മഅ്ദനിയുടെ ജീവൻ രക്ഷിക്കാൻ കേരളം ഇടപെടണം -പി.ഡി.പി
text_fieldsകൊല്ലം: പി.ഡി.പി ചെയർമാൻ അബ്ദുന്നാസിർ മഅ്ദനിയുടെ ആരോഗ്യാവസ്ഥ വഷളായെന്നും അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാൻ കേരള സർക്കാറിന്‍റെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്നും പി.ഡി.പി സംസ്ഥാന ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
അടുത്തിടെയുണ്ടായ സ്ട്രോക്കിനെ തുടർന്ന് വിദഗ്ധചികിത്സ ലഭിക്കാത്തതിനാൽ മഅ്ദനിയുടെ ആരോഗ്യം അനുദിനം വഷളാകുകയാണ്. നിയന്ത്രണാതീതമായ ഉയർന്ന രക്തസമ്മർദം, പ്രമേഹം, ഡയബറ്റിക് ന്യൂറോപ്പതി, കിഡ്നി സംബന്ധമായ അസുഖം എന്നിവയുണ്ട്. ജാമ്യത്തിലാണെങ്കിലും ബംഗളൂരു വിടാൻ കഴിയാത്തതിനാൽ വിദഗ്ധചികിത്സ ലഭിക്കുന്നില്ല. ഇക്കാര്യമാവശ്യപ്പെട്ട് കോടതിയെ സമീപിക്കുമ്പോൾ കർണാടക സർക്കാർ ശക്തമായി എതിർക്കുകയാണ്.
കേരള സർക്കാർ മെഡിക്കൽ സംഘത്തെയും പ്രതിനിധിസംഘത്തെയും ബംഗളൂരുവിലേക്കയച്ച് മഅ്ദനിയുടെ സ്ഥിതി വിലയിരുത്തുകയും കർണാടക സർക്കാറിനോട് അടിയന്തര ചർച്ച നടത്തുകയും വേണം. ഇക്കാര്യം ആവശ്യപ്പെട്ട് പി.ഡി.പി സംസ്ഥാന നേതാക്കൾ മുഖ്യമന്ത്രി പിണറായി വിജയനെയും എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജനെയും കണ്ടിരുന്നു.ഇടപെടാമെന്ന് മുഖ്യമന്ത്രി ഉറപ്പുനൽകി.
അടിയന്തര നടപടി ഉണ്ടായില്ലെങ്കിൽ പി.ഡി.പി ബഹുജന പ്രക്ഷോഭത്തിന് തുടക്കമിടുമെന്ന് സംസ്ഥാന വൈസ് ചെയർമാൻ അഡ്വ. മുട്ടം നാസർ പറഞ്ഞു. ജനറൽ സെക്രട്ടറിമാരായ സാബു കൊട്ടാരക്കര, മൈലക്കാട് ഷാ, സെക്രട്ടേറിയറ്റംഗങ്ങളായ ബി.എൻ. ശശികുമാർ, ജില്ല പ്രസിഡന്റ് ഇക്ബാൽ കറുവ, ഹനീഫ് ഭരണിക്കാവ് എന്നിവരും വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.