തീയതി മാറി നങ്ങ്യാർകൂത്തിൽ നഷ്ടം; കേരളനടനത്തിൽ നേട്ടമുണ്ടാക്കി ആമി
text_fieldsകൊല്ലം: നങ്ങ്യാർക്കൂത്തിലും കേരള നടനത്തിലും മത്സരിക്കാനാണ് കോഴിക്കോട് സെന്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ആമി കൊല്ലത്തേക്കു പുറപ്പെട്ടത്. പാതി വഴിയിലെത്തിയപ്പോഴാണറിഞ്ഞത് നങ്ങ്യാർ കൂത്ത് മത്സരം കഴിഞ്ഞെന്ന്. ഒരുക്കങ്ങളെല്ലാം വെറുതെ ആയെന്നറിഞ്ഞതോടെ ആമി കരച്ചിലായി. ആ സങ്കടം മാറാതെയാണ് കേരള നടനത്തിൽ ഊർമിളയായി ആടിത്തീർത്തത്.
കലോത്സവ തീയതിയിൽ വന്ന മാറ്റമാണ് ആമിയുടെ നങ്ങ്യാർ കൂത്തിലെ അവസരം തട്ടിത്തെറിപ്പിച്ചത്. അഞ്ചിനാണ് നങ്ങ്യാർകൂത്ത് എന്നാണ് ആദ്യം അറിയിച്ചിരുന്നത്. പിന്നീട് നാലിലേക്കു മാറ്റിയ കാര്യം അറിയാതെ പോയി. തങ്ങളുൾപ്പെട്ട വാട്സ്ഗ്രൂപ്പിൽ ഈ വിവരം വന്നില്ലെന്നാണ് ആമി പറയുന്നത്. നങ്ങ്യാർക്കൂത്തിൽ ജില്ലയിൽ മൂന്ന് പോയന്റിനാണ് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടത്. കോടതിയിൽ അപ്പീൽ നൽകിയാണ് മത്സരത്തിനുപോന്നത്. മൂന്നാം ക്ലാസ് മുതലേ നൃത്തം അഭ്യസിക്കുന്നുണ്ട് ആമി. കേരള നടനത്തിൽ കലാമണ്ഡലം സത്യവ്രതനാണ് ഗുരു. സെന്തിൽ പിക്ചേഴ്സ് ഉടമ രാജേഷിന്റെയും വിജില രാജേഷിന്റെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.