‘മകനേ, നീയെന്റെ മണമാണ്...'
text_fields‘മകനേ നീയെന്റെ മണമാണ് മനസ്സാണ് ; മറവിക്ക് കൈ തൊടാനാകാത്ത നിറവാണ്’ കവിയും ഗാനരചയിതാവുമായ രാജീവ് ആലുങ്കൽ മകനെക്കുറിച്ച് മുമ്പെഴുതിയത് ഇങ്ങനെയാണ്. ആ അച്ഛനും മകനുമാണ് സംസ്ഥാന സ്കൂൾ കലോത്സവത്തിൽ താരമായത്. പദ്യപാരായണ മത്സരത്തിന്റെ വിധികർത്താവായാണ് രാജീവ് ആലുങ്കൽ എത്തിയത്. മകൻ ആകാശ് രാജ് കവിതാ രചന മത്സരത്തിനും. ‘തനിച്ചിരിക്കുമ്പോൾ ഓർത്തിരിക്കുന്നത്’ എന്നതായിരുന്നു ഹയർ സെക്കൻഡറി വിഭാഗം കവിത രചനയുടെ വിഷയം.
‘തീപിടിച്ച ഹൃദന്തത്തിൽ നിന്നൊരു തേൻ കിനാവു പതുക്കെ പറക്കുന്നു. തോർന്നു പോകാ പ്രതീക്ഷകൾക്കുത്തരതീർപ്പു നൽകി തനിച്ചിരിക്കുന്നു ഞാൻ"എന്ന് തുടങ്ങി ഏകാന്തം എന്ന് പേരിട്ട 24 വരിയിൽ പൂർത്തിയാക്കിയ കവിതയിലൂടെ എ ഗ്രേഡിന് അർഹത നേടുകയായിരുന്നു ആകാശ്. ഒന്നര മണിക്കൂറെടുത്താണ് ആകാശ് കവിത പൂർത്തീകരിച്ചത്.
ചേർത്തല കണ്ടമംഗലം ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ആകാശ് രാജ്. മനുഷ്യന്റെ ആകുലതകളറിയുന്ന നല്ലൊരു മനുഷ്യനായി കലാകാരനായി മാറാൻ സ്വന്തം രക്തത്തിന് കഴിയുന്നുവെന്നതിൽ സന്തോഷം തോന്നുന്നതായി രാജീവ് ആലുങ്കൽ പറഞ്ഞു. പഠന കാലത്ത് ജില്ല കലോത്സവത്തിൽപോലും ഒന്നാം സ്ഥാനം കിട്ടാൻ കഴിയാത്തയാളിന് മകൻ സംസ്ഥാന കലോത്സവത്തിൽ ഒന്നാമതെത്തുമ്പോൾ സന്തോഷമുണ്ടെന്നും കാലം പലതും പൂരിപ്പിക്കുന്നതായും ആലുങ്കൽ പറഞ്ഞു.
അച്ഛന്റെ കവിതകളും ഗാനങ്ങളും ഇഷ്ടപ്പെടുന്ന ആകാശ് അച്ഛന്റെ രചനാ ശൈലിയാണ് ഇഷ്ടപ്പെടുന്നതും പിൻപറ്റുന്നതും. എഴുത്ത് ഇഷ്ടമാണെങ്കിലും അഭിനയ രംഗത്തോടാണ് ഇഷ്ടം കൂടുതൽ. തമ്പി ആന്റണിയുടെ ഹെഡ്മാസ്റ്റർ എന്ന സിനിമയിൽ ഇതിനകം ആകാശ് അഭിനയിച്ചും കഴിഞ്ഞു. 2022ലെ മികച്ച ബാലനടനുള്ള സംസ്ഥാന ഫിലിം ക്രിട്ടിക്സ് അവാർഡ്, വയലാർ അവാർഡ്, പൂവച്ചൽ ഖാദർ അവാർഡ് എന്നീ പുരസ്കാരങ്ങളും ആകാശിനെ തേടി എത്തിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.