ധനകമീഷന് മുന്നിൽ കേരളം ചോദിക്കുന്നു നേട്ടങ്ങൾക്ക് ശിക്ഷയോ?
text_fieldsതിരുവനന്തപുരം: കേന്ദ്ര നികുതി വരുമാനം വീതംവെക്കുന്നതിലെ അസമത്വവും സംസ്ഥാനത്തിന്റെ ധന അനിവാര്യതകളും നിരന്തരം പ്രകൃതിദുരന്തങ്ങൾക്കിരയാകുന്നതിലെ പ്രതിസന്ധിയും ധനകമീഷന് മുന്നിൽ അക്കമിട്ട് കേരളം. 16 ാം ധനകമീഷൻ റിപ്പോർട്ട് തയാറാക്കുന്നതിന്റെ ഭാഗമായി മൂന്നു ദിവസ സന്ദർശനത്തിനെത്തിയ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയുടെ നേതൃത്വത്തിലുള്ള കമീഷന് മുന്നിൽ ധനമന്ത്രി കെ.എൻ. ബാലഗോപാലാണ് ആവശ്യങ്ങൾ നിരത്തിയത്. ഒപ്പം വിശദ നിവേദനവും സമർപ്പിച്ചു.
വിഭജിക്കാവുന്ന കേന്ദ്ര നികുതിയുടെ (ഡിവിസിബിൾ പൂൾ) 50 ശതമാനം സംസ്ഥാനങ്ങൾക്കായി നീക്കിവെക്കണമെന്നതാണ് പ്രധാന ആവശ്യങ്ങളിലൊന്ന്. 15ാം കമീഷൻ ശിപാർശ 41 ശതമാനമായിരുന്നു. നികുതിക്കു പകരമായി കേന്ദ്രം വലിയ തോതിൽ സെസും സർചാർജും സമാഹരിക്കുകയാണ്. കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം 75 ശതമാനത്തിൽനിന്ന് 60 ശതമാനത്തിലേക്ക് ചുരുക്കി. ജി.എസ്.ടിയിലൂടെ സംസ്ഥാനങ്ങൾ സമാഹരിക്കുന്ന നികുതിയുടെ പകുതി കേന്ദ്രത്തിന് അവകാശപ്പെട്ടതാക്കി. ഇതെല്ലാം സംസ്ഥാനങ്ങൾക്ക് വലിയ വരുമാന നഷ്ടം വരുത്തുകയാണ്.
പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുമ്പോൾ
പ്രകൃതി ദുരന്തങ്ങളുടെ ആഘാതം വലിയ തോതിലാണ് കേരളത്തെ ബാധിക്കുന്നത്. ഇതുമൂലം അടിയന്തര ദുരിത പ്രതികരണ പ്രവർത്തനങ്ങളുടെ ചെലവ് കുതിച്ചുയരുകയാണ്. സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്കുള്ള കേന്ദ്ര വിഹിതം 100 ശതമാനം ഉയർത്തണം. സംസ്ഥാനം നേരിടുന്ന തീര ശോഷണം, മണ്ണിടിച്ചിൽ, അതിതീവ്ര മഴ ഉൾപ്പെടെ കാര്യങ്ങൾ പരിഗണിച്ച് സംസ്ഥാന ദുരിതാശ്വാസ നിധിയിലേക്ക് പ്രത്യേക ഗ്രാന്റായി 13,922 കോടി രൂപ അനുവദിക്കണം. 586 കിലോമീറ്റർ വരുന്ന തീരദേശത്തെ 360 കിലോമീറ്ററും തീരശോഷണ ഭീഷണി നേരിടുന്നു. കടൽ നിരപ്പ് ഉയരുന്നത് മറ്റൊരു വെല്ലുവിളിയാണ്. ഇതെല്ലാം സംസ്ഥാനത്തിന്റെ റവന്യൂച്ചെലവ് ഉയർത്തുന്നു. 2011ലെ ജനസംഖ്യ മാനദണ്ഡമാക്കിയ കഴിഞ്ഞ ധന കമീഷൻ സമീപനം കേരളത്തിന് വലിയ വരുമാന നഷ്ടമുണ്ടാക്കിയിരുന്നു. ദേശീയ ജനസംഖ്യാ നിയന്ത്രണ പദ്ധതി ഏറ്റവും കാര്യക്ഷമമായി നടപ്പാക്കിയതിന് കേരളത്തെ ശിക്ഷിക്കുകയാണ്. ആർട്ടിക്കിൾ 275 പ്രകാരം ഗ്രാന്റുകൾ അനുവദിക്കുമ്പോൾ വലിയ തോതിൽ റവന്യൂ നഷ്ടമുണ്ടാകുന്ന സംസ്ഥാനങ്ങൾക്ക് അത് പരിഹരിക്കുന്നതിന് മതിയായ റവന്യൂ കമ്മി ഗ്രാന്റ് അനുവദിക്കണം.
നികുതിയിതര വരുമാനം
പൊതുമേഖല കമ്പനികളുടെ ലാഭ വിഹിതം, സ്പെക്ട്രം വിൽപന, റിസർവ് ബാങ്കിന്റെ ലാഭവിഹിതം, പൊതുമേഖല സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കൽ തുടങ്ങിയവയിലൂടെ കേന്ദ്രത്തിന് ലഭിക്കുന്ന നികുതിയിതര വരുമാനവും സംസ്ഥാനങ്ങളുമായി വിഭജിക്കേണ്ട ധന വിഭവങ്ങളിൽ ഉൾപ്പെടുത്തണം. കേന്ദ്ര വരുമാനത്തിന്റെ നിശ്ചിതഭാഗം തദ്ദേശ സ്ഥാപനങ്ങൾക്ക് മാത്രമായി നീക്കിവെക്കണം. മുതിർന്ന പൗരന്മാർക്ക് സംരക്ഷണമുറപ്പാക്കുന്ന പദ്ധതികൾക്കും പണം ലഭ്യമാക്കാൻ കഴിയാത്ത സ്ഥിതിയിലാണ് സംസ്ഥാനം. ഇതെല്ലാം പരിഗണിച്ച് മേഖലകൾ തിരിച്ചും സംസ്ഥാനത്തിന്റെ സവിശേഷമായ പ്രശ്നങ്ങൾ പരിഗണിച്ചും പ്രത്യേക ഉപാധിരഹിത ഗ്രാന്റുകൾ ലഭ്യമാക്കണം.
പിന്തുണച്ച് പ്രതിപക്ഷം
തിരുവനന്തപുരം: സംസ്ഥാനങ്ങള്‍ക്കുള്ള നികുതി വിഹിതം 41ല്‍നിന്ന് 50 ശതമാനമാക്കണമെന്ന് ധനകമീഷന് മുന്നിൽ പ്രതിപക്ഷം. കമീഷൻ ചെയർമാൻ ഡോ. അരവിന്ദ് പനഗാരിയയുമായുള്ള കൂടിക്കാഴ്ചയിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനാണ് ആവശ്യം ഉന്നയിച്ചത്. സംസ്ഥാന സർക്കാറിനു വേണ്ടി ധനമന്ത്രി കെ.എൻ. ബാലഗോപാലും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. കഠിനാധ്വാനം കൊണ്ട് ആളോഹരി വരുമാനം വര്‍ധിപ്പിച്ച സംസ്ഥാനമാണ് കേരളം. അത് ഇപ്പോള്‍ ദോഷമായി മാറി. ആളോഹരി വരുമാനം പരിഗണിക്കുമ്പോള്‍ കുറവ് നികുതി വരുമാനമേ സംസ്ഥാനത്തിന് ലഭിക്കൂ. ഈ സാഹചര്യത്തില്‍ ആളോഹരി വരുമാനത്തിന് നല്കിയ വെയിറ്റേജ് 45 ശതമാനമെന്നത് 25 ശതമാനമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനങ്ങള്‍ക്കുള്ള ഡിവിസീവ് പൂളില്‍ സെസും സര്‍ചാര്‍ജും ഉള്‍പ്പെടുത്തണം.
പ്രതിപക്ഷ ആവശ്യങ്ങൾ
- 2011ലെ സെന്‍സസ് പ്രകാരമുള്ള ജനസംഖ്യക്ക് നല്‍കിയിരിക്കുന്ന വെയിറ്റേജ് 15 ശതമാനത്തില്‍ നിന്ന് 10 ശതമാനമാക്കി കുറക്കണം.
- കാലാവസ്ഥ വ്യതിയാനത്തിന്റെ ദുരന്തം നേരിടുന്ന സംസ്ഥാനങ്ങള്‍ക്കുവേണ്ടി ഇന്‍ഡക്സ് ഉണ്ടാക്കണം.
- മനുഷ്യനും മൃഗങ്ങളും തമ്മിലുള്ള സംഘര്‍ഷവും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും കണക്കിലെടുത്ത് കേരളത്തിന് പ്രത്യേക പരിഗണന വേണം.
- വികേന്ദ്രീകൃത നികുതി സംവിധാനം കുറ്റമറ്റതാക്കാനും, സമ്പത്തിന്റെ നീതിപൂര്‍വകമായ വിതരണം ഉറപ്പുവരുത്തുന്നതിനും ‘ഡീ സെന്‍ട്രലൈസ്ഡ് ഡെവലൂഷന് ഇന്‍ഡക്സ്‘ എന്ന പുതിയ നികുതി മാനദണ്ഡമുണ്ടാകണം.
- കഴിഞ്ഞ കമീഷന് അനുവദിച്ച 55,000 കോടി രൂപയുടെ റവന്യൂ ഡെഫിസിറ്റ് ഗ്രാന്റ് തുടരണം.
- ഗവേഷണത്തിനും സ്ത്രീ ശാക്തീകരണത്തിനും ചെറുകിട ഇടത്തരം സംരംഭങ്ങള്‍ക്കും കൂടുതല്‍ പണം നല്‍കണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.