കലയാണ് സുഗുണൻ മാഷിന്റെ കാഴ്ച
text_fieldsകൂടിയാട്ടവേദിയിൽ കൊച്ചുകലാകാരന്മാരുടെ തകർപ്പൻ പ്രകടനം, സദസ്സിൽ കുറച്ചിങ്ങ് മാറി വൈറ്റ് കെയിനിൽ മിഴാവിന്റെ പെരുക്കത്തിനൊപ്പം താളം പിടിച്ച് സുഗുണൻ മാഷ്. കലയാസ്വദിക്കാൻ കണ്ണെന്തിനെന്ന ചോദ്യത്തിനൊപ്പം അക്ഷരാർഥത്തിൽ അത് അന്വർഥമാക്കുന്ന ജീവിതം. 49കാരനായ സുഗുണൻ വർഷങ്ങളായി കലോത്സവ വേദികളിലെ നിശബ്ദ സാന്നിധ്യമാണ്. താളവും മേളവും പെയ്തിറങ്ങുന്ന ഇരവുപകലുകളിൽ വേദികൾക്ക് മുന്നിൽ നടക്കാൻ സഹായിക്കുന്ന വൈറ്റ് കെയിനിൽ താളം പിടിച്ച് ആസ്വദിച്ചിരിക്കുമ്പോൾ ഭക്ഷണംപോലും കഴിക്കാൻ മറക്കും. കൂടിയാട്ടം പോലുള്ള കലാരൂപങ്ങൾ പൂർണരൂപത്തിലല്ലെങ്കിലും ഇത്തരം വേദികളിലല്ലാതെ ആസ്വദിക്കാൻ വഴികളില്ലെന്ന് പറയും സുഗുണൻ. കൂടിയാട്ടവേദിയിൽ അഭിനയം ഇങ്ങനെയാണെന്ന് ഒരാൾ പറഞ്ഞുതരണം.
1988ൽ മത്സരാർഥിയായാണ് കലോത്സവവേദിയിലേക്ക് വരുന്നത്. അന്ന് പൊതുവിഭാഗത്തിൽ സ്പെഷൽ കാറ്റഗറിക്കും മത്സരിക്കാമായിരുന്നു. വൃന്ദവാദ്യമായിരുന്നു മത്സരവിഭാഗം. തബലയായിരുന്നു കൈയിൽ, അന്ന് സദസ്സിൽനിന്ന് ലഭിച്ച കരഘോഷം ഇന്നും കാതിലുണ്ടെന്ന് ഓർത്തെടുക്കുമ്പോൾ കുട്ടികളുടെ പ്രിയപ്പെട്ട മാഷിന്റെ മുഖത്ത് നിലാവിന്റെ പ്രഭ.
ലളിതഗാനം, ശാസ്ത്രീയ സംഗീതം, നാടൻ പാട്ട്, വൃന്ദവാദ്യം അടക്കം ഉകരണ സംഗീതങ്ങൾ ഇഷ്ടമാണ്. ചവറ ജി.എച്ച്.എസ്.എസിൽ ഹൈസ്കൂൾ വിഭാഗത്തിൽ സാമൂഹിക ശാസ്ത്രം അധ്യാപകനാണ് സുഗുണൻ. ഭാര്യ ജയലക്ഷ്മി പാട്ടുകാരിയാണ്. മകൻ കൃഷ്ണപ്രസാദും കലാരംഗത്തുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.