ഹരജി നൽകിയത് രഞ്ജിത്തിനെ രക്ഷിക്കാനാണെന്ന ആരോപണത്തിൽ ലിജീഷ് മറുപടി പറയണം- ജോയ് മാത്യു
text_fieldsകോഴിക്കോട്: ലിജീഷ് മുല്ലേഴത്ത് സുപ്രിംകോടതിയില്‍ നല്‍കിയ ഹരജി ചലച്ചിത്ര അക്കാദമി ചെയർമാൻ രഞ്ജിത്തിനെ രക്ഷിക്കാനാണെന്ന ആരോപണത്തിൽ ലിജീഷ് നിലപാട് വ്യക്തമാക്കണമെന്ന് ജോയ് മാത്യു. നിലപാട് വ്യക്തമാക്കാത്തപക്ഷം വിനയന്റെ ആരോപണം സത്യമാണെന്ന് ജനങ്ങൾ വിശ്വസിക്കും. സ്വന്തം നിലയ്ക്കാണോ മറ്റാർക്കോ വേണ്ടിയാണോ ഹരജി നൽകിയത് എന്ന് ലീജീഷ് പറയണമെന്നും ജോയ് മാത്യു പറഞ്ഞു. പ്രസവ ശസ്ത്രക്രിയയ്ക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ കെ. കെ. ഹര്‍ഷിനയുടെ സമരത്തിന്റെ 100-ാo ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് എത്തിയതാണ് ജോയ് മാത്യു.
ചലച്ചിത്ര അവാർഡ് നിർണയത്തിൽ പക്ഷഭേദമുണ്ടെന്നും അവാർഡുകൾ റദ്ദാക്കണമെന്നുമാണ് സംവിധായകനായ ലിജീഷ് മുല്ലേഴത്തിന്‍റെ ഹരജിയിലെ ആവശ്യം. അവാർഡുകൾക്കെതിരെ ആരോപണം ഉയർന്ന സാഹചര്യത്തിൽ സംസ്ഥാനസർക്കാർ അന്വേഷണം വേണമെന്നും ഹരജിയിൽ ആവശ്യപ്പെടുന്നു. ഹരജി സുപ്രീം കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. ഹരജിയിലെ ആരോപണം തെളിയിക്കാൻ എന്ത് തെളിവാണ് ഉള്ളതെന്നും കോടതി ആരാഞ്ഞു.
വയറ്റിൽ കത്രിക കുടുങ്ങിയ കെ. കെ. ഹര്‍ഷിനയുടെ സമരത്തിന്റെ 100-ാo ദിവസം ഐക്യദാർഢ്യം പ്രഖ്യാപിച്ച് കോഴിക്കോട് എത്തിയതായിരുന്നു ജോയ് മാത്യു. നീതി നിഷേധിക്കപ്പെട്ട അമ്മയുടെ അവസ്ഥ മനസ്സിലാക്കിയതിനാലാണ് സമരത്തിന് പിന്തുണയുമായി എത്തിയതെന്നും ജോയ് മാത്യു പറഞ്ഞു. 'സാധാരണക്കാരുടെ പ്രശ്നങ്ങളിൽ പ്രതികരിക്കേണ്ടതില്ലെന്ന് കലാകാരന്മാർ വിചാരിക്കുന്നു. അവർ മനസ്സിലാക്കേണ്ടത് സാധാരണക്കാരുടെ പണം കൊണ്ടാണ് ഇതെല്ലാം നിലനിൽക്കുന്നത് എന്നാണ്. തെറ്റ് ചെയ്തവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരിക. നീതി വൈകിപ്പിക്കുന്നത് കുറ്റക്കാരെ രക്ഷിക്കുന്നതിന് തുല്യമാണ്. ഹർഷിനയ്ക്ക് നീതി കിട്ടേണ്ടത് നാടിൻ്റെ ആവശ്യമാണ് ', ജോയ് മാത്യു പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.