അധ്യാപികയുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കൊട്ടൂക്കരയിലെ കുട്ടികൾ
text_fieldsകൊല്ലം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പി.പി.എം എച്ച്.എസ്.എസ് കൊട്ടൂക്കരയിലെ കുട്ടികൾ അവതരിപ്പിച്ച അറബി നാടകം നഹ്നുൽ അയ്ത്താം (ഞങ്ങൾ അനാഥർ) ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സ്കൂളിലെ ഹയർ സെക്കൻഡറി വിഭാഗം അറബിക് അധ്യാപിക റസിയ പനമ്പുലാക്കൽ രചന നിർവ്വഹിച്ച നാടകം, സംവിധാനം ചെയ്തത് അധ്യാപകൻ ഔസാഫ് അഹ്സനാണ്. അധ്യാപകരായ മജീദ് മാനു നാനാക്കൽ, അബ്ദുൽ ഷുക്കൂറും നാടകത്തിന് കരുത്ത് പകർന്നു. നാടകത്തിന് ആർട്ട് വർക്ക് ചെയ്തത് ജിതിൻ വളാഞ്ചേരിയും രതീഷ് പള്ളിക്കലുമാണ്.
നാളെയുടെ വാഗ്ദാനങ്ങളായ കുട്ടികൾ അനുഭവിച്ച് കൊണ്ടിരിക്കുന്ന വേദനകളും യാതനകളും പ്രമേയമാക്കിയ നാടകം ഭാഷാമികവ് കൊണ്ടും തനിമയാർന്ന അഭിനയം കൊണ്ടും സംഭാഷണം കൊണ്ടും വ്യതിരിക്തമായി. അമ്മിഞ്ഞപ്പാലിന്‍റെ മണം മാറാത്ത മക്കളെപ്പോലും ഉപേക്ഷിച്ച് സ്വന്തം സുഖം തേടി പോകുന്ന, മാതൃത്വത്തിന്‍റെ മഹിമയറിയാത്ത മാതാക്കളും ലഹരിക്കടിമപ്പെടുന്ന പിതാക്കളും എന്ത് സംരക്ഷണമാണ് സ്വന്തം മക്കൾക്ക് നൽകുന്നതെന്നാണ് നാടകം ചോദ്യമുയർത്തിയത്. എല്ലാ യുദ്ധങ്ങളിലും കലാപങ്ങളിലും ആദ്യ ഇരകളാക്കപ്പെടുന്ന പാവം കുഞ്ഞുങ്ങൾ തന്നെയാണ് ഇന്ന് ഗസ്സയിലും ബലിയാടാക്കപ്പെടുന്നതെന്ന് നാടകം ഓർമിപ്പിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.