ഹേമ കമ്മിറ്റി റിപ്പോർട്ട് ആദ്യം സർക്കാർ മടിച്ചു; ഒടുവിൽ പിടിച്ചെടുത്തു
text_fieldsതിരുവനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് സംസ്ഥാന വിവരാവകാശ കമീഷനും കൈമാറാൻ മടിച്ച് സർക്കാർ. ഒടുവിൽ വിവരാവകാശ നിയമപ്രകാരം സിവിൽ കോടതിയുടെ അധികാരത്തോടെ കമീഷൻ സർക്കാരിൽനിന്ന് റിപ്പോർട്ട് പിടിച്ചെടുക്കുകയായിരുന്നു. അങ്ങനെ റിപ്പോർട്ട് പരിശോധിച്ച ശേഷമാണ് പുറത്തുവിടണമെന്ന് കമീഷണർ എ. അബ്ദുൽ ഹക്കീം ഉത്തരവിട്ടത്.
റിപ്പോർട്ട് നൽകാത്തതിനെതിരെ ഏപ്രിലിൽ കമീഷന് മുന്നിലെത്തിയ അപ്പീലിൽ സാംസ്കാരിക വകുപ്പിനോട് കമീഷണർ വിശദീകരണം തേടിയെങ്കിലും നിരവധി പേരുടെ വ്യക്തി വിവരങ്ങൾ ഉള്ളതിനാൽ നൽകാനാവില്ലെന്ന മറുപടിയാണ് സാംസ്കാരിക വകുപ്പ് നൽകിയത്. ഒടുവിൽ കമീഷണർ വിളിച്ച ഹിയറിങ്ങിൽ റിപ്പോർട്ട് പരിശോധനക്കായി ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടെങ്കിലും സർക്കാർ നിരസിച്ചു. പകരം ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ പുതിയ സിനിമ നയം രൂപവത്കരിക്കാൻ തീരുമാനിച്ചതായും ഇതിനായി സംസ്ഥാന ചലച്ചിത്ര അക്കാദമിയെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നുമായിരുന്നു ഉദ്യോഗസ്ഥർ കമീഷനെ അറിയിച്ചത്. ഈ വാദം കമീഷണർ അംഗീകരിച്ചില്ല. മേയ് ഒമ്പതിന് മുദ്രവെച്ചകവറിൽ റിപ്പോർട്ട് ഹജാരാക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാൽ, ഒമ്പതിനും റിപ്പോർട്ട് ഹാജരാക്കിയില്ല. കമീഷന് റിപ്പോർട്ട് കൈമാറുന്നത് സംബന്ധിച്ച് നിയമോപദേശം തേടിയിരിക്കുകയാണെന്നും അതിനാൽ സാവകാശം വേണമെന്നുമാണ് സാംസ്കാരിക വകുപ്പ് അറിയിച്ചത്. ഇതോടെ സിവിൽ ജുഡീഷ്യൽ അധികാരം വിനിയോഗിച്ച്, ഇനി വിശദീകരണത്തിന്‍റെ ആവശ്യമില്ലെന്നും 10 ദിവസത്തിനകം ഹേമ കമ്മിറ്റി റിപ്പോർട്ടിന്‍റെ പകർപ്പ് മുദ്ര വെച്ച കവറിൽ സമർപ്പിക്കാൻ കമീഷണർ കർശന നിർദേശം നൽകി. തുടർന്നാണ് റിപ്പോർട്ടിന് അവലംബമായ രേഖകളും പെൻഡ്രൈവും ഒഴികെ 295 പേജുള്ള റിപ്പോർട്ട് കമീഷന് മുന്നിൽ സർക്കാർ ഹാജരാക്കിയത്.
ഭാഗിക റിപ്പോർട്ടിൽ കാര്യമില്ല -ഭാഗ്യലക്ഷ്മി
കാതലായ വിഷയങ്ങൾ മറച്ചുവെച്ച് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടുന്നതിൽ കാര്യമില്ല. വിഷയങ്ങൾ കമ്മിറ്റിക്ക് മുന്നിൽ തുറന്നു പറഞ്ഞത് വെറുതെ പേപ്പറിൽ എഴുതി വെക്കാനല്ല. ഇത്രയും കോടികൾ മുടക്കിയത് ഇരയെ സംരക്ഷിക്കാനോ അതോ പ്രതിയെ സംരക്ഷിക്കാനോ എന്ന് വ്യക്തമാക്കണം. കാതലായ വിഷയങ്ങൾ മാറ്റിവെച്ചുകൊണ്ട് റിപ്പോർട്ട് പുറത്തുവിടുന്നതിൽ യാതൊരു കാര്യവുമില്ല. റിപ്പോർട്ട് പുറത്തുവരുമ്പോൾ മാധ്യമങ്ങളിലും മറ്റും കുറച്ച് വാർത്തകൾ വരുമെന്നല്ലാതെ സിനിമാ വ്യവസായത്തിൽ ഒരു മാറ്റവും ഉണ്ടാകാൻ പോകുന്നില്ല.
മന്ത്രി മറുപടി പറയണം -വിനയൻ
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ഇത്രയും കാലം റിപ്പോര്‍ട്ട് പുറത്തുവിടാതിരുന്നതില്‍ സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍ മറുപടി പറയണം. മലയാള സിനിമയില്‍ ദിവ്യന്‍മാരോ ആള്‍ദൈവങ്ങളോ ഇല്ല. കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ അന്തഃസത്ത പോലും പുറത്ത് വിടാത്തത് ദുരൂഹമാണ്. ഹേമ കമ്മിറ്റിക്ക് മുന്നില്‍ താന്‍ മൂന്നുതവണ മൊഴി നല്‍കിയതാണ്. കമ്മിറ്റിയുടെ ശിപാര്‍ശകള്‍ നടപ്പാക്കാന്‍ ചലച്ചിത്ര അക്കാദമിയെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്. അക്കാദമി നിഷ്പക്ഷമല്ലെന്ന് എല്ലാവർക്കും അറിയാവുന്നതാണ്.
വലിയ മാറ്റം പ്രതീക്ഷിച്ചിരുന്നു -സജിതാ മഠത്തിൽ
ഹേമ കമ്മിറ്റി മുന്നോട്ട് വെക്കുന്ന കാര്യങ്ങൾ തീർച്ചയായും സിനിമ മേഖലയിൽ ഗൗരവമായി മാറ്റങ്ങളുണ്ടാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിട്ടുണ്ടായിരുന്നു. എന്നാൽ, റിപ്പോർട്ട് വളരെ അപകടം പിടിച്ച ഒന്നാണെന്നും അതു പുറത്തു വന്നാൽ കുറേപേരെ ബാധിക്കും എന്ന മട്ടിലാണ് സർക്കാർ പറഞ്ഞത്. അതായത്, കൂടുതൽ ആശങ്കയുണ്ടായിരുന്നത് ഇതു ബാധിക്കുന്നവരെ കുറിച്ചായിരുന്നു. ആരേയും കരിവാരി തേയ്ക്കുക എന്നതായിരുന്നില്ല ഡബ്ല്യു.സി.സി ആവശ്യം. സിനിമ മേഖലയിൽ ഗൗരവമായ മാറ്റം കൊണ്ടുവരുക എന്നതായിരുന്നു ഞങ്ങളുടെ ആവശ്യം. പക്ഷേ, അതു സംഭവിച്ചില്ല എന്നു മാത്രമല്ല, പല രീതിയിലും ശ്രമിച്ചെങ്കിലും ഒരു തരത്തിലും മുന്നോട്ട് പോകാത്ത സാഹചര്യമായിരുന്നു. ആ അവസ്ഥയിൽ ഇങ്ങനെയൊരു ഇടപെടൽ ഉണ്ടായതിൽ എല്ലാവർക്കും വളരെയധികം സന്തോഷമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.