പ്രളയബാധിതരായ പട്ടികവിഭാഗക്കാർക്ക് 840 കോടി രൂപ സഹായം തേടി കേരളം
text_fieldsന്യൂഡൽഹി: സംസ്ഥാനത്തെ പ്രളയദുരിത ബാധിതരായ പട്ടിക വിഭാഗങ്ങള്‍ക്ക് പുനരധിവാസ പാക്കേജായി 840.48 കോടി രൂപ കേന്ദ്രത്തോട് ആവശ്യപ്പെട്ട് കേരളം. മന്ത്രി എ.കെ. ബാലൻ, കേന്ദ്ര സാമൂഹിക നീതി ശാക്തീകരണ മന്ത്രി തവാർ ചന്ദ് ഗഹ്ലോട്ടുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ധനസഹായം തേടിയത്. പട്ടികവർഗ വിഭാഗ പുനരധിവാസത്തിന് 222.15 കോടിയുടെ പാക്കേജും കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ചു.
സംസ്ഥാനത്ത് ഈ വര്‍ഷത്തെ പ്രളയം 57,953 കുടുംബങ്ങളെയാണ് ദുരിതത്തിലാക്കിയത്. ഇതില്‍ 32,598 പട്ടികജാതി കുടുംബങ്ങള്‍ പ്രളയബാധിതരായി. 368 പട്ടികവര്‍ഗ കോളനികള്‍ തകര്‍ന്നു. പട്ടികവിഭാഗത്തിൽപെട്ട 36 പേരാണ് മരിച്ചതെന്നും മന്ത്രി അറിയിച്ചു. കേന്ദ്ര സഹായം ലഭിക്കാന്‍ മറ്റു വകുപ്പുകളുടെകൂടി ഇടപെടല്‍ ആവശ്യമാണെന്നും റവന്യൂ, ആഭ്യന്തര മന്ത്രാലയങ്ങളുടെ പരിഗണനക്ക് വിടാമെന്നും മന്ത്രി ഗഹ്ലോട്ട് അറിയിച്ചു. മറ്റ് പിന്നാക്ക (ഒ.ബി.സി) വിഭാഗ വിദ്യാർഥികള്‍ക്ക് ഹോസ്റ്റലുകള്‍ നിർമിക്കുന്നതിനും കേന്ദ്ര സഹായം നല്‍കുമെന്ന് കേന്ദ്രമന്ത്രി ഉറപ്പുനല്‍കി.
പെണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റല്‍ നിർമാണത്തിെൻറ 90 ശതമാനവും ആണ്‍കുട്ടികള്‍ക്കുള്ള ഹോസ്റ്റലിന് 50 ശതമാനവും തുക കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്നതാണ് പദ്ധതി. ഓരോ യൂനിവേഴ്സിറ്റിയിലും പിന്നാക്ക വിഭാഗങ്ങള്‍ അധികമുള്ള കോളജുകൾ ഇതിനായി പരിഗണിക്കുമെന്ന് മന്ത്രി എ.കെ. ബാലന് അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.