തുടർച്ചയായി രണ്ടാം വർഷവും യദുകൃഷ്ണ റാം മികച്ച നടൻ; അശ്വയ കൃഷ്ണ മികച്ച നടി
text_fieldsതിരുവനന്തപുരം: സംസ്ഥാന സ്കൂൾ കലോത്സവത്തിൽ തുടർച്ചയായി രണ്ടാം വർഷവും കോഴിക്കോട് കോക്കല്ലൂർ ജി.എച്ച്.എസ്.എസിലെ യദുകൃഷ്ണ റാം മികച്ച നടനായി. ആദ്യമായി നാടകത്തിലഭിനയിച്ച് മിന്നും പ്രകടനം കാഴ്ചവെച്ച കോഴിക്കോട് മാനാഞ്ചിറ ബി.ഇ.എം എച്ച്.എസ്.എസിലെ അശ്വയ കൃഷ്ണയാണ് മികച്ച നടി. ഇരുവരിലൂടെയും ഹയർസെക്കൻഡറി വിഭാഗം മികച്ച നാടക നടൻ, നടി പട്ടം കോഴിക്കോട് സ്വന്തമാക്കി. കോക്കല്ലൂർ എച്ച്.എസ്.എസ് നേരിട്ടും ബി.ഇ.എം എച്ച്.എസ്.എസ് അപ്പീൽ വഴിയുമാണ് മേളക്കെത്തിയത്.
കോക്കല്ലൂരിന്‍റെ ഏറ്റം നടകത്തിലെ മാരി എന്ന അനയുടെ രണ്ട് കാലഘട്ടം, സർക്കാർ പ്രതിനിധി എന്നിങ്ങനെ മൂന്ന് കഥാപാത്രങ്ങൾ അനശ്വരമാക്കിയാണ് യദു മികച്ച നടനായത്. തൃശൂർ സ്വദേശി നിഖിൽ ദാസിന്‍റേതാണ് രചനയും സംവിധാനവും. തുടർച്ചയായി ഒമ്പതാം വർഷമാണ് നാടകത്തിൽ കോക്കല്ലൂർ വിജയഗാഥ തീർക്കുന്നത്. രാമചന്ദ്രൻ-ഹിമ ദമ്പതികളുടെ ഏക മകനാണ് യദു.
ചേളന്നൂർ സ്വദേശി കെ. ബിനീഷ് സംവിധാനം ചെയ്ത ‘ഫൈറ്റർ’ നാടകത്തിലെ ചിന്ന എന്ന കേന്ദ്ര കഥാപാത്രത്തെയാണ് ബി.ഇ.എമ്മിലെ അശ്വയ അനശ്വരമാക്കിയത്.
ഗുസ്തി താരം വിനേഷ് ഫോഗട്ടിന്‍റെ ജീവിതം പ്രമേയമാക്കി രചിച്ച നാടകത്തിൽ സംവരണം ഒഴിവാക്കൽ, ഏക സിവിൽ കോഡ്, നീതി നിഷേധങ്ങൾ അടക്കമുള്ളവയാണ് പ്രമേയം. മേക്കപ്പ്മാൻ കക്കോടി സ്വദേശി ഷനോജിന്‍റെയും നൃത്ത അധ്യാപിക സ്മിതയുടെയും മകളാണ് അശ്വയ കൃഷ്ണ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.