'അച്ഛനാണ് ഗുരു'; കാലകേയവധത്തിലെ അർജുനനായി അരങ്ങിലാടി അഭിജിത്
text_fieldsതിരുവനന്തപുരം: കാലകേയവധത്തിലെ അർജുനനായി അരങ്ങിലാടുകയായിരുന്നു അഭിജിത് പ്രശാന്ത്. മാനസപുത്രനായ അർജുനനെ കൺകുളിർക്കെ കണ്ട് വേദിക്കുപുറത്ത് പിതാവ് കലാമണ്ഡലം പ്രശാന്തും. കൊല്ലം പന്മന മനയിൽ എസ്.ബി.വി.എസ്.ജി.എച്ച്.എസ്.എസിലെ പത്താംക്ലാസ് വിദ്യാർഥിയായ അഭിജിത്തിനെ കഥകളി അഭ്യസിപ്പിച്ചത് പിതാവാണ്.
രണ്ടാംക്ലാസ് മുതൽ കഥകളി പഠിക്കുന്നു. മൂന്നാംക്ലാസിൽ അരങ്ങേറ്റം നടത്തി. കുട്ടിത്തരം, ഇടത്തരം വേഷങ്ങളാണ് ചെയ്യുന്നത്. മണ്ണൂർക്കാവ് കഥകളി പഠനകേന്ദ്രത്തിലെ അധ്യാപകനായ പ്രശാന്തിന് സ്ത്രീവേഷങ്ങളധികം അവതരിപ്പിക്കാനായിട്ടില്ലെങ്കിലും അഭിജിത്ത് നിരവധി വേഷങ്ങൾ ചെയ്തു.
അഞ്ജനയാണ് മാതാവ്. അനിയൻ ഒന്നാംക്ലാസുകാരനായ അദ്വൈതും കഥകളി അഭ്യസിക്കുന്നുണ്ട്. കഴിഞ്ഞ വർഷം ശബരിമലയിൽ അഭിജിത്ത് മാളികപ്പുറമായും അദ്വൈത് അയ്യപ്പനായും കഥകളി അവതരിപ്പിച്ചിരുന്നു. സംസ്ഥാന സ്കൂൾ കലോത്സവം ഹൈസ്കൂൾ വിഭാഗം കഥകളിയിൽ എ ഗ്രേഡ് ഉണ്ട് അഭിജിത്തിന്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.