കൊല്ലപ്പകിട്ടിലേക്ക് സ്വർണക്കപ്പെത്തി, നാളെ കലോത്സവമുണരും
text_fieldsകൊല്ലം: കലാപകിട്ടിലെ അഞ്ച് രാപ്പകലുകളിൽ കൊല്ലം നിറഞ്ഞലിയാൻ ഇനി മണിക്കൂറുകൾ മാത്രം. 62ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന്റെ ആരവവുമായി സ്വർണക്കപ്പ് ബുധനാഴ്ച കൊല്ലത്തിന്‍റെ മണ്ണിലെത്തി. വ്യാഴാഴ്ച നേരം പുലരുന്നതോടെ കലോത്സവക്കാഴ്ചകളിലേക്ക് നാടുണരുകയായി. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റുകൾ ലഭിക്കുന്ന ജില്ലയ്ക്ക് സമ്മാനിക്കുന്ന സ്വർണക്കപ്പാണ് കലോത്സവനഗരിയിലെത്തിയത്.
നിലവിലെ ജേതാക്കളായ കോഴിക്കോട് സൂക്ഷിച്ചിരുന്ന സ്വർണക്കപ്പ് കൊല്ലത്തേക്കുള്ള യാത്ര ചൊവ്വാഴ്ചയാണ് ആരംഭിച്ചത്. കോഴിക്കോട് ട്രഷറിയിൽ സൂക്ഷിച്ചിരുന്ന സ്വർണക്കപ്പ് മലപ്പുറം, പാലക്കാട്, തൃശൂർ, എറണാകുളം, ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ സ്വീകരണം ഏറ്റുവാങ്ങിയാണ് ഇന്ന് വൈകീട്ടോടെ കൊല്ലത്തെത്തിയത്.
യുവജനോത്സവമായി വന്നുപോയി 16 വർഷങ്ങൾ പൂർത്തിയാകുമ്പോളാണ് കൊല്ലത്തിന്‍റെ മണ്ണിലേക്ക് കലോത്സവം തിരിച്ചുവരുന്നത്. ഏഷ്യൻ വൻകരയിലെ ഏറ്റവും വലിയ കൗമാര കലാമേളയുടെ 62ാം പതിപ്പിനാണ് കൊല്ലത്ത് തിരിതെളിയുന്നത്.
കൊല്ലത്തിന്‍റെ സാംസ്കാരിക മണ്ഡലങ്ങളിൽ തിളങ്ങുന്ന നക്ഷത്രങ്ങളായ മഹാരഥന്മാരുടെ സ്മരണ നിറയുന്ന 24 വേദികളിൽ കൗമാരം നിറഞ്ഞാടും. കൊല്ലം നഗരഹൃദയത്തിൽ ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനത്ത് ഒരുക്കിയ വിശാലമായ വേദിയാണ് ഒന്നാം വേദിയാകുന്ന ഒ.എൻ.വി സ്മൃതി. തുടർന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ 18 കേന്ദ്രങ്ങളിലായി ഒരുക്കിയിരിക്കുന്ന വേദികളിലാണ് അഞ്ച് ദിനരാത്രങ്ങൾ നീളുന്ന കലോത്സവം അരങ്ങേറുന്നത്.
എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 14 ജില്ല കലോത്സവങ്ങളിൽനിന്ന് 10000ത്തോളം വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയെത്തുമ്പോൾ 4000ത്തോളം പേർ അപ്പീലിലൂടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.