കേന്ദ്രം തരുന്നത് കാത്തുനില്‍ക്കാതെ കേരളം സ്വന്തമായി വാക്‌സിന്‍ വാങ്ങണമെന്ന് വി. മുരളീധരന്‍
text_fieldsന്യൂഡല്‍ഹി: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രം തരുന്നത് കാത്തുനില്‍ക്കാതെ കേരളം സ്വന്തം നിലയില്‍ കോവിഡ് വാക്‌സിന്‍ വാങ്ങണമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. ഒരാഴ്ചത്തേക്ക് ആവശ്യമായ വാക്‌സിന്‍ കൂടി കേരളത്തിലുണ്ട്. ഈ സാഹചര്യത്തിൽ ആവശ്യത്തിന് വാക്‌സിന്‍ ഇല്ലെന്ന് പറഞ്ഞ് ആരോഗ്യമന്ത്രിയടക്കം ജനങ്ങളെ പരിഭ്രാന്തരാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അടുത്ത നാല് ദിവസത്തിനകം 6.5 ലക്ഷം ഡോസ് വാക്‌സിന്‍ കേന്ദ്രം കേരളത്തിന് നല്‍കും. ഒരാഴ്ചക്കുള്ളില്‍ 1.12 ലക്ഷം പേര്‍ക്കാണ് കേരളത്തില്‍ വാക്‌സിന്‍ നല്‍കിയത്. ഒറ്റയടിക്ക് 50 ലക്ഷം വാക്‌സിന്‍ വേണമെന്നും രണ്ട് ലക്ഷം വാക്‌സിന്‍ മാത്രമേ ബാക്കിയുള്ളുവെന്നും പറഞ്ഞാല്‍ ജനങ്ങള്‍ പരിഭ്രാന്തരാകുമെന്ന് കേരള സർക്കാർ ഓർക്കണം.
കേരളത്തിലെ വാക്‌സിന്‍ കേന്ദ്രങ്ങളില്‍ സമ്പൂര്‍ണ അരാജകത്വമാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാനത്തെ വാക്‌സിന്‍ കേന്ദ്രങ്ങള്‍ രോഗവ്യാപന കേന്ദ്രങ്ങളാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. ഓരോദിവസവും വാക്‌സിന്‍ നല്‍കുന്നവരെ മുന്‍കൂട്ടി തീരുമാനിക്കുകയും അവരെ അറിയിക്കുകയും വേണം. രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നതാണ് കേരളത്തിലെ പ്രതിസന്ധിക്ക് കാരണം. കേരളത്തില്‍ എല്ലാവര്‍ക്കും സൗജന്യമായി വാക്‌സിന്‍ നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരത്തെ വാഗ്ദാനം നല്‍കിയതാണ്. ഇതിനുള്ള നടപടികള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.