പാഴ് വസ്തുക്കളിൽ ഫാത്തിമയുടെ മൂന്നാം തേരോട്ടം
text_fieldsആലപ്പുഴ: ഒന്നിനും കൊള്ളില്ലെന്ന് പറഞ്ഞ് വലിച്ചെറിയുന്ന സാധനങ്ങളിൽനിന്ന് ഏവരിലും അദ്ഭുതമുണ്ടാക്കുന്ന വിജയം സ്വന്തമാക്കിയിരിക്കുകയാണ് ഫാത്തിമ സ്വാലിഹ. കേരള സ്കൂൾ ശാസ്ത്രോത്സവത്തിൽ എച്ച്.എസ് വിഭാഗം പാഴ്വസ്തുക്കളുടെ തത്സമയ നിർമാണത്തിലാണ് പാലക്കാട് പട്ടാമ്പി പള്ളിപ്പുറം പി.എച്ച്.എസ്.എസ് സ്കൂളിലെ പത്താം ക്ലാസുകാരി ഫാത്തിമ സ്വാലിഹയുടെ മിന്നും പ്രകടനം. കഴിഞ്ഞ രണ്ടുതവണയും ഈയിനത്തിൽ ഒന്നാംസ്ഥാനമായിരുന്നെങ്കിൽ ഇത്തവണ എ ഗ്രേഡോടെ മൂന്നാം സ്ഥാനമാണ് ലഭിച്ചത്.
പാഴ്വസ്തുക്കളിൽനിന്നുള്ള തത്സമയ നിർമാണം ഫാത്തിമക്ക് കുടുംബകാര്യമാണ്. തന്റെ രണ്ട് സഹോദരിമാരും ഇതേ വിജയത്തിന്റെ തനിയാവർത്തനക്കാരാണ്. തുടർച്ചയായ രണ്ടുവർഷം ഈയിനത്തിൽ സംസ്ഥാനതലത്തിൽ ഒന്നാംസ്ഥാനം നേടിയ പട്ടാമ്പി ഗവ. സംസ്കൃത കോളജ് ബിരുദ ഒന്നാംവർഷ വിദ്യാർഥിനി സഹോദരി ഫാത്തിമ സെലീക്കയുടെയും രണ്ടാംസ്ഥാനം നേടിയ മൂത്തസഹോദരി പി.ജി വിദ്യാർഥിനി ഫാത്തിമ സഹിലയുടെയും പാത പിന്തുടർന്നാണ് ഫാത്തിമ സ്വാലിഹയും ഈ വഴിയിലെത്തിയത്.
പത്താം ക്ലാസിലെ പാഠഭാഗങ്ങൾക്കൊപ്പം മാതൃകാഭവനവും സൃഷ്ടിച്ചായിരുന്നു നിർമാണം. വിൽപനക്ക് ഉപയോഗിക്കാൻ കഴിയുന്ന ടേബിൾ, കുഷ്യൻ, കിച്ചൺ റാക്ക്, പന്നിശല്യത്തിനെതിരെ മുന്നറിയിപ്പ് നൽകുന്ന ബസർ, മാജിക് വേൾഡ്, അക്വേറിയം, അലങ്കാര ഫ്ലവർവേസ് അടക്കമുള്ളവയാണ് നിർമിച്ചത്. ഈ വർഷം ആഗസ്റ്റിൽ ഇന്ത്യ വിക്ഷേപിച്ച പുനരുപയോഗത്തിന് സാധ്യമായ ഹൈബ്രിഡ് റോക്കറ്റായ റൂമിയുടെ മാതൃകയും വേറിട്ടതായി. ചെമ്പുലങ്ങാട് തോട്ടുങ്കൽ കുടുംബാംഗമാണ്. ചെമ്പുലങ്ങാട് എൽ.പി സ്കൂൾ അധ്യാപകൻ സെയ്താലിയുടെയും പരുതൂർ സി.ഇ.യു.പി.എസ് അധ്യാപിക സൈനബയുടെയും മകളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.