അറബനയാണ് ഹനീഫക്കെല്ലാം; ഇപ്പോൾ മകനും
text_fieldsപാലക്കാട് ചളവറ സ്വദേശി ഹനീഫ പുലാക്കലിന് കലയും ജീവിതവും അന്നവുമെല്ലാം അറബനയാണ്. കലോത്സവ വേദികളിലെല്ലാം പാലക്കാട്ടെ അറബന ടീമുകൾക്കൊപ്പം ഹനീഫയെയും കാണാം. താൻ പഠിച്ച സ്കൂളിലെ കുട്ടികളെ അറബന മുട്ടാൻ പരിശീലിപ്പിച്ചാണ് വേദികളിലെത്തിയിരുന്നത്. ഇത്തവണയും സ്വന്തം ടീമുമായി കൊല്ലത്തുണ്ട്. ആ സംഘത്തിൽ മകൻ അഷ്ഫാഖും അംഗമാണെന്നുള്ളതാണ് ഹനീഫയുടെ ഇരട്ടി സന്തോഷം.
കല്യാണങ്ങൾക്കും പള്ളിയിലെ പരിപാടിക്കുമെല്ലാം അറബനമുട്ടിൽ ഹനീഫ സജീവസാന്നിധ്യമായിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ കലോത്സവത്തിൽ പങ്കെടുക്കാനാകാത്തതിന്റെ വിഷമം ഇപ്പോഴുമുണ്ട്. അതെല്ലാം പുതുതലമുറയെ പരിശീലിപ്പിച്ചാണ് വിഷമം മറക്കുന്നത്. 16 വർഷമായി അറബനമുട്ട് സംഘവുമായി സ്കൂൾ കലോത്സവങ്ങൾക്കെത്തുന്നു. കൊല്ലം കലോത്സവത്തിൽ ഹനീഫയുടെ ശിക്ഷണത്തിൽ മൂന്ന് ടീമുകളാണ് പങ്കെടുക്കുന്നത്. എച്ച്.എസ് വിഭാഗം, എച്ച്.എസ്.എസ് വിഭാഗം, എച്ച്.എസ്.എസ് വിഭാഗത്തിൽ അപ്പീലുമായി വന്ന ടീമുകളാണ് ഇവർ. അറബനയും ദഫും വീട്ടിലിരുന്ന് നിർമിച്ച് വിൽക്കുകയും ചെയ്യുന്നുണ്ട്.
സംസ്ഥാന സർക്കാറിന്റെ മാപ്പിളകലകളിലെ വജ്രജൂബിലി ഫെലോഷിപ്പും 2023ൽ ഹനീഫ നേടിയിട്ടുണ്ട്. വർഷങ്ങളായി കല തന്നെയായിരുന്നു ഉപജീവന മാർഗമെങ്കിൽ കോവിഡ് കാലത്ത് അതിന് തിരിച്ചടി നേരിട്ടു. അതോടെ, മറ്റ് ജോലി അന്വേഷിക്കേണ്ടിവന്നു. ഇപ്പോൾ സ്വകാര്യ കമ്പനിയിൽ മാർക്കറ്റിങ് എക്സിക്യൂട്ടിവാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.