന്റെ രണ്ടാം ദിനത്തിൽ ഹയർസെക്കൻഡറി വിഭാഗം നാടകങ്ങളാണ് സദസ്സിന്റെ മനം കവർന്നതെങ്കിൽ ഞായറാഴ്ച ഹൈസ്കൂൾ കുട്ടികളാണ് അഭിനയ മികവിനാൽ മികച്ചുനിന്നത്. സാമൂഹിക വിമർശനത്തിന്റെ കൂരമ്പുകളെയ്യുകയായിരുന്നു ഓരോ നാടകങ്ങളും. ഗിരീഷ് പി.സി. പാലം സംവിധാനം ചെയ്ത് കൽപറ്റ എൻ.എസ്.എസ് ഹൈസ്കൂൾ അരങ്ങിലെത്തിച്ച ‘കൃഷ്ണഗാഥ’ പരീക്ഷയിൽ ലഭിക്കുന്ന മാർക്ക് നോക്കി കുട്ടികളുടെ ഭാവി വിലയിരുത്തരുതെന്നും, എന്തു കഴിക്കണം, എന്തു പഠിക്കണം, എന്ത് ഉടുക്കണം എന്നതടക്കമുള്ള കാര്യങ്ങൾ അവരവർ തീരുമാനിക്കട്ടെയെന്നും ചൂണ്ടിക്കാട്ടുന്നു.
അധികാര കേന്ദ്രത്തിനും ഫാഷിസത്തിനും വർണവെറിക്കും സ്ത്രീവിരുദ്ധതക്കുമെതിരായ പരിഹാസശരങ്ങളേറെയുള്ളതാണ് കോഴിക്കോട് തിരുവങ്ങൂർ എച്ച്.എസിന്റെ ‘ഓസ്കാർ പുരുഷു’ നാടകം. ശിവദാസ് പൊയിൽകാവ് രചനയും സംവിധാനവും നിർവഹിച്ച നാടകം ആണധികാരത്തെയും ചോദ്യം ചെയ്യുന്നു. കൊടുമൺ ഗോപാലകൃഷ്ണൻ സംവിധാനം നിർവഹിച്ച് ചങ്ങനാശ്ശേരി സെന്റ് ജോസഫ്സ് ജി.എച്ച്.എസ് അരങ്ങിലെത്തിച്ച ‘ഇരകൾ’ കുട്ടികൾക്കെതിരായ അതിക്രമങ്ങൾക്കെതിരെയാണ് പടവാളുയർത്തുന്നത്.
ജാതിയുടെയും മതത്തിന്റെയും പേരിൽ മനുഷ്യർക്കിടയിൽ വേലിക്കെട്ടുകൾ തീർക്കുന്നതിനെ ചോദ്യം ചെയ്ത് മനുഷ്യസ്നേഹത്തിന്റെ മഹത്തായ സന്ദേശമാണ് ജിനോ ജോസഫ് സംവിധാനം ചെയ്ത് മേമുണ്ട എച്ച്.എസ് അരങ്ങിലെത്തിച്ച ‘ഷിറ്റ്’ ന്റെ പ്രമേയം. നടന്മാരായ മുകേഷ് എം.എൻ.എ, വിനോദ് കോവൂർ അടക്കമുള്ള പ്രമുഖർ നാടകം കാണാൻ എത്തിയിരുന്നു. വൈകീട്ട് 4.15ഓടെ പെയ്ത കനത്തമഴ പോലും കൊല്ലത്തിന്റെ നാടകാവേശത്തെ തണുപ്പിച്ചില്ല. രാത്രിയേറെ നീണ്ട മത്സരം കാണാൻ സോപാനം ഹാളിൽ സദസ്സ് നിറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.