തൊട്ടതെല്ലാം പൊന്നാക്കി ഹെമിൻ സീഷ; ഇത്തവണയും ഹാട്രിക് എ ഗ്രേഡ്
text_fieldsതിരുവനന്തപുരം: പങ്കെടുത്ത മൂന്ന് ഇനങ്ങളിലും എ ഗ്രേഡ് നേടിയാണ് വയനാട് പിണങ്ങോട് ഡബ്ല്യു.ഒ.എച്ച്.എസ്.എസ് പ്ലസ് വൺ വിദ്യാർഥിയായ ഹെമിൻ സീഷ സംസ്ഥാന സ്കൂൾ കലോത്സവ വേദിയിൽ നിന്ന് മടങ്ങുന്നത്. ഗസൽ, ഒപ്പന, മാപ്പിളപ്പാട്ട് എന്നിവയിലാണ് ഇത്തവണയും ഹെമിന്‍റെ നേട്ടം. കഴിഞ്ഞ തവണ കൊല്ലത്ത് നടന്ന കലോത്സവത്തിലും ഹെമിൻ മൂന്നിലും എ ഗ്രേഡ് നേടിയിരുന്നു.
‘യേ മൊജ്സ ഭി മൊഹബ്ബത്ത് കഭി ദിഖായെ മുജെ’’ എന്ന് തുടങ്ങുന്ന ഗസലാണ് ഹെമിൻ ആലപിച്ചത്. ഒപ്പനപ്പാട്ടിലും ഹെമിൻ കസറി. ഇന്നലെ നടന്ന മാപ്പിളപ്പാട്ടിലും എ ഗ്രേഡ് നേടിയതോടെയാണ് ഹാട്രിക് നേട്ടം കൊയ്തത്. ഗസലിലും ഒപ്പനയിലും തുടർച്ചയായ മൂന്നാംതവണയാണ് എ ഗ്രേഡ് നേടുന്നത്. മർവയുടെ നേതൃത്വത്തിലുള്ള ഒപ്പന ടീമിൽ നിബ ഫാത്തിമ, അമീന മനാൽ, മിൻഹ ഫാത്തിമ, നിയ മെഹറിൻ, അയോണ സുനിൽ, ആയിഷ കെ.വി, നഷ്വ നവാസ്, ദിന ഫാത്തിമ എന്നിവരാണ് ഹെമിനെകൂടാതെ മറ്റ് അംഗങ്ങൾ.
നാലാംക്ലാസുവരെ സി.ബി.എസ്.ഇ സ്കൂളിലായിരുന്നു ഹെമിന്‍റെ പഠനം. സ്കൂൾ കലോത്സവത്തിൽ പങ്കെടുക്കാനുള്ള ആഗ്രഹം കൂടി പരിഗണിച്ചാണ് പിന്നീട് കേരള സിലബസിലേക്ക് മാറിയത്. അത് വെറുതെയായില്ലെന്ന് ഹെമിൻ തെളിയിക്കുകയാണ്.
അധ്യാപക ദമ്പതികളായ അബ്ദുൽസലാമിന്റെയും മറിയത്തിന്റെയും മകളാണ് ഹെമിൻ. ഫോർട്ട് കൊച്ചിയിലെ സഫ്ലയുടെ കീഴിലാണ് ഗസൽ പരിശീലനം. സഹോദരി ഡോ. റഷ അഞ്ചലയും നേരത്തെ ഗസലിലും മാപ്പിളപ്പാട്ടിലും സംസ്ഥാനതലത്തിൽ മികവ് തെളിയിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.