ഇനി ‘കൊല്ലപ്പകിട്ട്’ കലോത്സവ കഥ പറയും; അഷ്ടമുടിത്തീരം ആഘോഷത്തിരക്കിലേക്ക്
text_fieldsകൊല്ലം: കോഴിക്കോടിന്‍റെ ഹൽവമാധുര്യം നിറഞ്ഞ ‘കലക്കാറ്റ്’ വീശിയടിച്ച കഴിഞ്ഞ വർഷത്തെ ഓർമകൾക്ക് വിട, ഇനി ‘കൊല്ലപ്പകിട്ട്’ കലോത്സവ കഥ പറയും നാളുകൾ. അഷ്ടമുടിയുടെ തീരത്തൊരുങ്ങിയ കലാഅരങ്ങ് സംസ്ഥാന സ്കൂൾ കലോത്സവത്തിന്‍റെ പകിട്ടിൽ കൗമാരപ്രതിഭകൾ കീഴടക്കാൻ ഇനി രാപ്പകൽ ദൂരംമാത്രം.
ഏഷ്യൻ വൻകരയിലെ ഏറ്റവും വലിയ കൗമാര കലാമേളയുടെ 62ാം പതിപ്പിന് വ്യാഴാഴ്ച തിരിതെളിയുമ്പോൾ ദേശിംഗനാടിന്‍റെ 16 വർഷം നീണ്ട കാത്തിരിപ്പിന് കൂടിയാണ് അവസാനമാകുന്നത്. കൊല്ലത്തിന്‍റെ സാംസ്കാരിക മണ്ഡലങ്ങളിൽ തിളങ്ങുന്ന നക്ഷത്രങ്ങളായ മഹാരഥന്മാരുടെ സ്മരണ നിറയുന്ന 24 വേദികളിൽ കൗമാരം നിറഞ്ഞാടും. കൊല്ലം നഗരഹൃദയത്തിൽ ചരിത്രമുറങ്ങുന്ന ആശ്രാമം മൈതാനത്ത് ഒരുക്കിയ വിശാലമായ വേദിയാണ് ഒന്നാം വേദിയാകുന്ന ഒ.എൻ.വി സ്മൃതി. തുടർന്ന് നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിലെ 18 കേന്ദ്രങ്ങളിലായി ഒരുക്കിയിരിക്കുന്ന വേദികളിലാണ് അഞ്ച് ദിനരാത്രങ്ങൾ നീളുന്ന കലോത്സവം അരങ്ങേറുന്നത്.
എച്ച്.എസ്, എച്ച്.എസ്.എസ് ജനറൽ, എച്ച്.എസ് സംസ്കൃതം, അറബിക് വിഭാഗങ്ങളിൽ ആകെ 239 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. 14 ജില്ല കലോത്സവങ്ങളിൽനിന്ന് 10000ത്തോളം വിദ്യാർഥികൾ ഒന്നാം സ്ഥാനം നേടിയെത്തുമ്പോൾ 4000ത്തോളം പേർ അപ്പീലിലൂടെ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. കലോത്സവ സ്വർണക്കപ്പ് കോഴിക്കോടുനിന്ന് പര്യടനം തുടങ്ങി. ബുധനാഴ്ച വൈകീട്ട് കലോത്സവ നഗരിയിൽ സ്വർണക്കപ്പ് എത്തിച്ചേരുന്നതോടെ ആവേശക്കാഴ്ചകൾക്ക് കൂടുതൽ പകിട്ടേറും, പിന്നെ ആഘോഷത്തിരക്കിലാകും അഷ്ടമുടി തീരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.