കെ.എസ്.ഐ.ടി.ഐ.എൽ എം.ഡി പ്രതിക്കൂട്ടിൽ
text_fieldsതിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിെന കേരള സ്റ്റേറ്റ് ഐ.ടി ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡിൽ (കെ.എസ്.ഐ.ടി.ഐ.എൽ) പ്രതിമാസം 3.18 ലക്ഷം രൂപ ചെലവിൽ നിയമിച്ചതിൽ എം.ഡി ജയശങ്കർ പ്രസാദിനെ പ്രതിക്കൂട്ടിലാക്കി പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ്.
ജയശങ്കറാണ് സ്വപ്നയുടെ ബയോഡേറ്റ കൈമാറിയതെന്നും ഇതിെൻറ അടിസ്ഥാനത്തിലാണ് കൺസൾട്ടൻറായി നിയമിച്ചതെന്നും പി.ഡബ്ല്യു.സിയുടെ ലീഗൽ ഏജൻസി കെ.എസ്.ഐ.ടി.ഐ.എല്ലിനെ അറിയിച്ചു. സ്വപ്നയുടെ നിയമനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ജൂലൈ 13ന് കെ.എസ്.ഐ.ടി.ഐ.എൽ അയച്ച വക്കീൽ നോട്ടീസിന് പി.ഡബ്ല്യു.സി ജൂലൈ 24ന് നൽകിയ മറുപടിയിലാണ് ഇക്കാര്യമുള്ളത്.
2019 സെപ്റ്റംബറിലാണ് സർക്കാറിെൻറ സ്പേസ് കോൺക്ലേവിെൻറ നടത്തിപ്പിനായി ജൂനിയർ കൺസൾട്ടൻറിനെ വേണമെന്ന് ജയശങ്കറും പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് പ്രതിനിധി സുദീപ് ദാസും ചർച്ച നടത്തിയത്. ഒക്ടോബർ ഒന്നിന് ജയശങ്കർ സ്വപ്നയുടെ ബയോഡേറ്റ പി.ഡബ്ല്യു.സിക്ക് കൈമാറി. ഒക്ടോബർ രണ്ടിന് സുദീപ് ദാസ് സ്വപ്നയുടെ പ്രാഥമിക അഭിമുഖം നടത്തി. തുടർന്ന്, സ്പേസ് പാർക്ക് സ്പെഷൽ ഓഫിസർ സന്തോഷ് കുറുപ്പ് അഭിമുഖം നടത്തി. വിഷൻ ടെക്നോളജി എന്ന സ്ഥാപനം വഴി സ്വപ്ന നിയമന നടപടി ക്രമം പൂർത്തിയാക്കി. ഒക്ടോബർ 19ന് വർക്ക് ഓർഡർ െവച്ചു. എം.ഡി നിയമനാംഗീകാരം നൽകിയതോടെ 21 മുതൽ സ്വപ്ന ജോലിയിൽ പ്രവേശിച്ചതായും പി.ഡബ്ല്യു.സി നൽകിയ മറുപടിക്കത്തിൽ ചൂണ്ടിക്കാട്ടുന്നു.
എന്നാൽ, പി.ഡബ്ല്യു.സിയുടെ വാദങ്ങളെ തള്ളി കെ.എസ്.ഐ.ടി.ഐ.എൽ വീണ്ടും കത്ത് നൽകി. സ്വപ്നയുടെ പശ്ചാത്തലവും വിദ്യാഭ്യാസ യോഗ്യതകളും പരിശോധിക്കേണ്ടത് പി.ഡബ്ല്യു.സിയുടെ ഉത്തരവാദിത്തമാണ്. തെറ്റായ നടപടികളിൽനിന്ന് രക്ഷപ്പെടാനാണ് പി.ഡബ്ല്യു.സി ആരോപണങ്ങൾ ഉന്നയിക്കുന്നതെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു. കരാർ റദ്ദാക്കാനുള്ള നടപടി ഉടനുണ്ടാകുമെന്ന മുന്നറിയിപ്പോടെയാണ് കത്ത് അവസാനിക്കുന്നത്. ഇതിെൻറ തുടർച്ചയായിട്ടാണ് പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സിനെ ഐ.ടി വകുപ്പിൽ നിന്ന് വിലക്കുകയും കെ-ഫോൺ പദ്ധതിയിൽനിന്ന് മാറ്റുകയും ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.