സംസ്ഥാന സ്കൂൾ കലോത്സവം അഞ്ച് ദിവസമാക്കി ചുരുക്കും
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവ നിയമാവലിയിൽ സമഗ്ര മാറ്റത്തിന് ശിപാർശ ചെയ്യുന്ന വിദഗ്ധ സമിതി റിപ്പോർട്ട് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ക്വാളിറ്റി ഇംപ്രൂവ്മെൻറ് പ്രോഗ്രാം (ക്യു.െഎ.പി) മോണിറ്ററിങ് യോഗം ഭേദഗതികളോടെ അംഗീകരിച്ചു. ഇൗ വർഷത്തെ സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ ജനുവരി ആറ് മുതൽ പത്തു വരെയായി നടത്താനും തീരുമാനിച്ചു. പതിവിൽ നിന്ന് വ്യത്യസ്തമായി ഏഴു ദിവസങ്ങളിൽ നടന്നിരുന്ന കലോത്സവം വേദികളുടെ എണ്ണം കൂട്ടി അഞ്ചു ദിവസം കൊണ്ട് പൂർത്തിയാക്കും. കുട്ടികളെ ദീർഘദൂരം നടത്തിക്കുന്നതിന് വിലക്കുള്ള സാഹചര്യത്തിൽ ഇൗ വർഷം മുതൽ സാംസ്കാരിക ഘോഷയാത്ര ഒഴിവാക്കും. പകരം കലോത്സവ ഉദ്ഘാടനത്തിന് മുമ്പ് സാംസ്കാരിക സംഗമം നടത്തും. സാംസ്കാരിക ഘോഷയാത്രയിൽ അണിനിരക്കുന്ന കലാരൂപങ്ങളും േഫ്ലാട്ടുകളും ഉൾപ്പെടെയുള്ളവ ഏവർക്കും കാണാനാവുന്ന വിധം ഒരു സ്ഥലത്ത് സംഗമിക്കുന്ന രീതിയിൽ ആയിരിക്കും സാംസ്കാരിക സംഗമം.
പരിഷ്കരിച്ച മാന്വൽ പ്രകാരം കലോത്സവത്തിൽ എ ഗ്രേഡ് നേടുന്ന വിദ്യാർഥികൾക്ക് കാഷ് പ്രൈസ് സഹിതമുള്ള സാംസ്കാരിക സ്കോളർഷിപ് നൽകും. സംസ്ഥാനതലത്തിൽ ഗ്രേഡിന് പുറമെ സ്ഥാനം നിർണയിക്കുന്ന രീതി അവസാനിപ്പിക്കും. ഗ്രേഡ് നിശ്ചയിക്കുന്നതിനുള്ള മാർക്കിലും മാറ്റം കൊണ്ടുവരും. നിലവിൽ 75 മാർക്കിന് മുകളിൽ മാർക്ക് ലഭിക്കുന്നവർക്ക് എ ഗ്രേഡ് നൽകുന്നത് ഇനി മുതൽ 80 മാർക്കോ അതിന് മുകളിലോ നേടണം. 60 മുതൽ 79 മാർക്ക് വരെ നേടുന്നവർക്ക് ബി ഗ്രേഡും 40 മുതൽ 59 മാർക്ക് വരെ സി ഗ്രേഡും നൽകും. ജില്ലതലത്തിലും സബ്ജില്ലതലത്തിലും ഗ്രേഡിന് പുറമെ സ്ഥാനം നിർണയിക്കുന്ന രീതി തുടരേണ്ടിവരും. ഇൗ തലങ്ങളിൽനിന്ന് ഒരാൾക്ക് മാത്രമാണ് ഉയർന്നതലങ്ങളിൽ മത്സരിക്കാൻ അർഹതയുള്ളൂവെന്നതിനാൽ സ്ഥാനനിർണയം ഒഴിവാക്കാനാകില്ല.
ഗ്രേസ് മാർക്ക് എസ്.എസ്.എൽ.സി പരീക്ഷക്കൊപ്പം ചേർക്കരുതെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും ക്യു.െഎ.പി യോഗം ഇക്കാര്യം ചർച്ചചെയ്തില്ല. മത്സര ഇനങ്ങളിൽ വിധികർത്താക്കളായി എത്തുന്നവർക്ക് കർശന മാനദണ്ഡങ്ങൾ കൊണ്ടുവന്നു. ഒരാൾക്ക് ഒരിനത്തിൽ തുടർച്ചയായി രണ്ടുവർഷത്തിൽ കൂടുതൽ വിധികർത്താവാകാൻ കഴിയില്ല. ജില്ലതലത്തിൽ വിധികർത്താവായ ആളെ സംസ്ഥാനതലത്തിൽ വിധികർത്താവാക്കില്ല. സബ്ജില്ലതലത്തിൽ വിധി നിർണയിച്ചയാളെ ജില്ലയിലും ഇതിനായി നിയോഗിക്കില്ല. സബ്ജില്ലതല വിധികർത്താക്കളുടെ പട്ടികക്ക് ഡി.ഡി.ഇമാരുടെയും ജില്ലതല പട്ടികക്ക് പൊതുവിദ്യാഭ്യാസ ഡയറക്റുടെയും അംഗീകാരം വേണം.
യു.പി, ഹൈസ്കൂൾ തലങ്ങളിൽ ഇംഗ്ലീഷ് സ്കിറ്റ് പുതിയ ഇനമായി ഉൾപ്പെടുത്തി. എൽ.പി, യു.പി വിഭാഗങ്ങളിൽ തമിഴ്, കന്നട ഭാഷകളിൽ പ്രസംഗം, പദ്യപാരായണം എന്നിവയും പുതിയ ഇനമായി ഉൾപ്പെടുത്താനും നിർദേശമുണ്ട്. എൽ.പി വിഭാഗത്തിൽ മലയാളം, ഇംഗ്ലീഷ് ഭാഷകളിൽ ആംഗ്യപാട്ട് മത്സര ഇനമായി ഉൾപ്പെടുത്താനും നിർദേശമുണ്ട്. ഹൈസ്കൂൾ തലത്തിൽ 15 വിഭാഗങ്ങളിലായി 89 ഇനങ്ങളിലായിരിക്കും മത്സരം. നേരേത്ത ഇത് 14 വിഭാഗങ്ങളിലായി 88 ഇനങ്ങളിലായിരുന്നു. ഹയർ സെക്കൻഡറി തലത്തിൽ 14 വിഭാഗങ്ങളിൽ 98 മത്സരങ്ങൾ ഉണ്ടാകും. കലോത്സവത്തിെൻറ സംഘാടനത്തിൽ പെങ്കടുക്കുന്ന അധ്യാപകർ ഇനി മുതൽ പ്രത്യേക രജിസ്റ്ററിൽ ഹാജർ രേഖപ്പെടുത്തണം. കലോത്സവ നടത്തിപ്പിനായി നിലവിലെ സബ്കമ്മിറ്റികൾക്ക് പുറമെ ഗ്രീൻപ്രോേട്ടാേകാൾ ചുമതല നിർവഹിക്കാനായും പുതിയ സബ്കമ്മിറ്റി കൂടി അടുത്ത തവണ നിലവിൽവരും.
കഥകളി, ഒാട്ടൻതുള്ളൻ, നാടോടിനൃത്തം, കേരളനടനം, മോണോ ആക്ട്, മിമിക്രി എന്നീ ഇനങ്ങളിൽ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഇനി പ്രത്യേക മത്സരം ഉണ്ടാകില്ല. ഇൗ ഇനങ്ങളിൽ ഒന്നിച്ചായിരിക്കും മത്സരം. കലോത്സവം അവധിക്കാലത്ത് നടത്തണമെന്ന് നിർദേശമുണ്ടായിരുന്നെങ്കിലും അത് പ്രായോഗികമല്ലെന്ന് കണ്ട് തള്ളി. മാന്വൽ പരിഷ്കരണത്തിന് സർക്കാർ അംഗീകാരമാകുന്ന മുറക്ക് തൃശൂരിൽ നടക്കുന്ന കേലാത്സവം മുതൽ പ്രാബല്യത്തിൽ കൊണ്ടുവരും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.