കൃഷ്ണവേണി അച്ഛനോട് പറഞ്ഞു, കാൻസർ അതിന്റെ ‘പാട്ടിന് പോട്ടെ’
text_fieldsതിരുവനന്തപുരം: വിഖ്യാത കർണാടക സംഗീതജ്ഞൻ ശെമ്മാങ്കുടി ശ്രീനിവാസ ഭാഗവതരുടെ ഓർമകൾ ഉറങ്ങുന്ന ഭാരത് ഭവന്റെ മണ്ണിലിരുന്ന് മകൾ കൃഷ്ണവേണി വീണ വായിക്കുമ്പോൾ രാജീവിന്റെ കണ്ണുകൾ നിറഞ്ഞൊഴുകുകയായിരുന്നു. കാൻസർ പിടിപെട്ട് ഒരിക്കൽ മരണം മുഖാമുഖംകണ്ട ആ മനുഷ്യന്റെ സ്വപ്നത്തിൽപോലും ഇന്നലത്തെ പകലുണ്ടായിരുന്നില്ല. സ്വരങ്ങൾ പൊഴിക്കുന്ന വീണക്കമ്പികളിൽ ഹൃദയം ചേർത്തുവെച്ച കലാകേരളത്തെ. എച്ച്.എസ് വിഭാഗം മത്സരം പൂർത്തിയാക്കി വേദിയിൽ നിന്ന് ഇറങ്ങിവന്ന കൃഷ്ണവേണിക്ക് രാജീവ് നെറുകയിലൊരു മുത്തം നൽകി. അച്ഛന്റെ സ്നേഹത്തിനുമപ്പുറം മരുന്നിനൊപ്പം ജീവിക്കാൻ പ്രേരിപ്പിച്ച ശുദ്ധ സംഗീതത്തിനുള്ളതായിരുന്നു ആ ചുംബനം.
കാൻസർ ബാധിതനായി ബഹ്റൈനിലെ ജോലി ഉപേക്ഷിച്ച് നെയ്യാറ്റിൻകര രാമേശ്വരം ‘തിരുവോണ’മെന്ന വീട്ടിലേക്ക് രാജീവെത്തുമ്പോൾ നാലു വയസ്സായിരുന്നു കൃഷ്ണ വേണിക്ക്. രോഗക്കിടക്കയിലും മകളെ നാലാളറിയുന്ന സംഗീതജ്ഞയാക്കണമെന്നായിരുന്നു ആഗ്രഹം. ചികിത്സ തുടരുമ്പോഴും സംഗീത പഠനം മുടക്കിയില്ല. രോഗം വർധിച്ചപ്പോഴും അവളുടെ പാട്ടുകളായിരുന്നു വേദനസംഹാരി. ഒടുവിൽ കാൻസറിനെ അതിന്റെ ‘പാട്ടിന് വിട്ടപ്പോൾ’ ഒരുവർഷം മുമ്പ് വൈദ്യശാസ്ത്രം പറഞ്ഞു, ‘അദ്ഭുതം’. കഴുത്തിന്റെയും മുഖത്തിന്റെയും ഒരുഭാഗം കാർന്നെടുത്ത രോഗം ഇന്ന് പൂർണമായി ഭേദമായിരിക്കുന്നു. ഈ അദ്ഭുതത്തിന് പിന്നിൽ മരുന്നുകൾക്കൊപ്പം രോഗക്കിടക്കയിൽ മകൾ പാടി നൽകിയ പാട്ടുകളായിരുന്നുവെന്ന് രാജീവ് വിശ്വസിക്കുന്നു.
സ്കൂൾ കലോത്സവങ്ങളിൽ മുമ്പൊക്കെ ശാസ്ത്രീയ സംഗീതത്തിലാണ് കൃഷ്ണവേണി മത്സരിച്ചത്. വീണ കൂടി പഠിക്കാൻ ഉപദേശിച്ചത് സ്കൂളിലെ സംഗീത അധ്യാപിക സരോജമായിരുന്നു. നാലുമാസം മുമ്പ് രാജീവിന്റെ സുഹൃത്തായ കിഷോറിന്റെ സഹായത്തോടെയാണ് 40,000 രൂപ മുടങ്ങി വീണ വാങ്ങിയത്. നാലുമാസം കൊണ്ടു പഠിച്ച ‘പദ്മനാഭ പാഹി...’ എന്ന സ്വാതിതിരുനാൾ കീർത്തനം അവതരിപ്പിച്ചാണ് നെയ്യാറ്റിൻകര ഗേൾസ് ജി.എച്ച്.എസ്.എസിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനി ഇന്നലെ സംസ്ഥാന കലോത്സവത്തിൽ കൈയടി നേടിയത്. അമ്മ രജിത നെയ്യാറ്റിൻകര ഗേൾസ് ജി.എച്ച്.എസ്.എസിലെ താത്കാലിക അധ്യാപികയാണ്. നാലാം ക്ലാസ് വിദ്യാർഥി ശ്രീഹരി നായരാണ് സഹോദരൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.