മഴയിലും ആവേശം ചോരാതെ കലാനഗരി; ഒഴുകിയെത്തി ആസ്വാദകർ, വൻ ജനത്തിരക്ക്
text_fieldsകൊല്ലം: 62ാമത് സ്കൂൾ കലോത്സവത്തിന്‍റെ മത്സരങ്ങൾ ആവേശപൂർവം മുന്നേറുന്നതിനിടെ അപ്രതീക്ഷിതമായി മഴയെത്തി. ഇതോടെ പ്രധാനവേദിയായ ആശ്രാമം മൈതാനത്ത് ഉൾപ്പെടെ ചെറിയതോതിൽ വെള്ളക്കെട്ടുണ്ടായി. എന്നാൽ, മഴയ്ക്കും തണുപ്പിക്കാനാകാത്ത കലോത്സവത്തിന്‍റെ ആവേശത്തിൽ പങ്കുചേരാനായി നൂറുകണക്കിന് ആസ്വാദകരാണ് വേദികൾക്ക് മുന്നിലുള്ളത്.
വൈകീട്ട് നാല് മണിയോടെയാണ് കൊല്ലം നഗരത്തിൽ മഴപെയ്തത്. അൽപ്പനേരം ശക്തിയായിത്തന്നെ മഴപെയ്തു. ഇതോടെ, കാണികളും കലാനഗരിയിലെത്തിയവരും നനയാത്ത ഇടങ്ങൾ തേടി ഓടി. ഒന്നാംവേദിയിൽ ഹൈസ്കൂൾ വിഭാഗം സംഘനൃത്തമായിരുന്നു അരങ്ങേറിക്കൊണ്ടിരുന്നത്. മഴയെത്തുടർന്ന് മത്സരം അൽപ്പനേരം നിർത്തിവെക്കേണ്ടിവന്നു.
ആശ്രാമത്തെ പ്രധാനവേദിയുടെ ഗ്രീൻ റൂമിൽ ഉൾപ്പെടെ വെള്ളം ഒഴുകിയെത്തി ചെളിയായി. വേദിക്ക് പുറത്തെ സ്റ്റാളുകൾക്ക് മുന്നിലും വെള്ളം നിറഞ്ഞു. ഏതാനും സമയത്തിനകം മഴ ശമിച്ചതോടെ പൂർവാധികം ആവേശത്തോടെ മത്സരം പുന:രാരംഭിച്ചു. അവധിദിനമായതിനാൽ വൻ ജനസാന്നിധ്യമാണ് കലോത്സവനഗരിയിൽ.
സ്വർണക്കപ്പിനായുള്ള പോരാട്ടത്തിൽ കണ്ണൂർ ജില്ല മുന്നേറ്റം തുടരുകയാണ്. 811 പോയിന്‍റാണ് കണ്ണൂരിനുള്ളത്. കോഴിക്കോട് 806 പോയിന്‍റ്, പാലക്കാട് 800 പോയിന്‍റ് എന്നിവർ തൊട്ടുപിറകിലുണ്ട്. തിങ്കളാഴ്ച വൈകീട്ടാണ് കലോത്സവത്തിന്‍റെ സമാപനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.