കോഴിക്കോടിന് കപ്പൊരു ശീലം, പാലക്കാടിന് പോരാട്ടം... ആരെടുക്കും ഇത്തവണ കലോത്സവ സ്വർണക്കപ്പ്
text_fieldsകൊല്ലം: കൗമാരകലയുടെ മഹാമേളയായ സംസ്ഥാന സ്കൂൾ കലോത്സവത്തിന് കൊല്ലത്ത് ആരവമുയർന്നതോടെ ആവേശത്തിലാണ് കലാലോകം. വരുംകാലത്തിന്റെ പ്രതിഭകളെ വാർത്തെടുക്കാനുള്ള പരിശീലനവേദി കൂടിയായ കലോത്സവ വേദിയിൽ മത്സരവാശി മുറുകുമ്പോൾ, ആരാവും ഇത്തവണ സ്വർണക്കപ്പിന് അവകാശികളാവുകയെന്ന ചർച്ചയും സജീവമാണ്.
1956ൽ കേരള സംസ്ഥാനം പിറന്ന അടുത്ത മാസം തന്നെ കലോത്സവം ആരംഭിച്ചെങ്കിലും 1986ലാണ് സ്കൂൾ കലോത്സവത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്ക് സ്വർണക്കപ്പ് നൽകുന്ന പതിവ് തുടങ്ങിയത്. 2008 വരെ ഹൈസ്കൂൾ തലത്തിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ജില്ലക്കായിരുന്നു ഈ കപ്പ് നൽകാറ്. 2009 മുതലാണ് ഹയർ സെക്കൻഡറി കലോത്സവം കൂടി ഒന്നിച്ച് നടത്താൻ തുടങ്ങിയത്.
1986ലെ കലോത്സവത്തിൽ സ്വർണക്കപ്പ് ആദ്യമായി സ്വന്തം പേരിലാക്കിയത് തിരുവനന്തപുരം ജില്ലയാണ്. അന്ന് തൃശൂരിലായിരുന്നു കലോത്സവം. തുടർന്നുള്ള മൂന്ന് വർഷവും കപ്പ് തിരുവനന്തപുരം തന്നെ നിലനിർത്തി. 1990ൽ ആലപ്പുഴ കലോത്സവത്തിൽ എറണാകുളമായി ചാമ്പ്യന്മാർ. 1991ൽ കാസർകോട് നടന്ന കലോത്സവത്തിലാണ് കോഴിക്കോട് ആദ്യമായി സ്വർണക്കപ്പ് സ്വന്തമാക്കുന്നത്. കലോത്സവ ചരിത്രത്തിൽ ഏറ്റവും കൂടുതൽ തവണ കപ്പ് കൈവശം വെച്ചതും കോഴിക്കോട് തന്നെ.
2007 മുതൽ തുടർച്ചയായി 12 വർഷം സ്വർണക്കപ്പ് സ്വന്തമാക്കിയ ചരിത്രമുണ്ട് കോഴിക്കോട്ടുകാർക്ക്. ഇതിൽ 2015ൽ കോഴിക്കോടും പാലക്കാടും സംയുക്ത ചാമ്പ്യന്മാരായിരുന്നു. 2019ലെ ആലപ്പുഴ കലോത്സവത്തിൽ പാലക്കാട് ചാമ്പ്യന്മാരായപ്പോളാണ് കോഴിക്കോടിന്റെ അപ്രമാദിത്തം അവസാനിച്ചത്. 2020ൽ കാസർകോട് കലോത്സവത്തിലും കപ്പടിച്ചത് പാലക്കാട് തന്നെ. 2021ലും 22ലും കോവിഡ് കാരണം കലോത്സവം നടന്നില്ല. 2023ൽ കോഴിക്കോട് കലോത്സവം നടത്തിയപ്പോൾ കപ്പ് കോഴിക്കോട്ടുകാർ തിരികെ പിടിച്ചെടുത്തു. ഇത്തവണ കൊല്ലം കാത്തിരിക്കുകയാണ്, ആരാവും സ്വർണക്കപ്പിന്റെ പുതിയ അവകാശിയെന്നറിയാൻ.
വെറും കപ്പല്ല, ഇത് സ്വർണക്കഥക്കൂട്ട്
കലയുടെ മഴവില്ല് തീർക്കുന്ന കൗമാരമാമാങ്കത്തിൽ വേദികളിലെ പോരാട്ടങ്ങൾക്കു മാത്രമല്ല, വിജയികളെ കാത്തിരിക്കുന്ന സ്വർണക്കപ്പിനുമുണ്ട് കൗതുകമേറിയ കഥപറയാൻ. എറണാകുളം വേദിയായ 1985ലെ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിലാണ് ഈ കഥക്ക് രംഗപശ്ചാത്തലമൊരുങ്ങുന്നത്.
ചിറ്റൂർ റോഡിലെ പ്രധാന വേദിയിൽ മത്സരങ്ങൾ തകർക്കുകയാണ്. പക്ഷേ, സദസ്സിൽ കാഴ്ചക്കാർ ശുഷ്കം. പക്ഷേ, പുറത്തുണ്ട് അതിശയകരമായി ജനം ഒഴുകുന്നു. റോഡും നിറഞ്ഞുകവിയുന്നു. മഹാരാജാസ് കോളജ് മൈതാനത്തേക്കാണ് ജനം കുതിച്ചുപായുന്നത്. കോളജ് മൈതാനമാകട്ടെ, സൂചി കുത്താനിടമില്ലാത്ത വിധം ജനസാഗരം.
നെഹ്റു സ്വർണക്കപ്പ് ഫുട്ബാൾ ടൂർണമെൻറ് പൊടിപൊടിക്കുകയാണ്. കലോത്സവ വേദികളിൽ വീറും വാശിയുമോടെ മത്സരങ്ങൾ അരങ്ങേറുമ്പോഴും കാണാനും ആസ്വദിക്കാനും പ്രോത്സാഹിപ്പിക്കാനും ആളില്ലാത്ത അവസ്ഥ. നാടും നാട്ടാരും ഒന്നടങ്കം നെഹ്റു സ്വർണക്കപ്പ് ഫുട്ബാൾ ടൂർണമെൻറിന് പിന്നാലെയാണ്.
രചനമത്സരങ്ങളുടെ വിധകർത്താവായി എത്തിയ വൈലോപ്പിള്ളിക്ക് കലാകാരന്മാരായ കുഞ്ഞുങ്ങളുടെ ദൈന്യത കണ്ട് മനസ്സലിഞ്ഞു. അന്നത്തെ വിദ്യാഭ്യാസ മന്ത്രി ടി.എം. ജേക്കബിനോട് ‘വിജയിക്കുന്ന കുഞ്ഞുങ്ങൾക്ക് ഒരുതരി പൊന്ന് നൽകിക്കൂടേ മന്ത്രി’ എന്ന് ചോദിച്ചു. വൈലോപ്പിള്ളിയുടെ ചോദ്യം ജേക്കബ് കാര്യമായെടുത്തു. അങ്ങനെ 1985ൽ എറണാകുളത്തെ സ്കൂൾ കലോത്സവ സമാപന വേദിയിൽ മന്ത്രി ടി.എം. ജേക്കബിന്റെ പ്രഖ്യാപനം വന്നു. ‘അടുത്ത വർഷം വിജയികളാകുന്നവർക്ക് സ്വർണക്കപ്പ്’.
പിറ്റേ വർഷം തൃശൂരിലായിരുന്നു കലോത്സവം. ജ്വല്ലറികളുടെ നാടാണ് തൃശൂർ. ഇവിടത്തെ സ്വർണക്കച്ചവടക്കാർ അൽപമൊന്ന് മനസ്സുവെച്ചാൽ സ്വർണക്കപ്പിലേക്കുള്ള തടസ്സങ്ങളില്ലാതാകുമെന്ന ജേക്കബിന്റെ ചിന്തകൾ മുറുകി. സ്വർണക്കച്ചവടക്കാരോട് സഹായം അഭ്യർഥിക്കാൻ തൃശൂരിൽ മന്ത്രിതന്നെ മുൻകൈയെടുത്ത് ഒരു വിരുന്ന് സംഘടിപ്പിച്ചു. പക്ഷേ, ദൗത്യം പരാജയപ്പെട്ടു. എങ്കിലും മന്ത്രി ജേക്കബ് തളർന്നില്ല. തൃ
ശൂരിലെ കലോത്സവ സമാപനത്തിന് സ്വർണം പൂശിയ േട്രാഫി നൽകി അന്ന് അദ്ദേഹം തൽക്കാലം രക്ഷപ്പെട്ടു. വിഷമവൃത്തത്തിൽ അകപ്പെട്ട മന്ത്രിയോട് അന്നത്തെ ഡെപ്യൂട്ടി ഡയറക്ടർ ഡി. രാജൻ സ്വർണക്കപ്പ് സംഘടിപ്പിക്കാമെന്നേറ്റു. ഒടുവിൽ സ്വർണക്കപ്പിനായുള്ള ശ്രമങ്ങൾ ഫലം കണ്ടു. 300ലധികം കലാകാരന്മാർ വരച്ച കപ്പിന്റെ മാതൃകകളിൽനിന്നും ചിറയിൻകീഴ് ശ്രീകണ്ഠൻ നായരുടെ മാതൃക സ്വീകരിക്കുകയും ചെയ്തു.
117.5 പവൻ സ്വർണമാണ് ഇതിനുവേണ്ടിവന്നത്. 1987ൽ കോഴിക്കോട്ട് നടന്ന 27ാമത് സംസ്ഥാന സ്കൂൾ യുവജനോത്സവത്തിൽ യഥാർഥ സ്വർണക്കപ്പ് അവതരിച്ചു. വൈലോപ്പിള്ളിയുടെ സ്വപ്നവും മന്ത്രി ടി.എം. ജേക്കബിന്റെ വാഗ്ദാനവും പൂവണിഞ്ഞു. അക്കുറി ഒറിജിനൽ സ്വർണക്കപ്പിൽ മുത്തമിട്ട് തിരുവനന്തപുരം ജില്ല കന്നി അവകാശികളായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.