സ്ഥിതി അതീവഗുരുതരം; രണ്ടാഴ്ച ലോക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെ.ജി.എം.ഒ.എ
text_fieldsതിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിക്കണമെന്ന് കേരള ഗവൺമെന്‍റ് മെഡിക്കൽ ഒാഫീസേഴ്സ് അസോസിയേഷൻ (കെ.ജി.എം.ഒ.എ). കേരള സർക്കാറിന് നൽകിയ കത്തിലാണ് കെ.ജി.എം.ഒ.എ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കേരളത്തിലെ സ്ഥിതി അതീവ ഗുരുതരമാണ്. ആരോഗ്യമേഖലയില്‍ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും ചികിത്സ സംവിധാനങ്ങളിലെ പരിമിതിയും തിരിച്ചടിയാകുമെന്നും കെ.ജി.എം.ഒ.എ വ്യക്തമാക്കുന്നു.
ഇരട്ട ജനിതകമാറ്റം വന്ന വൈറസ് വ്യാപനം 75 ശതമാനത്തിനും മുകളിലാണ്. 35,000ൽ അധികം പേര്‍ക്കാണ് ബുധനാഴ്ച പുതിയതായി രോഗം സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25ന് മുകളിലാണ്. പരിശോധിക്കുന്ന നാലു പേരില്‍ ഒരാൾക്ക് രോഗം സ്ഥിരീകരിക്കുന്നു എന്നാണ് പുതിയ കണക്ക്.
ജനിതകമാറ്റം വന്ന വൈറസ് വായുവിലൂടെയും പകരാം. ഈ സാഹചര്യത്തില്‍ പൊതു ഇടങ്ങളില്‍ ആളുകളെത്തുന്നത് നിയന്ത്രിച്ചേ മതിയാകൂ. രോഗ വ്യാപനത്തിന്‍റെ കണ്ണി മുറിക്കാൻ ലോക്ഡൗണ്‍ അനിവാര്യമാണെന്ന് കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു.
രോഗവ്യാപനം തീവ്രമാകുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍, നഴ്സുമാരടക്കം ജീവനക്കാരുടെ കുറവ്, ആശുപത്രികളിലെ സൗകര്യകുറവ്, ആശുപത്രികളിലെ കിടക്കകകളും ഐ.സി.യു വെന്‍റിലേറ്ററുകളും നിറയുന്ന സാഹചര്യം എന്നിവ പ്രതികൂലമായി ബാധിക്കും. പി.പി.ഇ കിറ്റുകള്‍ ഗുണനിലവാരമില്ല, ആന്‍റിജൻ കിറ്റുകള്‍ക്ക് ക്ഷാമം അടക്കമുള്ള പ്രശ്നങ്ങളും സർക്കാറിന് നൽകിയ കത്തിൽ കെ.ജി.എം.ഒ.എ ചൂണ്ടിക്കാട്ടുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.