ഗോത്രകലകളുടെ മത്സര വേദിയിൽ തീപാറും
text_fieldsതിരുവനന്തപുരം: കൊട്ടിയും പാടിയും രാത്രികാല പരിശീലനം. ഗോത്രകലകളുടെ മത്സരം ഇത്തവണ തീപാറും. കൊല്ലം ജില്ലയിലെ കുളത്തുപ്പുഴ ട്രൈബല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്കൂളിലെ 24 അംഗസംഘം സംസ്ഥാന കലോത്സവത്തിലേക്ക് എത്താനുള്ള തയ്യാറെടുപ്പിലാണ്.
ജില്ല തലത്തില്‍ ഇരുളനൃത്തം, മംഗലംകളി എന്നിവയിലാണ് സ്കൂള്‍ പങ്കെടുത്തത്. ഇതില്‍ ഹൈസ്കൂള്‍, ഹയര്‍ സെക്കൻഡറി വിഭാഗം ഇരുളനൃത്തത്തിലാണ് സംസ്ഥാനതലത്തിലേക്കുള്ളത്. 12 പേര്‍ വീതമുള്ള രണ്ട് ടീമുകളാണ് മത്സരിക്കുന്നത്. പങ്കെടുക്കുന്ന കുട്ടികളില്‍ ഭൂരിപക്ഷം പേരും അട്ടപ്പാടിയിലെ ഇരുളവിഭാഗത്തില്‍ നിന്നുള്ളവരാണ്. റസിഡന്‍ഷ്യല്‍ സ്കൂള്‍ ആയതിനാല്‍ തന്നെ കുട്ടികള്‍ക്ക് താമസസൗകര്യമുണ്ട്.
പരിശീലനം കൂടുതലും സ്കൂള്‍ അധ്യയനം കഴിഞ്ഞ് രാത്രിസമയങ്ങളിലാണ്. എല്ലാ കുട്ടികളെയും സ്കൂളിന്റെ നടുമുറ്റത്ത് ചുറ്റുമിരുത്തും. അതിന് നടുവില്‍ വിറക് കൂട്ടിയിട്ട് കത്തിക്കും. പിന്നണിക്കാരായ അട്ടപ്പാടിയില്‍ നിന്നുള്ള വിഘ്നേഷും അരുണ്‍പ്രസാദും പാട്ട് പാടും. മറ്റുള്ളവര്‍ തീയ്ക്ക് ചുറ്റും ഇരുളനൃത്തം അഭ്യസിക്കും. നിർദേശങ്ങളുമായി പരിശീലകനായ അട്ടപ്പാടി സ്വദേശി ബാലന്‍മാഷും അധ്യാപകരായ ഹസൈനും വരുണും ഉണ്ടാകും. ജില്ലാതലം വരെ സഹപാഠിയായ വിഗ്നേഷായിരുന്നു പരിശീലകന്‍. പട്ടികവർഗ വികസന വകുപ്പിന്റെ നിയന്ത്രണത്തിലുള്ളതാണ് കുളത്തൂപ്പുഴ എം.ആര്‍.എസ്.
ചിട്ടയായ പരിശീലനത്തിലൂടെയും ചുവടുവെപ്പിലൂടെയും ബഹുജനസമക്ഷം കുട്ടികൾ പകര്‍ന്നാടുകയാണ്. തനത് ഗോത്ര കലകളെ നിഷ്പ്രയാസം കൈപ്പിടിയിൽ ഒതുക്കാൻ കഴിയുന്ന ആദിവാസി വിഭാഗത്തിലെ കുട്ടികളുടെ അവതരണം ഏറെ ആകര്‍ഷണീയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.