സെക്രട്ടേറിയറ്റിന് മുന്നിലെ സംഘടന ബോർഡ്: പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കണമെന്ന് ഹൈകോടതി
text_fieldsകൊച്ചി: സെക്രട്ടേറിയറ്റിന് മുന്നിൽ കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷന്റെ കൂറ്റൻ ബോർഡ് സ്ഥാപിച്ചതു സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാൻ ഹൈകോടതി നിർദേശം. പൊതുസ്ഥലങ്ങളിൽ ബോർഡുകളും കൊടിതോരണങ്ങളും പാടില്ലെന്ന കോടതി ഉത്തരവ് നിലനിൽക്കെ ഇത്തരമൊരു ബോർഡ് സ്ഥാപിക്കാനിടയായ സാഹചര്യത്തിലാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസ്ഥാന പൊലീസ് മേധാവിക്ക് ഈ നിർദേശം നൽകിയത്. ഒരാഴ്ചക്കകം റിപ്പോർട്ട് നൽകാനും നിർദേശിച്ചു.
സെക്രട്ടേറിയറ്റിന് മുന്നിൽ ബോർഡ് സ്ഥാപിച്ചതിനെതിരായ ഹരജികൾ പരിഗണിക്കുകയായിരുന്നു കോടതി. ബോർഡ് സ്ഥാപിച്ച സംഘടനയുടെ പ്രസിഡന്റും സെക്രട്ടറിയും അഡീ. സെക്രട്ടറി, ജോ. സെക്രട്ടറി റാങ്കിലുള്ളവരാണെന്നത് അതീവഗൗരവത്തോടെ കാണുന്നതായി കോടതി ചൂണ്ടിക്കാട്ടി.
ബോർഡ് തിരുവനന്തപുരം കോർപറേഷൻ നീക്കംചെയ്തെങ്കിലും നിയമലംഘനം നിസ്സാരമായി കാണാനാവില്ല. ബോർഡ് മാറ്റിയതിന് എന്ത് ചെലവുവന്നു എന്നതിലടക്കം വിശദീകരണം നൽകണം. തിരുവനന്തപുരം നഗരസഭ സെക്രട്ടറി നൽകിയ പരാതിയിൽ, സംഘടനയുടെ പങ്ക് എന്താണെന്നും അന്വേഷണം നടക്കുന്നുണ്ടോയെന്നും വ്യക്തമാക്കാനും നിർദേശിച്ചിട്ടുണ്ട്.
ഇതുവരെ ശേഖരിച്ച ബോർഡുകളും മറ്റും എന്തുചെയ്തെന്നും ഇതിന് എന്ത് ചെലവുവന്നെന്നും സെക്രട്ടറി അറിയിക്കണമെന്നും അമിക്കസ്ക്യൂറിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കോടതി നിർദേശിച്ചു. തുടർന്ന് ഹരജി വീണ്ടും 22ന് പരിഗണിക്കാൻ മാറ്റി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.