തട്ടിമറിഞ്ഞ കസേരയും പാതിയിൽ വീണ പ്രതീക്ഷകളും; എല്ലാം മറക്കാൻ ഇവർക്കീ വിജയം മതി
text_fieldsകൊല്ലം: വയനാട് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലെ ഒപ്പനക്കാരികൾ കലോത്സവം കഴിഞ്ഞ് ചുരംകയറി തിരികെ മടങ്ങുമ്പോൾ ചുണ്ടിലൊരു മന്ദസ്മിതം ബാക്കിയുണ്ടാവും. പൊരുതിനേടിയ ഒരു വിജയത്തിന്‍റെ പുഞ്ചിരി. മണവാട്ടിയുടെ കസേര തട്ടിവീണ് ജില്ല കലോത്സവത്തിൽ പിന്നിലായിപ്പോയതിന്‍റെ ഓർമകൾ മറക്കാൻ ഇവർക്കീ വിജയം മാത്രം മതിയാകും.
ഹൈസ്കൂൾ വിഭാഗം ഒപ്പനയിൽ വയനാട്ടിൽ നിന്ന് അപ്പീലിലൂടെയാണ് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസിലെ കുട്ടികൾ കൊല്ലത്തെത്തിയത്. കലോത്സവ ഒപ്പനകളിൽ വിജയം കുത്തകയാക്കിയ പിണങ്ങോട് സ്കൂൾ ടീമിനെ ഇത്തവണ ചതിച്ചത് സുൽത്താൻ ബത്തേരിയിൽ നടന്ന ജില്ല കലോത്സവത്തിലെ ഒപ്പന വേദിയാണ്. ഒപ്പന മത്സരം പുരോഗമിച്ചുകൊണ്ടിരിക്കെ മണവാട്ടിയുടെ കസേര മറിഞ്ഞു വീണു. ഇതോടെ ടീം പിന്നിലായി. 20 വർഷമായി സംസ്ഥാന കലോത്സവത്തിൽ പങ്കെടുത്തുകൊണ്ടിരുന്ന സ്കൂളിന്‍റെ പ്രതീക്ഷകൾക്ക് തിരിച്ചടിയായി.
എന്നാൽ, വേദിയുടെ തകരാറാണ് മത്സരം തടസ്സപ്പെടാനിടയാക്കിയതെന്ന വാദം അംഗീകരിച്ച അപ്പീൽ കമ്മിറ്റി, പിണങ്ങോട് ടീമിന് കൊല്ലത്തേക്കുള്ള ടിക്കറ്റ് നൽകി. നജാ ഫഹ്മിയ, ഹെമിൻ സീഷ, ഹിസ മിൻഹ, ഫെൽസ, സാധാ ഫാത്തിമ, മർവ എ, അനാമിക, നെബ ഫാത്തിമ, തൻഹ തെസ്നു, ഷഹല എന്നിവരടങ്ങിയ ടീം വിജയത്തിൽ കുറഞ്ഞൊന്നും പ്രതീക്ഷിച്ചല്ല കൊല്ലത്തെത്തിയത്.
മികച്ച പ്രകടനം കാഴ്ചവെച്ച പിണങ്ങോട് ടീം എ ഗ്രേഡ് നേടുകയും ചെയ്തു. 'മുത്താര ദൂതരേ...' എന്ന് തുടങ്ങുന്ന പാട്ടുമായാണ് പിണങ്ങോടിന്‍റെ കുട്ടികൾ ഒപ്പനവേദിയിൽ ആടിത്തകർത്തത്. നാസർ പറശ്ശിനിക്കടവാണ് കുട്ടികളെ ഒപ്പന പഠിപ്പിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.