കേരള ശാസ്ത്ര കോണ്‍ഗ്രസിന് തുടക്കം; ശാസ്ത്രാഭിരുചി വളര്‍ത്തുന്നതിനു പകരം മതരാഷ്ട്രമാക്കാൻ ശ്രമം -മുഖ്യമന്ത്രി
text_fieldsകാസർകോട്: ഭരണഘടന അനുശാസിക്കുന്ന ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളര്‍ത്തുന്നതിനു പകരം നാടിനെ മതരാഷ്ട്രമാക്കി മാറ്റാനാണ് ചിലർ ശ്രമിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 36ാമത് ശാസ്ത്ര കോണ്‍ഗ്രസ് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ശാസ്ത്ര ഗവേഷണങ്ങള്‍ മനുഷ്യന്റെ ‘ബ്രൈറ്റ് ഫ്യൂച്ചറി’നൊപ്പം ലോകത്തിന്റെ ‘ഗ്രീന്‍ ഫ്യൂച്ചര്‍’ കൂടി ലക്ഷ്യമിട്ടുള്ളതായിരിക്കണം.
ശാസ്ത്രാഭിരുചിയും യുക്തിചിന്തയും വളര്‍ത്തുകയെന്നത് പൗരന്റെ കടമയാണ്. ആ കാഴ്ചപ്പാടിനെ കാറ്റിൽപറത്തി നാടിനെ മതരാഷ്ട്രമാക്കാൻ ഭരണഘടന സ്ഥാനങ്ങളിലിരിക്കുന്നവര്‍ വരെ നേതൃത്വം നല്‍കുകയാണെന്ന് കേന്ദ്ര സർക്കാറിനെ പരോക്ഷമായി സൂചിപ്പിച്ച് മുഖ്യമന്ത്രി പറഞ്ഞു. വംശീയത ഉയര്‍ന്നുവന്ന ജര്‍മനിയില്‍നിന്ന് പലായനം ചെയ്യേണ്ടിവന്ന ആല്‍ബര്‍ട്ട് ഐൻസ്റ്റൈന്റെ അനുഭവം ഓർക്കേണ്ടതാണ്. വിദ്വേഷത്തിലും ഭേദചിന്തകളിലും ഊന്നി നിലനില്‍ക്കുന്ന സമൂഹത്തില്‍ ശാസ്ത്ര ചിന്തകള്‍ക്കും ശാസ്ത്രജ്ഞര്‍ക്കും നിലനില്‍പ്പില്ല.
ശാസ്ത്ര കോണ്‍ഗ്രസിന്റെ ‘ഏകാരോഗ്യ സമീപനത്തിലൂടെ കേരള സമ്പദ് വ്യവസ്ഥയുടെ മുന്നേറ്റം’ എന്ന ആപ്തവാക്യം മാനവരാശിയുടെ സുരക്ഷക്കും മുന്നേറ്റത്തിനും അനിവാര്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് സെന്റര്‍ ഫോര്‍ വണ്‍ ഹെല്‍ത്ത് ആരംഭിക്കുന്നതിനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 2022ല്‍ രസതന്ത്രത്തിന് നൊബേല്‍ സമ്മാനത്തിനർഹനായ പ്രഫ. മോര്‍ട്ടന്‍ പി. മെല്‍ഡലിന്റെ സാന്നിധ്യം ശാസ്ത്ര കോണ്‍ഗ്രസിനെ കൂടുതല്‍ തിളക്കമുള്ളതാക്കുന്നതായി അദ്ദേഹം പറഞ്ഞു.
കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ എക്സി. വൈസ് പ്രസിഡന്റ് പ്രഫ. കെ.പി. സുധീര്‍ അധ്യക്ഷത വഹിച്ചു. ശാസ്ത്രകോൺഗ്രസ് ചെയർമാനായ ചെന്നൈ എം.എസ്. സ്വാമിനാഥന് റിസർച് ഫൗണ്ടേഷന് ചെയര്പേഴ്സൻ ഡോ. സൗമ്യ സ്വാമിനാഥന് പരിപാടികള്‍ വിവരിച്ചു. കാലാവസ്ഥ വ്യതിയാനവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ അടങ്ങിയ ‘കാലാവസ്ഥ വിവരണം 2023’രാജ്മോഹന്‍ ഉണ്ണിത്താന് എം.പി, എന്‍.എ. നെല്ലിക്കുന്ന് എം.എല്‍.എക്ക് നല്കി പ്രകാശനം ചെയ്തു.
പ്രഫ. മോര്‍ട്ടന്‍ പി. മെല്‍ഡല്‍, ജില്ല കലക്ടര്‍ കെ. ഇമ്പശേഖര്‍, കാസര്‍കോട് ഗവ. കോളജ് പ്രിന്‍സിപ്പല്‍ ഡോ. വി.എസ്. അനില്‍ കുമാര്‍ എന്നിവര്‍ സംസാരിച്ചു. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സില്‍ മെംബര്‍ സെക്രട്ടറി ഡോ. എസ്. പ്രദീപ് കുമാര്‍ സ്വാഗതവും ഡബ്ല്യു.ആര്.ബി.എം ഡയറക്ടര്‍ ഡോ. മനോജ് പി. സാമുവല്‍ നന്ദിയും പറഞ്ഞു.
‘കേരളത്തിൽ യുവ ശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും വൻ അവസരം’
കാസർകോട്: കേരളത്തിലെ യുവശാസ്ത്രജ്ഞര്‍ക്കും ഗവേഷകര്‍ക്കും വലിയ അവസരമാണ് ശാസ്ത്ര കോൺഗ്രസ് നൽകുന്നതെന്നും പരമാവധി ഉപയോഗിക്കണമെന്നും നൊബേല്‍ പുരസ്കാര ജേതാവ് പ്രഫ. മോര്‍ട്ടന്‍ പി. മെല്‍ഡല്‍ പറഞ്ഞു. കേരളം വിദ്യാഭ്യാസ മേഖലയില്‍ ഉയര്ന്നുനില്ക്കുന്ന നാടാണ്. ഇവിടത്തെ ശാസ്ത്രത്തോടുള്ള താൽപര്യവും യുവാക്കളും സന്തോഷിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
കേരള ശാസ്ത്ര, ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ വിതരണംചെയ്തു
കാസർകോട്: 2022ലെ കേരള ശാസ്ത്ര, ശാസ്ത്ര സാഹിത്യ അവാര്‍ഡുകള്‍ മുഖ്യമന്ത്രി പിണറായി വിജയന് വിതരണംചെയ്തു. യുവശാസ്ത്രജ്ഞര്‍ക്കുള്ള മുഖ്യമന്ത്രിയുടെ സ്വർണമെഡലിന് ഐ.സി.എ.ആര് സെന്‍ട്രല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി കൊച്ചി എൻജിനീയറിങ് സെക്ഷന്‍ ശാസ്ത്രജ്ഞന് ഡോ. എസ്. മുരളിയും എന്‍.ഐ.ഐ.എസ്.ടി മൈക്രോ ബയല് പ്രോസസ് ആന്‍ഡ് ടെക്നോളജി ഡിവിഷന് ശാസ്ത്രജ്ഞന് ഡോ. ഹര്‍ഷ ബജാജും അർഹനായി.
സ്വര്‍ണമെഡലും പ്രശസ്തിപത്രവും 50,000 രൂപയുടെ കാഷ് പ്രൈസും 50 ലക്ഷം രൂപയുടെ റിസർച് പ്രോജക്ടുമാണ് അവാര്‍ഡ്. കേരള ശാസ്ത്ര പുരസ്കാരത്തിന് അഗ്രോഫോറസ്ട്രിയുടെ പിതാവും ഫ്ലോറിഡ സർവകലാശാല പ്രഫസറുമായ പ്രഫ. പി.കെ. രാമചന്ദ്രന് നായര്‍ അര്‍ഹനായി. കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിൽനിന്നും ഗവേഷണസ്ഥാപനങ്ങളില്‍നിന്നും മികച്ച ശാസ്ത്രജ്ഞനുള്ള അവാര്‍ഡ് ജല വിഭവ വികസന വിനിയോഗ കേന്ദ്രം പ്രിന്‍സിപ്പല്‍ ശാസ്ത്രജ്ഞൻ ഡോ. യു. സുരേന്ദ്രന് ഏറ്റുവാങ്ങി.
ബാല ശാസ്ത്രസാഹിത്യത്തിനുള്ള 2022ലെ അവാര്‍ഡ് സാഗാ ജെയിംസ് ഏറ്റുവാങ്ങി. ‘ശാസ്ത്രമധുരം’ കൃതിക്കാണ് അവാര്‍ഡ്. ജനപ്രിയ ശാസ്ത്ര സാഹിത്യത്തിനുള്ള പുരസ്കാരം ഡോ. ബി. ഇക്ബാല്‍ ഏറ്റുവാങ്ങി (മഹാമാരികള്‍ പ്ലേവര് മുതല്‍ കോവിഡ് വരെ ചരിത്രം ശാസ്ത്രം അതിജീവനം). വൈജ്ഞാനിക ശാസ്ത്രസാഹിത്യത്തിനുള്ള പുരസ്കാരം സി.എം. മുരളീധരന് (വിജ്ഞാനവും വിജ്ഞാനഭാഷയും), ശാസ്ത്ര പത്രപ്രവര്‍ത്തനത്തിനുള്ള 2022ലെ പുരസ്കാരം സീമ ശ്രീലയം, ശാസ്ത്ര ഗ്രന്ഥ വിവര്‍ത്തനം (മലയാളം) പുരസ്കാരം പി. സുരേഷ് ബാബു (ശാസ്ത്രത്തിന്റെ ഉദയം) എന്നിവര്‍ ഏറ്റുവാങ്ങി.
പ്രഫ. മോര്‍ട്ടന്‍ പി. മെല്‍ഡലിനെ കാണാന്‍ തമിഴ്നാട്ടില്‍നിന്ന് വിദ്യാർഥിയെത്തി
കാസര്‍കോട്: ഗവ. കോളജില്‍ നടക്കുന്ന 36ാമത് കേരള ശാസ്ത്ര കോണ്‍ഗ്രസില്‍ മുഖ്യാതിഥിയായെത്തിയ നൊബേല്‍ സമ്മാന ജേതാവ് പ്രഫ. മോര്‍ട്ടന്‍ പി. മെല്‍ഡലിനെ കാണാന്‍ തമിഴ്നാട്ടില്‍നിന്ന് വിദ്യാർഥിയെത്തി.
മോര്‍ട്ടന്‍ പി. മെല്‍ഡലിന്റെ ക്ലാസില്‍ പങ്കെടുക്കാന്‍ എത്തിയ കോയമ്പത്തൂര്‍ ഭാരതിയാര്‍ സർവകലാശാലയിലെ ഒന്നാംവര്‍ഷ പി.ജി കെമിസ്ട്രി വിദ്യാർഥി സഞ്ജയ് ആണ് ശാസ്ത്ര കോണ്‍ഗ്രസിന്റെ ആദ്യദിനം ശ്രദ്ധ പിടിച്ചുപറ്റിയത്. സമൂഹ മാധ്യമത്തിലൂടെയാണ് സഞ്ജയ് കാസര്‍കോട് നടക്കുന്ന ശാസ്ത്ര കോണ്‍ഗ്രസില്‍ മോര്‍ട്ടന്‍ പി. മെല്‍ഡല്‍ പങ്കെടുക്കുന്ന വിവരമറിഞ്ഞത്. അദ്ദേഹത്തിന്റെ ആരാധകനാണെന്നും നേരിട്ട് കാണാനും ക്ലാസില്‍ പങ്കെടുക്കാൻ സാധിച്ചതിലും സന്തോഷമുണ്ടെന്നും സഞ്ജയ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.