കോൽത്താളത്തിൽ കൊട്ടിക്കയറി ഫലസ്തീൻ
text_fieldsതിരുവനന്തപുരം: ‘ഒരു കുഞ്ഞുമോളുടെ ചിതറിയ ചിരി വാരി മലക്കുകൾ റബ്ബിന്റെ മുമ്പിൽ വന്നു…ഇന്നിയെന്തുവേണമെന്നാരാഞ്ഞപ്പോൾ അവളുടെ കണ്ണുകൾ ഭൂമിയിലേക്ക് താണു…ഗസയിൽ തന്നെ പോയ് പാർക്കണം ഇനിയും ശഹീദായ് മടങ്ങണമെന്നവണ്ണം...’ കറുത്ത തുണി കൊണ്ട് കണ്ണുമൂടികെട്ടി തലശ്ശേരി ചിറക്കര ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ കുട്ടികൾ കോൽ കൊട്ടി കയറിയപ്പോൾ പാടിയ വരികളാണിത്. സംസ്ഥാന സ്കൂൾ കലോത്സവ വേദിയെ കോരിത്തരിപ്പിച്ചും അമ്പരിപ്പിച്ചുമാണ് അധിനിവേശത്തിൽ വേവുന്ന ഫലസ്തീൻ മണ്ണിനുള്ള ഐക്യദാർഢ്യത്തിന്റെ കോൽതാളം മുഴങ്ങിയത്. കലോത്സവത്തിലെ കോൽക്കളി മത്സരങ്ങളിൽ ഇങ്ങനെയൊരു കൺകെട്ടും പാട്ടുവരികളും ആരും കണ്ടിട്ടുമില്ല പ്രതീക്ഷിച്ചിട്ടുമില്ല.
ഗവ. വിമൻസ് കോളജിലെ പെരിയാർ വേദിയിൽ തിങ്ങി നിറഞ്ഞ സദസിനെ ആശ്ചര്യപ്പെടുത്തുന്ന പ്രകടനമാണ് വിദ്യാർഥികൾ കാഴ്ചവെച്ചത്. ഫലസ്തീനിലെ കുഞ്ഞുങ്ങളെയടക്കം കൊന്നൊടുക്കുന്ന യുദ്ധ ഭീകരതക്കെതിരെയുള്ള ഓർമപ്പെടുത്തലായിരുന്നു കണ്ണൂർ ടീമിന്റെ അപ്രതീക്ഷിത പ്രകടനത്തിലൂടെ വേദി സാക്ഷ്യം വഹിച്ചത്. ജില്ല കലോത്സവത്തിൽ ഒന്നാം സ്ഥാനം നേടി സംസ്ഥാന കലോത്സവത്തിൽ പോവുമ്പോൾ ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യവുമായി യുദ്ധത്തിനെതിരെ കൺകെട്ടി കോൽക്കളി കളിക്കണോ എന്ന് പരിശീലകർ ചോദിച്ചു. റിസ്ക്ക് എടുക്കേണ്ടി വരുമെന്നും എ ഗ്രേഡ് നഷ്ടപ്പെടാൻ സാധ്യതയുണ്ടെന്നും പരിശീലകർ അവരെ ഓർമപ്പെടുത്തി. കേട്ടപ്പാടെ ഞങ്ങൾ ഡബിൾ ഒക്കെയാണ് സാറെയെന്ന് ടീമിലെ 12 മത്സരാർഥികളും പറഞ്ഞു. കുട്ടികളുടെ പൂർണ സമ്മതം ലഭിച്ചതോടെ പരിശീലകർ ഫലസ്തീനുമായി ബന്ധപ്പെട്ട പുതിയ രണ്ട് പാട്ടുകൾ പുതുതായി എഴുതിപ്പിച്ചു. എന്നാൽ ഫലം വന്നപ്പോൾ എ ഗ്രേഡുമായി അഭിമാനത്തോടെയാണ് കണ്ണൂർ സ്ക്വാഡ് മടങ്ങിയത്. ഒരു മാസം നീണ്ട കൺകെട്ടി പരിശീലനത്തിൽ ചിലർക്ക് പരിക്കും പറ്റിയിരുന്നു. ഇതിനിടെ കലോത്സവ ദിവസം ഒരാൾക്ക് പനിയും പിടിച്ചു. അവസാനം എല്ലാ പ്രതിസന്ധികളും തരണം ചെയ്താണ് അവർ യുദ്ധങ്ങൾക്കെതിരെ കണ്ണുകെട്ടി കോൽക്കളി കളിച്ച് പ്രതികരിച്ചപ്പോൾ സദസ് ഒന്നടങ്കം എണീറ്റ് കൈയടിച്ചു. ഷെഫിൻ, മിസ്ഹബ്, മിൽഹാൻ, മാസിൻ, ഷാസ്, റാഹിദ്, നജാൽ, റഷ്ദാൻ, ഹാദി, മിറാസ്, സിനാൻ, അഹ്ബാൻ എന്നിവരാണ് ടീമിൽ അണിനിരന്നത്. അൽ മുബാറക് കോൽക്കളി സംഘത്തിലെ അബ്ബാസ് ഗുരിക്കൾ, മുഹമ്മദ് റബിൻ എന്നിവരുടെ കീഴിലായിരുന്നു പരിശീലനം.
കണ്ണൂരും തൃശൂരും ഒപ്പത്തിനൊപ്പം
തിരുവനന്തപുരം: നാലുനാൾ കലയുടെ നിലാമഴ പെയ്ത നാട്ടിൽ മഹാകൗമാര മേളക്ക് ഇന്ന് കൊടിയിറക്കം. പത്തരമാറ്റുള്ള കലാകിരീടത്തിനായി അവസാന നാളിലേക്ക് കടക്കുമ്പോഴും ഇഞ്ചോടിഞ്ച് പോരാട്ടമാണ്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ കണ്ണൂരും തൃശൂരുമാണ് ഒപ്പത്തിനൊപ്പം നിൽക്കുന്നത്. തൊട്ടുപിന്നിൽ പാലക്കാടും കോഴിക്കോടും.
സ്കൂളുകളിൽ പാലക്കാട് ആലത്തൂർ ബി.എസ്.എസ് ഗുരുകുലം ഹയർസെക്കൻഡറി സ്കൂളാണ് മുന്നിൽ. ബുധനാഴ്ച ഉച്ചക്ക് രണ്ടോടെ മത്സരങ്ങൾ പൂർത്തിയാകുന്ന രീതിയിലാണ് ഒരുക്കങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.