എട്ടാം ക്ലാസ് വിദ്യാർഥി അഗ്നിക്കോല തെയ്യം കെട്ടിയ സംഭവം; ബാലാവകാശ കമ്മീഷൻ കേസെടുത്തു
text_fieldsകണ്ണൂർ: ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടത്തിൽ എട്ടാം ക്ലാസ് വിദ്യാർഥി അഗ്നികോലം പകർന്ന് തെയ്യം അവതരിപ്പിച്ച സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ ചെയർപേഴ്സൺ കെ.വി. മനോജ്കുമാർ സ്വമേധയ നടപടി സ്വീകരിക്കുകയായിരുന്നു.
സംഭവത്തെക്കുറിച്ച് അടിയന്തര റിപ്പോർട്ട് നൽകാൻ ഡബ്ല്യു.സി.ഡി ഡയറക്ടർ, ജില്ലാ പൊലീസ് മേധാവി, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ, എന്നിവർക്ക് കമ്മീഷൻ നിർദേശം നൽകി.
45 വർഷത്തിന് ശേഷം നടക്കുന്ന ചിറക്കൽ കോവിലകം ചാമുണ്ഡിക്കോട്ടം പെരുങ്കളിയാട്ടം ബുധനാഴ്ചയാണ് തുടങ്ങിയത്. ഞായർ വരെയാണ് കളിയാട്ടം. അമ്പതിൽപ്പരം തെയ്യക്കോലങ്ങൾ കെട്ടിയാടും. രണ്ടാംദിനമായ വ്യാഴാഴ്ച പുലർച്ചെ പൂക്കൂട്ടി ശാസ്തപ്പൻ, ഭൈരവൻ, ഊർപ്പഴശ്ശി വേട്ടക്കൊരുമകൻ, ഘണ്ടാകർണൻ, വയനാട്ടുകുലവൻ, വൈരജാതൻ, ചുഴലി ഭഗവതി, തിരുവർക്കാട്ട് ഭഗവതി തെയ്യങ്ങൾ കെട്ടിയാടി. പകൽ 2.30ന് തായ് പരദേവതയുടെ തോറ്റവും തുടർന്ന് കളരിവാതുക്കൽ ക്ഷേത്രത്തിൽനിന്ന് വിഷ്ണുമൂർത്തിയുടെ തോറ്റം കുളിച്ചുവരവുമുണ്ടായി.
വൈകീട്ട് സംസ്കാരിക സമ്മേളനം സംഗീത സംവിധായകൻ ശ്രീകുമാരൻ തമ്പി ഉദ്ഘാടനം ചെയ്തു. എം വിജിൻ എം.എൽ.എ അധ്യക്ഷത വഹിച്ചു. ഡോ. എ എസ് പ്രശാന്ത് കൃഷ്ണൻ രചിച്ച മുപ്പത്തൈവർ പുസ്തകം ചടങ്ങിൽ ശ്രീകുമാരൻ തമ്പി പ്രകാശിപ്പിച്ചു. പത്മശ്രീ ജേതാവ് എസ് ആർ ഡി പ്രസാദിനെയും സംഗീതത്തിൽ ഡോക്ടറേറ്റ് നേടിയ സുമ സുരേഷ് വർമയെയും ആദരിച്ചു. കെ.വി. സുമേഷ് എംഎൽഎ, ചിറക്കൽ കോവിലകം വലിയരാജ സി.കെ. രാമവർമ, പി.കെ. കൃഷ്ണദാസ്, കൊല്ലോൻ മോഹനൻ, സി.കെ. ദിവാകര വർമ, എം. മുകുന്ദൻ എന്നിവർ സംസാരിച്ചു. യു.പി. സന്തോഷ് സ്വാഗതവും രാജൻ അഴീക്കോടൻ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.