കലോത്സവങ്ങളുടെ സ്വന്തം കലാ'തിലകൻ'; ഫ്രം ചൊക്ലി, 36 വർഷം നോൺസ്റ്റോപ്പ്...
text_fieldsകൊല്ലം: സ്കൂൾ കലോത്സവത്തിന്‍റെ ചെണ്ടപ്പുറത്ത് ആദ്യത്തെ കോലുവീഴുമ്പോൾ കണ്ണൂരിലെ ചൊക്ലി ഗ്രാമത്തിൽ നിന്ന് തലശ്ശേരിയിലേക്ക് ഒരു ബസ് പുറപ്പെടും. അതിൽ, തോൾസഞ്ചിയിൽ ഒരാഴ്ചത്തേക്കുള്ള വസ്ത്രങ്ങളും കരുതി 61കാരനായ ഒരാൾ ഇരിപ്പുണ്ടാകും. അയാൾ തലശ്ശേരിയിൽ ബസിറങ്ങി നടന്ന് റെയിൽവേ സ്റ്റേഷന്‍റെ കൗണ്ടറിലെത്തി ഒരു ടിക്കറ്റെടുക്കും, അതിൽ ഒരേയൊരു സ്ഥലത്തിന്‍റെ പേരുമാത്രമേയുണ്ടാകൂ -സ്കൂൾ കലോത്സവ വേദി. ചൊക്ലി വലിയകണ്ടിയിൽ 'പൈതൃക'ത്തിൽ തിലകന് സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കുകയെന്നത് ജീവിതചക്രത്തിന്‍റെ ഭാഗമാണ്. കുറച്ചൊന്നുമല്ല, നീണ്ട 36 വർഷമായി ഇടതടവില്ലാതെ തുടരുന്നൊരു ശീലം.
കലോത്സവത്തിന്‍റെ ആദ്യത്തെ വാർത്ത പത്രത്തിൽ വായിക്കുമ്പോൾ തന്നെ തിലകൻ ഭാര്യ ഷൈജയോട് പറയും -കലോത്സവമിങ്ങെത്തി. ചൊക്ലി പെട്രോൾ പമ്പിന് നേരെ എതിർവശത്ത് സ്വന്തമായുള്ള കടയിലെ നടത്തിപ്പുകാരോട് പറയും, ഒരാഴ്ച സ്ഥലത്തുണ്ടാവില്ലെന്ന്. അച്ഛന്‍റെ കലോത്സവയാത്രയിൽ മക്കളായ വരുണിനോ ഷാരോണിനോ ബന്ധുക്കൾക്കോ യാതൊരു പരാതിയുമില്ല.
സ്കൂൾ പഠനകാലം മുതൽക്കേ തിലകന്‍റെയൊപ്പമുള്ളതാണ് ഈ കലാഭിമുഖ്യം. ഭരതനാട്യം, സംഘനൃത്തം, മോഹിനിയാട്ടം, കേരളനടനം, തിരുവാതിര. നൃത്തയിനങ്ങളോടാണ് താൽപര്യം. പതിറ്റാണ്ടുകൾക്കപ്പുറം ചൊക്ലി ഓറിയന്‍റൽ ഹൈസ്കൂളിൽ പഠിക്കുമ്പോൾ നർത്തകനാകാനുള്ള ആഗ്രഹമുണ്ടായിരുന്നു തിലകന്. ഒപ്പമുള്ള പെൺകുട്ടികൾ നൃത്തം പഠിക്കുമ്പോൾ തനിക്കുമെന്താ പഠിച്ചാൽ എന്ന ചിന്തയിൽ നിന്നാണ് നൃത്താഭിമുഖ്യം വളർന്നത്. പത്താംക്ലാസുവരെയാണ് പഠിച്ചത്. ഒപ്പം ഭരതനാട്യവും പഠിച്ചു. സംസ്ഥാനതലത്തിലെത്തിയില്ലെങ്കിലും പല കലോത്സവങ്ങളിലും ഭരതനാട്യം വേദിയിലവതരിപ്പിച്ചു.
നീണ്ട 36 വർഷത്തെ ഓർമകൾക്കുള്ളിൽ കലോത്സവത്തിന് ഏറെ മാറ്റം വന്നിരിക്കുന്നുവെന്ന് തിലകൻ പറയുന്നു. അവസരങ്ങൾ വിപുലവും വിശാലവുമായി. സംഘാടനവും വിധിനിർണയവും ഏറെ മെച്ചപ്പെട്ടു. കലാപ്രകടനങ്ങളുടെ നിലവാരത്തിൽ തന്നെ ഏറെ മുന്നേറ്റമുണ്ടായി. കഴിവുള്ളവർക്കെല്ലാം മത്സരിക്കാനുള്ള സാഹചര്യവുമുണ്ടായി.
കലാവസന്തങ്ങൾ തേടിയുള്ള യാത്രയിൽ തനിച്ചാണ് സഞ്ചാരമേറെയും. കലാനഗരികളിൽ സ്ഥിരം കൂട്ടുകാരൊന്നുമില്ല. വന്ന് കണ്ട് പരിചയപ്പെടുന്നവർ ആരെങ്കിലും ഒപ്പമുണ്ടാകുമെന്ന് മാത്രം. വർഷങ്ങളുടെ കാഴ്ചകൊണ്ട് പല അധ്യാപകർക്കും തിലകനെ കണ്ടാൽ തന്നെ മനസ്സിലാകും. ആസ്വാദനത്തിലും വ്യത്യസ്തതയുണ്ട് തിലകന്. നേരത്തെ തന്നെ സദസ്സിലെത്തി നല്ലൊരു ഇരിപ്പടം കണ്ടെത്തും. മത്സരം തുടങ്ങിക്കഴിഞ്ഞാൽ പിന്നെ ഒറ്റയിരിപ്പാണ്. തീരുന്നത് വരെ നൃത്തത്തിലലിഞ്ഞുള്ള ഒരാസ്വാദനം.
മൊബൈൽ ഫോൺ ഉപയോഗിക്കാറില്ല തിലകൻ. അതുകൊണ്ടുതന്നെ ഒരിക്കൽ കണ്ട് പരിചയപ്പെടുന്ന ഒരാൾക്കും പറയാനാകില്ല, വീണ്ടും എവിടെവെച്ച് കാണുമെന്ന കാര്യം. അടുത്ത കലോത്സവത്തിന് കാണാമെന്ന് കൈവീശിപ്പറഞ്ഞ് തിരികെ തലശ്ശേരിയിലേക്കുള്ള വണ്ടികയറും. വേദികളിൽ നിന്ന് വേദികളിലേക്കുള്ള കലാ'തിലക' യാത്ര 36ാം വർഷവും അനുസ്യൂതം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.