ദീർഘദൂര സർവിസുകൾ പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി; തുടങ്ങിയത് 219 സർവിസ്
text_fieldsകോട്ടയം: കോവിഡ് വ്യാപനത്തെ തുടർന്ന് നിർത്തിവെച്ച ദീർഘദൂര സർവിസുകൾ പുനരാരംഭിച്ച് കെ.എസ്.ആർ.ടി.സി. ഇതുവരെ 219 സർവിസുകൾ പുനരാരംഭിച്ചതായി കോർപറേഷൻ വക്താവ് 'മാധ്യമ'ത്തോട് പറഞ്ഞു. അടുത്ത ദിവസങ്ങളിലായി 10 എണ്ണം കൂടി ആരംഭിക്കും. ഇതോടെ മൊത്തം എണ്ണം 230 ആകും.
എറണാകുളം, തിരുവനന്തപുരം, കോട്ടയം, പത്തനംതിട്ട, മാനന്തവാടി, കോഴിക്കോട്, കണ്ണൂർ, സുൽത്താൻ ബത്തേരി, ആലപ്പുഴയടക്കം പ്രധാന കേന്ദ്രങ്ങളിൽ നിന്നുള്ള സ്കാനിയ, സൂപ്പർ ഡീലക്സ്, സൂപ്പർ എക്സ്പ്രസ്, സൂപ്പർ ഫാസ്റ്റ് സർവിസുകളാണ് നിരത്തിലുള്ളത്.
അന്തർ സംസ്ഥാന സർവിസുകളും ഉൾപ്പെടും. ദീർഘദൂര ബസുകളുടെ കുറവുമൂലം ബുദ്ധിമുട്ടുന്ന മലയോര മേഖലകളിൽനിന്ന് വരുംദിവസങ്ങളിൽ കൂടുതൽ ഫാസ്റ്റ് പാസഞ്ചർ സർവിസുകൾ തുടങ്ങാൻ യൂനിറ്റ് ഓഫിസർമാർക്ക് നിർദേശം നൽകിയിട്ടുണ്ട്. കട്ടപ്പന, കുമളി, മൂന്നാർ, പാലാ, എരുമേലി, ഈരാറ്റുപേട്ട എന്നിവിടങ്ങളിൽനിന്നുള്ള തിരുവനന്തപുരം സർവിസുകളും പാല, കുമളി, കട്ടപ്പന എന്നിവിടങ്ങളിൽനിന്നുള്ള മലബാർ സർവിസുകളും പുനരാരംഭിച്ചതിൽപെടും. മംഗലാപുരം-മൂകാംബിക സർവിസും ആരംഭിച്ചു. കോഴിക്കോട്, എറണാകുളം ഡിപ്പോകളിൽനിന്ന് കൂടുതൽ ബംഗളൂരു, മൈസൂർ സർവിസുകളും വൈകാതെ ആരംഭിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.