കലോത്സവങ്ങൾ ‘ശുദ്ധ വെജിറ്റേറിയൻ’ ഭക്ഷണം മാറി സസ്യേതര വിഭവങ്ങൾ കൂടി വിളമ്പുന്ന ഇടങ്ങളാകണം -വി.ടി ബൽറാം
text_fields61ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിനൊപ്പം തന്നെ വിവാദങ്ങൾക്കും കുറവില്ല. കലോത്സവത്തിൽ കലവറ സംബന്ധിച്ചാണ് സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച കൊഴുക്കുന്നത്. കോഴിക്കോട് നടക്കുന്ന കലോത്സവത്തിന് കോഴിക്കോടൻ ബിരിയാണി അടക്കമുള്ള വിഭവങ്ങൾ വിതരണം ചെയ്യണം എന്നാണ് ആവശ്യം ഉയർന്നിരിക്കുന്നത്. എഴുത്തുകാരൻ അശോകൻ ചരുവിൽ അടക്കമുള്ളവർ രംഗത്തെത്തിയിട്ടുണ്ട്. ഇത് സംബന്ധിച്ച് ഫേസ്ബുക്കിൽ ചർച്ച കൊഴുക്കുകയാണ്.
വർഷങ്ങളായി കലോത്സവ വേദിയിൽ ഭക്ഷണം ഒരുക്കുന്ന പഴയിടം നമ്പൂതിരിയെ പിന്തുണച്ചാണ് അശോകൻ ചരുവിൽ രംഗത്തെത്തിയത്. ഇത് സംബന്ധിച്ച് മുൻ എം.എൽ.എയും കോൺഗ്രസ് നേതാവുമായ ബി.ടി ബൽറാം ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കലോത്സവങ്ങളിലെ ശുദ്ധ വെജിറ്റേറിയൻ എന്ന സങ്കൽപം മാറി സസ്യേതര ഭക്ഷണം കൂടി വിളമ്പുന്ന വേദികളായി കലോത്സവങ്ങൾ മാറണം എന്ന് ബൽറാം ആവശ്യപ്പെടുന്നു.
വി.ടി ബൽറാമിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം:
ഭക്ഷണം പാചകം ചെയ്യുന്ന ബ്രാഹ്മണൻ കേരളത്തിൽ നടന്ന നവോത്ഥാനത്തിന്റെ സംഭാവനയാണെന്ന് ഒരു ന്യായീകരണ ക്യാപ്സ്യൂളിറങ്ങിയിട്ടുണ്ട്. ഏത് തൊഴിലിലും മാന്യത കണ്ടെത്താനും അഭിരുചിക്കനുസരിച്ച് സ്വയം സ്വീകരിക്കാനും ഏതെങ്കിലും വ്യക്തിക്ക് കഴിയുന്നുണ്ടെങ്കിൽ അതയാളുടെ ഉയർന്ന സാമൂഹിക ബോധത്തിന്റെ സൂചനയായി നോക്കിക്കാണുന്നതിൽ തെറ്റില്ല. എന്നാൽ അതിനെ പൊതുവൽക്കരിച്ച് വാഴ്ത്തിപ്പാടുന്നതിൽ വലിയ പിശകുണ്ട്, ചരിത്ര വിരുദ്ധതയുണ്ട്.
ഭക്ഷണം ബ്രാഹ്മണരേക്കൊണ്ട് പാചകം ചെയ്യിച്ചാലേ വിശിഷ്ടമാവുകയുള്ളൂ എന്ന ചിന്ത നവോത്ഥാനത്തിനും എത്രയോ മുൻപേയുള്ളതാണ്. പ്രധാന സദ്യകളുടെയൊക്കെ പാചകക്കാർ അന്നേ ബ്രാഹ്മണർ തന്നെയാണ്. ബ്രാഹ്മണരോ സവർണ്ണരോ അല്ലാത്തവർ കൈകൊണ്ട് തൊട്ടാലോ അടുത്തെങ്ങാനും പോയാൽപ്പോലുമോ ഭക്ഷണം അശുദ്ധമാവുമെന്ന ജാതി, അയിത്ത സങ്കൽപ്പങ്ങളിലൂന്നിയ പ്രാകൃത ചിന്തയും ഇതിന് കാരണമായി ഉണ്ട്.
"ശുദ്ധ"മായ വെജിറ്റേറിയൻ ഭക്ഷണവും അതുണ്ടാക്കുന്ന കൈപ്പുണ്യമുള്ള ബ്രാഹ്മണനും ഇന്നും കൂടുതൽ ആവേശം പകരുന്നത് ജാതിബോധത്തിലധിഷ്ഠിതമായ ശുദ്ധി-അശുദ്ധി സങ്കൽപ്പങ്ങൾ മനസ്സിൽപ്പേറുന്നവർക്കാണ്. ഇപ്പോഴും കടുമാങ്ങ മുതൽ വറ്റൽ മുളക് വരെ ബ്രാഹ്മണരുടെ ലേബലിലാവുമ്പോൾ കൂടുതൽ വ്യാപാര വിജയം നേടുന്നതും മേൽപ്പറഞ്ഞ ജാതിബോധം പ്രബലമായിത്തന്നെ ഇവിടെ തുടരുന്നതിനാലാണ്.
യഥാർത്ഥത്തിൽ നവോത്ഥാനത്തിന്റെ അട്ടിമറിയാണിത്. ജാതീയതയെ മറികടക്കുക എന്ന നവോത്ഥന ദൗത്യത്തിന്റെ പരാജയമാണിത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിലടക്കം ശക്തമായി നിലനിൽക്കുന്ന ഈ നവോത്ഥാന വിരുദ്ധതയെയാണ് നാം തിരിച്ചറിയേണ്ടതും തിരുത്തേണ്ടതും. അബ്രാഹ്മണർ പാചകം ചെയ്യുന്ന സസ്യേതര വിഭവങ്ങൾ കൂടി വിളമ്പപ്പെടുന്ന ഇടങ്ങളായി നമ്മുടെ കലോത്സവ വേദികൾ നാളെകളിലെങ്കിലും മാറട്ടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.