മകള്‍ക്ക് നിലാവാണീ അമ്പിളിക്കല
text_fieldsതിരുവനന്തപുരം: രണ്ടര പതിറ്റാണ്ടു മുമ്പ് മനസിൽ വിങ്ങലായി അവശേഷിച്ച സ്വപ്നം മകളിലൂടെ നേടിയെടുത്തതിന്‍റെ സന്തോഷത്തിലായിരുന്നു പറവൂർ സ്വദേശി അമ്പിളി ബോസ്. സംസ്ഥാന സ്കൂൾ കലോത്സവവേദിയില്‍ ചിലങ്ക അണിയുകയെന്നത് ചെറുപ്പകാലം മുതലുള്ള ആഗ്രഹമായിരുന്നു.
എറണാകുളം ജില്ല കലോത്സവത്തിൽ ഭരതനാട്യത്തിൽ ഒന്നാം സ്ഥാനം നേടിയെങ്കിലും, സംസ്ഥാന കലോത്സവത്തിൽ പങ്കെടുക്കാൻ മാതാപിതാക്കളായ യാഥാസ്ഥിതികത അനുവദിച്ചില്ല. ദൂരസ്ഥലങ്ങളിൽപോയുള്ള ഡാൻസൊന്നും വേണ്ടെന്ന് അവർ തറപ്പിച്ചു പറഞ്ഞു. കരഞ്ഞ് കാലുപിടിച്ചിട്ടും പട്ടിണി കിടന്നിട്ടും മാതാപിതാക്കൾ വഴങ്ങിയില്ല.
അന്ന് തോറ്റു കൊടുത്തെങ്കിലും ഒരു കാര്യം അമ്പിളി മനസ്സിൽ ഉറപ്പിച്ചു. തനിക്ക് ഒരു പെൺകുട്ടിയുണ്ടായാൽ അവളെ വീട്ടിനുള്ളിൽ തളച്ചിടാതെ നാലാളറിയുന്ന കലാകാരിയാക്കി വളർത്തണം. ഒടുവില്‍ ആ ശപഥം ഇന്നലെ തിരുവനന്തപുരത്ത് നിറവേറ്റി.
എച്ച്.എസ്.എസ് വിഭാഗം പെണ്‍കുട്ടികളുടെ മോണാ ആക്ട് മത്സരത്തിൽ മകള്‍ എന്‍.കെ ആലിയ വേദിയെ 'പൊളിച്ചടുക്കിയപ്പോൾ' സദസിൽ താരമായത് അമ്മ അമ്പിളിയായിരുന്നു. സമൂഹമാധ്യമങ്ങളില്‍ വൈറലാകാൻ എന്ത് ആഭാസത്തരവും കാണിച്ചുകൂട്ടുന്ന പുതിയകാലത്തെ അവതരിപ്പിച്ചായിരുന്നു പറവൂർ നോർത്ത് എസ്.എൻ.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥി എ ഗ്രേഡ് നേടിയത്.
കലാഭവൻ നൗഷാദായിരുന്നു പരിശീലകൻ. കഴിഞ്ഞ വര്‍ഷം എറണാകുളം ജില്ല കലോത്സവത്തില്‍ ഇതേ മോണോ ആക്ട് അവതരിപ്പിച്ചെങ്കിലും അഭിനയത്തിനിടക്ക് കൂളിങ് ഗ്ലാസ് ഉപയോഗിച്ചെന്ന് ആരോപിച്ച് മൂന്നാം സ്ഥാനമായിരുന്നു വിധികർത്താക്കൾ നൽകിയത്. ആ മോണോ ആക്ട് തന്നെ സംസ്ഥാന വേദിയിൽ അവതരിപ്പിക്കണമെന്നത് അമ്പിളിയുടെയും പരിശീലകൻ നൗഷാദിന്‍റെയും വാശിയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.