സ്വപ്ന വേദിക്കായി അഖിനിന്റെ ത്യാഗം; കഥയല്ലിത് ജീവിതം
text_fieldsതിരുവനന്തപുരം: ഈ പറയുന്നത് സിനിമയല്ല, കഥയുമല്ല, അഖിനിന്റെ ജീവിതമാണ്. പറക്കമുറ്റാത്ത രണ്ട് സഹോദരിമാരെയും തന്നെയും പെരുവഴിയിലുപേക്ഷിച്ച് മാതാപിതാക്കൾ സ്വന്തം കാര്യം നോക്കിപ്പോയപ്പോൾ വീട്ടിലെ ഇരുട്ടമുറിയിൽ വാവിട്ടുകരഞ്ഞ ഏഴു വയസ്സുകാരന് പ്രായം ഇപ്പോൾ പത്തൊമ്പത്.
സഹോദരിമാരുടെ വിശപ്പകറ്റാന്‍, ആരും അവരുടെ മാനത്തിന് വില പറയാതിരിക്കാൻ 14 വയസ്സില്‍ നൃത്തഅധ്യാപകനായ ഈ പ്ലസ്ടുകാരന്റെ ഇതുവരെയുള്ള ജീവിതം സിനിമകഥയെ വെല്ലും.
അഖിന് രണ്ട് വയസ്സുള്ളപ്പോഴാണ് അച്ഛൻ മറ്റൊരു ജീവിതം തേടിപ്പോയത്. ഏഴാം വയസ്സിൽ അമ്മയും ഉപേക്ഷിച്ചതോടെ അഖിനും ചേച്ചി അഖിലക്കും അനുജത്തി ആതിരക്കും അമ്മൂമ്മ സരസ്വതി മാത്രമായി ആശ്രയം. അമ്മൂമക്ക് വീട്ടുജോലി ചെയ്തുകിട്ടുന്നത് അന്നത്തിനുപോലും തികയാതെ വന്നതോടെ മൂവരെയും പ്രീമെട്രിക് സ്കൂളിലാക്കി. മൂന്നിൽ പഠിക്കുമ്പോഴാണ് അഖിനിന്റെ നൃത്ത താൽപര്യം അധ്യാപകർക്ക് മനസ്സിലാകുന്നത്.
പരാധീനതകളിൽ നൃത്തവും പഠനവും പാതിവഴിയിൽ ഉപേക്ഷിച്ച് ജോലിക്കിറങ്ങാൻ ഒരുഘട്ടത്തിൽ അഖിൻ തീരുമാ നിച്ചെങ്കിലും അധ്യാപകരായ സുനില്‍കുമാറും ഗൗതം മഹേശ്വറും ചേർന്ന് തുടർന്നുള്ള കാലം ഈ മിടുക്കനെ സൗജന്യമായി നൃത്തം അഭ്യസിപ്പിക്കുകയായിരുന്നു.
ചൊവ്വാഴ്ച എച്ച്.എസ്.എസ് കുച്ചിപ്പുടിയിൽ എ ഗ്രേഡ് നേടിയ അഖിൻ, കഴിഞ്ഞ ദിവസം ഭരതനാട്യത്തിലും എ ഗ്രയിഡ് നേടിയിരുന്നു. പഠനത്തോടൊപ്പം ജീവിതം മുന്നോട്ടുകൊണ്ടുപോകാൻ വെഞ്ഞാറമൂട് ജങ്ഷനിൽ 'തസ്മയി' നൃത്തവിദ്യാലയവും ആരംഭിച്ചു. അവിടെ നിന്നുള്ള വരുമാനം കൊണ്ടാണ് ആറുമാസം മുമ്പ് ആദ്യ സഹോദരി അഖിലയുടെ വിവാഹം അച്ഛന്റെ സ്ഥാനത്തുനിന്നും അഖിൻ നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.