മണലാരണ്യത്തിൽ മനമുരുകി ഒരമ്മ, സ്നേഹ കസവായി ടീച്ചറമ്മ
text_fieldsഅച്ഛൻ ബാബു വർക് ഷോപ്പിെൻറ പെയിൻറിങ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനത്തിൽ ശ്രീനന്ദയുടെയും ചേട്ടൻ ആദിത്യെന്റയും പഠനം വെല്ലുവിളി ആയപ്പോഴാണ് അമ്മ പ്രവാസിയായത്
തിരുവനന്തപുരം: അറബിയുടെ വീട്ടിലെ ജോലിക്കിടയിൽ 10 മിനിറ്റ് പ്രത്യേകം ചോദിച്ചു വാങ്ങി ശ്രീദേവി നാട്ടിലേക്ക് വിളിച്ചു, മോഹിനിയായി മകൾ വേദിയിൽ നിറഞ്ഞാടുന്നത് കണ്ടു, കൺ നിറഞ്ഞു. ഒന്ന് പുണരാനാകുന്നില്ലല്ലോ എന്ന വ്യഥയിൽ മാതൃഹൃദയം തേങ്ങുന്നത് മനസിലാക്കി മകളായ ശ്രീനന്ദയുടെ മുഖവും വാടി. കരയാൻ വെമ്പി നിന്ന മിടുക്കിയെ ചേർത്തണച്ച് 'മോൾ നന്നായി കളിച്ചു, വിഷമമൊന്നും വേണ്ടാട്ടോ' എന്ന് പറയാൻ മറ്റൊരു അമ്മയും അടുത്തുണ്ടായിരുന്നു. അമ്മയെ പോലെ സ്നേഹിക്കുന്ന ടീച്ചറമ്മ. എച്ച്.എസ്.എസ് വിഭാഗം മോഹിനിയാട്ടം വേദിയിലാണ് മണലാരണ്യത്തിൽ നിന്ന് മകൾക്കായി അമ്മയുടെ വിളിയെത്തിയത്. ഇടുക്കി കുമാരമംഗലം എം.കെ.എൻ.എം എച്ച്.എസ്.എസിലെ പ്ലസ് വൺകാരി ശ്രീനന്ദ ബാബുവിന്റെ മത്സര വേദികളിൽ അമ്മയായിരുന്നു കൂട്ട്. തൊടുപുഴ മടക്കത്താനം തേവരുപാറയിൽ വാടക വീട്ടിൽ കഴിയുന്ന കുടുംബത്തിന്റെ പ്രാരാബ്ധം ശ്രീദേവിയെ ഒരു മാസം മുമ്പാണ് കുവൈറ്റിൽ എത്തിച്ചത്. അച്ഛൻ ബാബു വർക് ഷോപ്പിന്റെ പെയിന്റിങ് ജോലി ചെയ്ത് കിട്ടുന്ന തുച്ഛ വരുമാനത്തിൽ ശ്രീനന്ദയുടെയും ചേട്ടൻ ആദിത്യന്റെയും പഠനം വെല്ലുവിളി ആയപ്പോഴാണ് അമ്മ പ്രവാസിയായത്. അമ്മ കൂടെയില്ലാത്ത സങ്കടം ശ്രീനന്ദയെ അറിയിക്കാതെ നൃത്താധ്യാപിക രമ്യ ഹരീഷ് ആണ് കൂടെ നിൽക്കുന്നത്. മൂന്നര വയസിൽ തുടങ്ങിയ നൃത്തപഠനമാണ്. നൃത്തം പഠിപ്പിക്കാൻ പണമൊന്നും രമ്യ വാങ്ങാറില്ല. സംസ്ഥാനത്ത് കളിക്കാനുള്ള കസവ് കുപ്പായവും ടീച്ചറമ്മയുടെ വക തന്നെ.
അമ്മയുടെ ആദ്യ ശമ്പളത്തിൽ നിന്ന് പണമെടുത്ത് ആണ് ആഭരണങ്ങൾ വാടകക്കെടുത്തത്. മകൾക്കൊപ്പം എത്താൻ കൊതിച്ചിട്ടും കഴിഞ്ഞില്ലെന്ന സങ്കടത്തിനിടയിലും മകളുടെ നൃത്തം കൂടെ ജോലി ചെയ്യുന്ന ആഫ്രിക്കൻ സ്വദേശിയെ ഉൾപ്പെടെ കാണിച്ച് സന്തോഷം പങ്കിട്ട് ശ്രീദേവി വീണ്ടും ജോലിത്തിരക്കിലേക്ക് തിരിഞ്ഞു. മകളുടെ നൃത്താധ്യാപികയാകാനുള്ള സ്വപ്നത്തിന് ഇനിയുമേറെ അധ്വാനം ബാക്കിയാണല്ലോ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.