ഒരു തകർപ്പൻ കലാ ഫാമിലി...
text_fieldsഭക്തി കൊണ്ട് ഈശ്വരനെ കീഴ്പ്പെടുത്തിയവളെന്ന അർഥത്തിലാണ് കോതൈക്ക് ആണ്ടാളെന്ന പേരുണ്ടായത്. സർവേശ്വരനോടുള്ള പ്രണയവും അകമഴിഞ്ഞ ഭക്തിയുമെല്ലാം ചിത്രീകരിച്ച് ‘ആണ്ടാൾ വർണം’ നിരഞ്ജൺ ശ്രീലക്ഷ്മി വേദിയിൽ ആടിത്തകർത്തപ്പോൾ അൽപം അകലെ അച്ഛനും അമ്മയും അനുജൻ മാനസ് മഹേശ്വറും നിറകണ്ണുകളോടെ നോക്കിനിന്നു. ഒരുകുടുംബം അത്രമേൽ ഹൃദയത്തോട് ചേർത്ത കലയുടെ സാക്ഷാത്കാരത്തിനായി നടത്തിയ യാത്രകളുടെ സ്മരണകൾ കണ്ണുകളിൽ മിന്നിമറഞ്ഞു.
തൃശൂർ പെരിങ്ങോട്ടുകരയിലെ വാടക വീട്ടിൽ വിദ്യാർഥികൾക്ക് ട്യൂഷനെടുത്താണ് കെ.സി. മഹേഷും ശ്രീദേവിയും മക്കളെ പഠിപ്പിക്കാനും കലാവിദ്യാഭ്യാസത്തിനും പണം കണ്ടെത്തുന്നത്. നന്നേ ചെറുപ്പം മുതൽ മക്കൾ ഇരുവരും നേട്ടങ്ങളുടെ പടികൾ കയറിപ്പോകുന്നത് കാണുമ്പോൾ തങ്ങളുടെ സഹനമൊന്നും ഒന്നുമല്ലെന്ന് പറയും മഹേഷ്. മൂന്നാംവയസ്സിൽ നൃത്തപഠനം തുടങ്ങിയ നിരഞ്ജൺ ശ്രീലക്ഷ്മി കഴിഞ്ഞ മൂന്ന് സംസ്ഥാന സ്കൂൾ കലോത്സവങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം, നാടോടിനൃത്തം വിഭാഗങ്ങളിൽ എ ഗ്രേഡ് നേടിയിരുന്നു. വെള്ളിത്തിരയിലും മിന്നുന്നുണ്ട് ഗവ. എച്ച്.എസ്.എസ് പെരിങ്ങോട്ടുകരയിലെ ഈ മിടുക്കി. ‘നായാട്ട്’ എന്ന സിനിമയിൽ ജോജു ജോർജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ മകളായി ശ്രീലക്ഷ്മി സിനിമയിൽ എത്തിയിരുന്നു.
തമിഴിലും വിജയ് സേതുപതിയുടെ 19/1(a) സിനിമയിലും അഭിനയിച്ചു. എസ്.എൻ.എച്ച്.എസ്.എസ് പെരിങ്ങോട്ടുകരയിലെ പത്താംതരം വിദ്യാർഥിയായ ഇളയ മകൻ ആനന്ദ് മാനസ് മഹേശ്വറും നർത്തകനാണ്. ഹൈസ്കൂൾ തലത്തിൽ ഭരതനാട്യം, കുച്ചിപ്പുടി, കേരളനടനം വിഭാഗങ്ങളിലും ആനന്ദ് മത്സരിക്കുന്നുണ്ട്. മുൻവർഷം ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും ആനന്ദ് എ ഗ്രേഡ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.