സ്കൂൾ കലോത്സവങ്ങൾ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമുള്ള വേദി -മുഖ്യമന്ത്രി
text_fieldsകൊല്ലം: സ്കൂൾ കലോത്സവങ്ങൾ വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമുള്ള വേദിയായി മാറുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതേസമയം, കുട്ടികളുടെ കലോത്സവവേദി രക്ഷിതാക്കളുടെ മത്സരവേദിയാകരുതെന്നും മുഖ്യമന്ത്രി പറഞ്ഞു. കൊല്ലം ആശ്രാമം മൈതാനത്തെ പ്രധാനവേദിയിൽ 62ാമത് സംസ്ഥാന സ്കൂൾ കലോത്സവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വൈവിധ്യങ്ങളാർന്ന സംസ്കാരങ്ങളുടെ സമന്വയമാണ് ഇന്ത്യ. നാനാത്വത്തിൽ ഏകത്വമെന്ന നമ്മുടെ നാടിന്‍റെ അടിസ്ഥാന തത്വം തന്നെ ഇല്ലാതാക്കിക്കൊണ്ട് ഒരേ വസ്ത്രം, ഒരേ ഭക്ഷണം, ഒരേ ഭാഷ, ഒരേ സംസ്കാരം എന്ന നിലയിൽ ഒറ്റ കള്ളിയിലേക്ക് എല്ലാറ്റിനെയും ചുരുക്കുന്ന രീതി രാജ്യത്ത് ശക്തമായി വരികയാണ്. വൈവിധ്യങ്ങൾ സമ്മർദത്തിലാകുന്നതിലൂടെ പിന്നോട്ടടിക്കപ്പെടുന്നത് കലാരൂപങ്ങൾ കൂടിയാണ്. വൈവിധ്യങ്ങളെ പ്രോത്സാഹിപ്പിക്കാനും സംരക്ഷിക്കാനുമുള്ള വേദിയായി സ്കൂൾ കലോത്സവങ്ങൾ മാറുകയാണ്.
കുട്ടികളുടേതാണ് കലോത്സവം. രക്ഷിതാക്കളുടെ മത്സരമായി മാറാൻ പാടില്ല. സാമ്പത്തിക പ്രശ്നം കാരണം കലാപ്രവർത്തനം നടത്താൻ കഴിയാത്തവരെ പ്രോത്സാഹിപ്പിക്കാനുള്ള സംവിധാനം ഉണ്ടാവണം. മദ്യം, മയക്കുമരുന്ന് എന്നിവയുടെ പിടിയിൽ കുട്ടികൾ അകപ്പെടുന്നില്ല എന്ന് ഉറപ്പുവരുത്തണം. അകപ്പെട്ടവരെ പുറത്തുകൊണ്ടുവരാനുള്ള മാർഗം കൂടിയാണ് കലയെന്നും മുഖ്യമന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.