സിൽവർ ലൈനിന് വീണ്ടും അനുമതി തേടി കേരളം; കത്തെഴുതിയത് ഉപതെരഞ്ഞെടുപ്പിനുമുമ്പ്
text_fieldsതിരുവനന്തപുരം: ഡി.പി.ആർ സമർപ്പിച്ച് രണ്ട് വർഷം പിന്നിടുന്ന സാഹചര്യത്തിൽ സിൽവർ ലൈനിന് അനുമതി തേടി കേന്ദ്രത്തിന് വീണ്ടും സംസ്ഥാനത്തിന്‍റെ കത്ത്. തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഒരാഴ്ച മുമ്പാണ് ചീഫ് സെക്രട്ടറി വി.പി. ജോയി റെയിൽവേ ബോർഡ് ചെയർമാന് കത്തയച്ചത്.
കോടതിയിലും പുറത്തും സിൽവർ ലൈൻ വിഷയത്തിൽ സംശയങ്ങൾ ആവർത്തിക്കുന്ന കേന്ദ്രം കത്തിനോട് ഇതുവരെ പ്രതികരിച്ചിട്ടില്ല. 2020 ജൂൺ 17നാണ് ഡി.പി.ആർ തയാറാക്കി കേന്ദ്ര റെയിൽവേ ബോർഡിന് സമർപ്പിച്ചത്. പിന്നാലെ, അനുമതി തേടി മുഖ്യമന്ത്രി കഴിഞ്ഞ മാർച്ചിൽ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. 'ചർച്ച പോസിറ്റിവായിരുന്നു'വെന്ന് മുഖ്യമന്ത്രി പ്രതികരിച്ചെങ്കിലും അത്ര 'പോസിറ്റിവായ'നിലപാടുകളല്ല കേന്ദ്രത്തിന്‍റെ ഭാഗത്തുനിന്ന് പിന്നീടുണ്ടായത്. 2021 ഡിസംബറിൽ റെയിൽവേ ബോർഡ് പ്രതിനിധികളുമായി ചീഫ് സെക്രട്ടറിയടക്കം നേരിട്ട് കൂടിക്കാഴ്ച നടത്തിയെങ്കിലും അവ്യക്തതകൾ അക്കമിട്ട് നിരത്തിയാണ് വിശദീകരണം തേടിയത്.
പ്രതിദിന യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലുമടക്കം റെയിൽവേ ബോർഡ് സംശയം പ്രകടിപ്പിച്ചിരുന്നു. 'നിലവിൽ ഇന്ത്യൻ റെയിൽവേയെ ആശ്രയിക്കുന്ന യാത്രക്കാരും സിൽവർ ലൈനിലേക്ക് മാറു'മെന്ന പദ്ധതിരേഖകളിലെ പരാമർശത്തിലും വ്യക്തത തേടി. കേന്ദ്ര നിലപാടറിഞ്ഞ് തുടർനടപടി സ്വീകരിക്കാനാണ് സംസ്ഥാനത്തിന്‍റെ തീരുമാനം. പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് പറയുമ്പോഴും കേന്ദ്രാനുമതിക്കായി നിരവധി കടമ്പകൾ കടക്കാനുണ്ട്. കേന്ദ്രം അഭിപ്രായ വ്യത്യാസങ്ങൾ ഉന്നയിക്കുന്ന സാഹചര്യത്തിൽ സർക്കാറിനെ വിമർശിച്ച് മുഖ്യമന്ത്രി രംഗത്തെത്തിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.