അശ്വിനിയുടെ കരുതലിന് എ ഗ്രേഡ്
text_fieldsകൊല്ലം: ജയിച്ച് ഒന്നാമതെത്താനുള്ള വാശിയും വൈരാഗ്യവുമല്ല കലയോടുള്ള സ്നേഹവും അതിന്റെ മാനവികതയും ആത്മാവിഷ്കാരവുമൊക്കെയാണ് കലോത്സവം.
ഇത് കേവലം വാക്കുകളല്ല. എച്ച്.എസ്.എസ് വിഭാഗം കുച്ചിപ്പുടിയിലെ മത്സരാർഥികളായ ദിയയും അശ്വനിയും മേളക്കെത്തിയ പ്രതിഭകൾക്ക് പകർന്ന മാതൃകയാണിത്. ചുരുക്കത്തിൽ കുച്ചിപ്പുടിയിലെ രണ്ടുപേർ തമ്മിലെ പോരാട്ടം കെട്ടിപ്പിടിച്ച് മുത്തം നൽകുന്നതിലാണ് പര്യവസാനിച്ചതെന്ന് പറയാം. തിരുവനന്തപുരം ജില്ലയെ പ്രതിനിധീകരിച്ച് ഹൈകോടതി അപ്പീൽ വഴി എത്തിയ നെടുമങ്ങാട് ദർശന എച്ച്.എസ്.എസിലെ എസ്.എൽ. ദിയ വേദിയിൽ കയറാൻ നേരമാണ് വേഷവിതാനത്തിലെ പാളക്കര (ബേക്ക് ഷീറ്റ്) എടുക്കാൻ മറന്നതറിയുന്നത്. ഇതോടെ ദിയയുടെ മാതാപിതാക്കൾ പല മത്സരാർഥികളോടും പാളക്കര ചോദിച്ചെങ്കിലും കിട്ടിയില്ല. ഇതിനിടെ വഴുതക്കാട് കോട്ടൺഹിൽ എച്ച്.എസ്.എസിലെ എസ്. അശ്വനി പാളക്കര അഴിച്ച് ദിയക്ക് നൽകി.
ദിയയുടെ മത്സരം കഴിഞ്ഞല്ലേ എന്റേത്, പിന്നെന്താണ് എന്ന് ചോദിച്ചായിരുന്നു അശ്വനി പാളക്കര അഴിച്ചുനൽകിയത്. അശ്വനിയുടെ പിതാവ് ശ്രീകുമാറും മാതാവ് സിന്ധുജയും മകളുടെ നല്ല മനസ്സിനെ അഭിനന്ദിക്കുകയും ചെയ്തു. മത്സരത്തിൽ അശ്വനിക്ക് എ ഗ്രേഡ് ലഭിച്ചെങ്കിലും ദിയയുടേത് അപ്പീൽ വഴിയായതിനാൽ ഫലം പ്രഖ്യാപിച്ചിട്ടില്ല.
കണ്ണൂർ കുതിപ്പ്; പിന്നാലെ, കോഴിക്കോട്
കൊല്ലം: 62ാമത് കേരള സ്കൂൾ കലോത്സവത്തിന്റെ മൂന്നാം നാൾ പിന്നിടുമ്പോൾ കുതിപ്പ് തുടർന്ന് കണ്ണൂർ. സ്വർണക്കപ്പിനുള്ള പോരാട്ടത്തിൽ 562 പോയന്റുമായി ഒന്നാമതുള്ള കണ്ണൂരിന് പിന്നിലായി 549 പോയന്റോടെ രണ്ടാം സ്ഥാനത്താണ് കോഴിക്കോട്. 545 പോയന്റുള്ള പാലക്കാടും 534 പോയന്റുമായി തൃശൂരും പിന്നാലെയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.